മാ​ന്ത്രി​ക സ്പ​ർ​ശം

 ഒരിക്കൽ, മാ​ജി​ക് ജീ​വി​തത്തിൽനിന്ന് പി​ൻ​വാ​ങ്ങു​ക​യാ​ണെ​ന്ന് ഗോപിനാഥ് മുതുകാട് ലോ​ക​ത്തോട്  പറഞ്ഞു. ഇ​തു​കേ​ട്ട് ആരാധകവൃന്ദം ഞെട്ടിത്തരിച്ചു. എ​ന്നാ​ൽ, മാ​ജി​ക്കി​നു​മ​പ്പു​റം ന​ന്മ​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്റെ​യും വ​ലി​യൊ​രു ലോ​കം അ​പ്പോ​ഴേ​ക്കും അ​ദ്ദേ​ഹം തു​റ​ന്നു​വെ​ച്ചി​രു​ന്നു. മ​നു​ഷ്യ​​സ്നേ​ഹ​ത്തി​ന്റെ, ക​രു​ത​ലി​ന്റെ മാ​ന്ത്രി​ക ലോകം

മാജിക്കല്ലാതെ മറ്റൊന്നും തന്റെ ജീവിതത്തിൽ വലുതെല്ലന്ന് വിശ്വസിച്ചിരുന്ന മജീഷ്യൻ ഗോപിനാഥ് മുതുകാട് 45 വർഷത്തെ മാജിക് ജീവിതത്തിൽനിന്ന് എന്നെന്നേക്കുമായി പിൻവാങ്ങുകയാണെന്ന് ലോകത്തെ അറിയിച്ചു. മാന്ത്രികവിദ്യകൾ ഏറെ ഇഷ്ടപ്പെടുന്ന മുതുകാടിന്റെ ആരാധകവൃന്ദം ഇതുകേട്ട് ഞെട്ടലിലായിരുന്നു. എന്നാൽ, മുതുകാടിനെ അടുത്തറിയുന്നവർക്ക് അതിലൊരു അത്ഭുതവും തോന്നിയില്ല. കാരണം, മാജിക്കിനുമപ്പുറം നന്മയുടെയും കാരുണ്യത്തിന്റെയും വലിയൊരു ലോകം അപ്പോഴേക്കും അദ്ദേഹം ലോകത്തിനുമുന്നിൽ തുറന്നുവെച്ചിരുന്നു. മനുഷ്യസ്നേഹത്തിന്റെ, കരുതലിന്റെ ആ ലോകത്തിലൂടെയുള്ള മാന്ത്രിക യാത്രയിലാണ് ആ മജീഷ്യനിപ്പോൾ...

'മാജിക് മാജിക്'

പ്രഫഷനൽ മാജിക് ജീവിതത്തിൽനിന്ന് അകറ്റിനിർത്തിയിട്ട് ഒരുവർഷം പൂർത്തിയായിരിക്കുന്നു. കാണികളോ ആരവമോ ജാലവിദ്യകളോ ഇല്ലാതിരുന്ന ഒരുവർഷം കഴിഞ്ഞുപോയ നീണ്ട 45 വർഷത്തേക്കാൾ ഏറെ വ്യത്യസ്തമായിരുന്നു. എന്നാൽ, മാജിക്കിനപ്പുറം ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. പ്രഫഷനൽ മാജിക്കിനോട് പൂർണമായും വിടപറയുകയെന്ന തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പുവരെ നിരവധി മാനസിക സംഘർഷങ്ങൾ അനുഭവിച്ചിരുന്നു. മാജിക്കിൽനിന്ന് പൂർണമായും വിട്ടുനിൽക്കുന്നതിനെ പലരും എതിർത്തിരുന്നു. അതോടൊപ്പം മാനസിക ബുദ്ധിമുട്ടുമുണ്ടായിരുന്നു. എന്നാൽ, അതിലും വലിയ ഒരു ലക്ഷ്യമുണ്ടായിരുന്നതിനാൽ കുടുംബം ഒപ്പംനിന്നു.

