തിന്മകളുടെ പ്രയോക്താക്കൾക്ക് അലോസരങ്ങൾ സൃഷ്ടിക്കുന്നതാണ് വിശ്വാസി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം. അതുയര്ത്തിപ്പിടിക്കുന്നവരെ പൈശാചികവത്കരിച്ചും ദ്രോഹിച്ചും അതിനെ ഇല്ലായ്മ ചെയ്യാൻ എക്കാലത്തും തിന്മയുടെ വക്താക്കള്‍ അക്ഷീണം പ്രയത്നിച്ചിട്ടുമുണ്ട്. അവയുണ്ടാക്കുന്ന പ്രതിസന്ധികളുടെ തീക്ഷ്ണമായ സന്ദര്‍ഭങ്ങളില്‍ തന്നെയാണ് പ്രതീക്ഷയുടെ പുതിയ വഴികൾ വിശ്വാസികള്‍ക്കു മുന്നില്‍ തുറക്കാറുമുള്ളത്.
ഇസ്ലാമിക ചരിത്രത്തിലെ പ്രതിസന്ധി നിറഞ്ഞ ഒരു സന്ദര്‍ഭമായിരുന്നല്ലോ ഹിജ്റ. സ്വന്തം നാടും വീടും വേണ്ടപ്പെട്ടവരും സമ്പത്തും എല്ലാം ഉപേക്ഷിച്ച് വിശ്വാസികള്‍ പലായനം ചെയ്ത ആ സന്ദര്‍ഭത്തെ അവിശ്വാസികൾ അന്ന് എങ്ങനെയായിരിക്കും നോക്കിക്കണ്ടിട്ടുണ്ടാവുക? “തീര്‍ന്നു, എല്ലാം തീര്‍ന്നു. ഇനി ഈ ആദര്‍ശവും പറഞ്ഞ് ഇവരാരും ഈ വഴിക്ക് വരില്ല” എന്നായിരിക്കുമല്ലോ? എന്നാൽ യഥാർഥത്തില്‍ സംഭവിച്ചത് എക്കാലത്തും മനുഷ്യസമൂഹത്തിന് മാതൃകയായ ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ഹിജ്റ വഴിയൊരുക്കി എന്നതാണ്.
പല വാതിലുകളും നമുക്ക് മുന്നില്‍ അടക്കപ്പെടുമ്പോൾ നമുക്കായി അല്ലാഹു മറ്റൊരു വാതിൽ തുറന്നുവെച്ചിരിക്കുന്നു. നമുക്കത് കാണാന്‍കഴിയാതെ പോകുന്നത് ഈമാനിന്റെയും സബ്റിന്റെയും കുറവുകൊണ്ടാണ്. അല്ലാഹുവിന്റെ സഹായം തക്ക സമയത്ത് വന്നെത്തുകതന്നെ ചെയ്യും. അസ്തമയത്തിനു ശേഷം ഉദയമുണ്ടാകും.
തുരങ്കം താണ്ടിയാൽ വെളിച്ചം ലഭിക്കും. അല്ലാഹു ഓരോ സത്യവിശ്വാസിക്കും നല്കുന്ന വാഗ്ദാനമാണ് “തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ എളുപ്പമുണ്ടായിരിക്കും’’എന്നത്. അതെ, പ്രയാസത്തിന് ശേഷമല്ല പ്രയാസത്തോടൊപ്പം തന്നെയാണ് എളുപ്പവും. അത് തിരിച്ചറിയാന്‍ തഖ്വയുടെയും സ്വബ്റിന്റെയും ഉള്‍ക്കരുത്ത് അനിവാര്യമാണ്.
അഹങ്കാരത്തിന്റെ ഉത്തുംഗതയില്‍ തന്നെയാണ് പടുകുഴിയിലേക്കുള്ള വീഴ്ച്ചയുടെ ആരംഭവും. ഖുര്‍ആന്‍ വിവരിച്ചുതന്നിട്ടുള്ള ഫിര്‍ഔനിന്റെയും കൂട്ടരുടെയും പതന കഥ അതാണ് പഠിപ്പിക്കുന്നത്. ഒരു ഹിറ്റ്ലറും അധിക കാലം വാണിട്ടില്ല. അവരുടെ പതനം വളരെ നിന്ദ്യമായ അവസ്ഥയിലായിരിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്.
അന്തിമ വിജയം വിശ്വസികള്ക്കുള്ളതാണ്. എന്നാൽ അതിനു നാം അര്‍ഹത നേടണം. ഉറച്ച വിശ്വാസത്തോടെ, പതറാത്ത കാല്‍വെപ്പോടെ, ദീനിന്റെ അടിത്തറയില്‍നിന്നുകൊണ്ട് നല്ല ലോകം കെട്ടിപ്പടുക്കാൻ സന്നദ്ധരാണ് എന്ന് തെളിയിക്കുക എന്നതാണ് പ്രധാനം. അതിന് പലതില്‍നിന്നും നാം ഹിജ്റ പോകേണ്ടിവരും. സുഖ സൗകര്യങ്ങള്‍ ത്യജിക്കേണ്ടിവരും. അതിനുള്ള ഏറ്റവും നല്ല പരിശീലനമാണ് റമദാനില്‍ വിശ്വാസിക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.