ശഅ്ബാനും കടന്ന് റമദാനെത്തുന്നതോടെ എന്നും ഓർമയിലേക്ക് ഓടിയെത്തുന്ന ഒരുപാട് ഗൃഹാതുരമായ കാലങ്ങളുണ്ട്. പ്രവാസജീവിതത്തിന്റെ വിരസതക്കിടയിൽ മുറിയിലെത്തി ഒന്ന് കണ്ണടക്കുമ്പോൾ കോഴിക്കോട് ജില്ലയിലെ ചെറുവാടിയെന്ന ഞങ്ങളുടെ നാടും കൂട്ടുകാരുമെല്ലാം വന്നുചേരും. അതിമനോഹരമായിരുന്നു ഞങ്ങളുടെ ഗ്രാമം. ഒരു ഉസ്താദ് മാത്രമുള്ള മദ്റസയിൽ നിന്നാണ് നോമ്പോർമകളുടെ തുടക്കം. വെറ്റില മുറുക്കി തലയിൽ വെള്ളക്കെട്ട് കെട്ടി മനോഹരമായി അദ്ദേഹം ഖുർആൻ ഓതിയിരുന്നു.
തൊട്ടടുത്ത് തന്നെ കൊച്ചു ഓടിട്ട സ്കൂളും. നോമ്പുകാലം ഞങ്ങളുടെ ആഹ്ലാദകാലമായിരുന്നു. വറുതിയുടെ കാലത്ത് എന്നും നോമ്പു നോൽക്കുന്ന ഞങ്ങൾക്ക് വൈകുന്നേരം വയറുനിറയെ വാട്ടിയ കപ്പയും ഉണക്കമീൻ കറിയും പാലൊഴിച്ച ചായയും കുടിക്കാം. ഞങ്ങളുടെ ഗ്രാമമായ ചെറുവാടി ചുള്ളിക്കാപറമ്പിലെ റോഡിനു നടുവിൽ ഒരു വലിയ മരം ഉണ്ടായിരുന്നു. റോഡിന്റെ ഓരങ്ങളിൽ ചന്തയും. തെരുവോരങ്ങളിൽ മരപ്പലക കൊണ്ട് മൂടിയ ചെറിയ പീടിക മുറികൾ. അതിന്റെ പുറത്ത് ഉപ്പു നിറച്ച പത്തായങ്ങൾ. നോമ്പുകാലം രാത്രിയാമങ്ങളിൽ വരെ ആരവങ്ങൾ നിറഞ്ഞ കാലമായിരുന്നു.
മലയോര മേഖലയിലെ ചന്തയുണ്ടായിരുന്നത് ചെറുവാടിയിൽ ആയിരുന്നു. ചാലിയാർ പുഴയുടെ തീരത്ത് രാത്രിയിൽ ഒരു ചായ മക്കാനി ഉണ്ടായിരുന്നു. ചെറുവാടിയെത്തുന്ന മലഞ്ചരക്കുകൾ കോഴിക്കോട് അങ്ങാടിയിൽ കൊണ്ടുപോയി വിറ്റ് അവിടെനിന്ന് അരിയും പലവ്യഞ്ജനങ്ങളുമായി തിരിച്ചുവന്ന് കച്ചവടം ചെയ്യുന്ന ഒരു ജനതയുടെ അതിജീവനമായിരുന്നു അത്. നോമ്പു കാലത്ത് രാത്രിയുടെ അന്ത്യയാമങ്ങൾ കഴിഞ്ഞ് പുലരുവോളം ചെറുവാടി ചുള്ളിക്കാപറമ്പ് അങ്ങാടി പുരുഷാരം കൊണ്ട് നിറയും. തറവാട് വീട് മദ്റസയുടെ തൊട്ടുമുന്നിലായിരുന്നു. അതുകൊണ്ടുതന്നെ അങ്ങാടിയും ആരവങ്ങളും ഞങ്ങളുടെ വീട്ടുമുറ്റത്തുനിന്ന് കേൾക്കാം.
അങ്ങാടിയിൽനിന്ന് നോമ്പു തുറന്നതിനു ശേഷമുള്ള കാഴ്ചയും മണവും ഇന്നും ഓർമയിലുണ്ട്. നടുക്കുള്ള മരച്ചുവട്ടിൽ ഒരു വലിയ മുറത്തിൽ ബീഡി ഉണ്ടാക്കി വിൽക്കുന്നവരായിരുന്നു പ്രധാന സാന്നിധ്യം. നോമ്പുകാലത്ത് വാസനബീഡിയാണ് സ്പെഷൽ. അതിന്റെ മണം കാറ്റിലൂടെ ഒഴുകിയെത്തുമ്പോൾ കുട്ടികളായ ഞങ്ങളും അങ്ങാടിയിലേക്ക് ഓടിപ്പോകും. കൂട്ടംകൂടി മരത്തിന് ചുറ്റും മണം പിടിച്ച് നിൽക്കും. വാസനബീഡി കുട്ടികൾ വലിക്കുന്നത് തെറ്റല്ല എന്ന ചിന്ത മുതിർന്നവർക്ക് ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ബീഡി വലിക്കുന്നവർ പകുതിയാകുമ്പോൾ ഞങ്ങൾക്ക് സ്നേഹത്തോടെ തന്നു. ഞങ്ങൾ അത് മൂക്കിൽ വലിച്ചുകയറ്റി ഗന്ധം ശ്വസിച്ചു. നോമ്പുകാലത്ത് രാത്രിയിലും കളിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. രാത്രിയിൽ വൈകിയാലും ആരും ശാസിച്ചില്ല. നോമ്പിന്റെ ആനുകൂല്യത്തിൽ ഞങ്ങൾ കളിച്ചുതിമിർത്തു നടന്നു. അത് സ്നേഹത്തിന്റെ കാലമായിരുന്നു. വറുതിയുടെ കാലത്ത് നോമ്പിനായി എല്ലാവരും കൊതിയോടെ കാത്തിരിക്കും.
ചാലിയാർ പുഴയുടെ തീരം റമദാൻ നിലാവിൽ കുളിച്ചുനിൽക്കുമ്പോൾ പുരുഷാരം നിറഞ്ഞ തോണി അടുക്കുന്നതും ആ തോണി കയറി അവർ തിരിച്ചുപോകുന്നതും ഒരുപാട് നോക്കിനിന്നു. അന്ന് പുഴക്ക് തീരവും പുഴയിൽ തോണിക്കാരനും ഉണ്ടായിരുന്നു. കാലചക്രം എത്ര വേഗമാണ് ഉരുണ്ടുപോയത്. അന്ന് ചെറുവാടി പുതിയേടത്ത് പള്ളിയിൽ നോമ്പുതുറ അറിയിക്കാൻ വലിയ ശബ്ദമുള്ള പടക്കം പൊട്ടിച്ചിരുന്നു.
ആ പടക്കം പഴംപറമ്പും തടായി കുന്നും തെനെങ്ങ പറമ്പും താണ്ടി കുന്നിൽ തട്ടി പ്രതിധ്വനിച്ച് തിരിച്ചുവന്നു. വെടിപൊട്ടിയാൽ ഞങ്ങൾ കുട്ടികൾ മധുരനാരങ്ങയിട്ട വെള്ളം കുടിക്കാൻ പള്ളിയിലേക്ക് ഓടും. മനോഹരമായ നോമ്പുകാലം ഗതകാല സ്മൃതിയായി ഇന്നും മനസ്സിൽ നിറയുകയാണ്. ചുണ്ടിൽ ഇപ്പോഴും ആ വെള്ളത്തിന്റെ രുചിയുണ്ട്. മൂക്കിലിപ്പോഴും വാസനബീഡിയുടെ ഗന്ധമുണ്ട്. വെടിപൊട്ടുമ്പോൾ പുഞ്ചപ്പാടത്തുനിന്ന് പാറി അകന്നുപോകുന്ന വെള്ളക്കൊറ്റികളുടെ കാഴ്ചയുണ്ട്. മനോഹരമായ ആ നോമ്പുകാലം ഇനി വരില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.