ആരും കാണാതെ കരയുന്ന ഒരുപാട് അമ്മമാർക്കുവേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു സ്വപ്നവും ലക്ഷ്യവും. 2016 മുതലാണ് മാജിക്കിനപ്പുറം മറ്റൊരു കാഴ്ചപ്പാട് എന്നിലേക്കെത്തുന്നത്. അതോടെ ഭിന്നശേഷിക്കുട്ടികൾക്കായി ഡിഫറന്റ് ആർട്ട് സെന്റർ ആരംഭിച്ചു. ബുദ്ധിയും ശരീരവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്ത കുട്ടികൾക്കുവേണ്ടിയുള്ള ഒരു സംരംഭം ഒരിക്കലുമൊരു പരീക്ഷണം മാത്രമാവരുതെന്ന ദൃഢനിശ്ചയവുമുണ്ടായിരുന്നു. അതായിരുന്നു പിന്നീടിങ്ങോട്ടുള്ള 'യഥാർഥ മാജിക്'. വേദികളിൽ മാജിക് നടത്തുന്നതിനുമുമ്പ് പലതവണ ശ്വാസമടക്കിപ്പിടിച്ച് ചെയ്ത പരീക്ഷണങ്ങളേക്കാൾ ഏറെ പ്രയാസമുള്ളതായിരുന്നു 'ഡിഫറന്റ് ആർട്സ് സെന്റർ' എന്ന ആശയത്തെ പ്രാവർത്തികമാക്കാനുള്ള ഉദ്യമം.

 കലയറിഞ്ഞ് മനസ്സിലേക്ക്

താളംതെറ്റിയ, വളർച്ചയെത്താത്ത ഒരുപാട് മനസ്സുകളെ കലയിലേക്കും മറ്റ് പ്രകടനത്തിലേക്കും വഴിമാറ്റുന്നതായിരുന്നു ഡിഫറന്റ് ആർട്ട് സെന്റർ. താളലയ പരിശീലനങ്ങൾ നൽകിയതോടെ കുട്ടികളുടെ മനസ്സും ശരീരവും വേണ്ടവണ്ണം ചലിച്ചുതുടങ്ങി. ഇത് ലോകം അറിഞ്ഞുതുടങ്ങിയപ്പോൾ ഭിന്നശേഷിക്കാരോടുള്ള സമീപനം സ്വന്തം മാതാപിതാക്കൾക്കുതന്നെ മാറിത്തുടങ്ങുകയായിരുന്നു. ആത്മവിശ്വാസമുള്ളവരായി ഭിന്നശേഷിക്കാരെ വളർത്തിയെടുക്കാൻ സെന്ററിന് കഴിഞ്ഞതോടെ ആ മാജിക് കണ്ടറിഞ്ഞും കേട്ടറിഞ്ഞും രീതി പഠിച്ചെടുത്തത് പതിനായിരങ്ങളാണ്.

സെന്ററിൽ 200 കുട്ടികളാണ് വിവിധ കലകളിൽ പരിശീലനം നേടിവരുന്നത്. ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി, എം.ആർ വിഭാഗങ്ങളിൽപെടുന്നവരാണ് ഇവരെല്ലാം. കുട്ടികൾക്ക് കലകൾ അവതരിപ്പിക്കുന്നതിനുള്ള വേദികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെന്റർ സന്ദർശിക്കാൻ വരുന്നവർക്കുമുന്നിൽ കലകൾ അവതരിപ്പിക്കുന്നതിൽനിന്ന് ലഭിക്കുന്ന പ്രോത്സാഹനവും അംഗീകാരവും കുട്ടികളിൽ പലവിധ മാറ്റങ്ങൾക്ക് കാരണമായി. സംസ്ഥാന സർക്കാറിന്റെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ കുട്ടികൾക്ക് മാനസികവും ശാരീരികവും സാമൂഹികവുമായ മാറ്റങ്ങളുണ്ടായെന്ന് ഡോക്ടർമാരുടെ പാനൽ കണ്ടെത്തിയിരുന്നു.

തനിക്കുമുമ്പേ മക്കളുടെ മരണം കാത്തവർ

മരണശേഷം ആരും നോക്കാനില്ലെന്ന ആശങ്കയിൽ, തനിക്കുമുമ്പേ മക്കൾ മരിക്കണേയെന്ന പ്രാർഥനയുമായി കഴിയുന്ന ഒരുപാട് അമ്മമാരെ അറിയാം. കുടുംബത്തിലെ എല്ലാവരും ഒത്തുകൂടുന്ന ചടങ്ങുകളിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ആവശ്യപ്പെടുന്ന വീട്ടുകാരുണ്ടെന്ന സങ്കടം പങ്കുവെക്കുന്ന അമ്മമാരെയും നേരിട്ട് കണ്ടിട്ടുണ്ട്. വളരെയധികം മനസ്സിനെ വേദനിപ്പിക്കുന്നതായിരുന്നു അത്തരം കാഴ്ചകൾ. അതിൽനിന്ന് ഒളിഞ്ഞും തെളിഞ്ഞും പൊതുസമൂഹം അകറ്റിനിർത്തുന്ന കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായി. അങ്ങനെ ഭിന്നശേഷി കുട്ടികളെ മാജിക് പഠിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു.

20ലധികം കുട്ടികളെ സർക്കാറിന്റെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിലെത്തിച്ച് മാജിക് പഠിപ്പിക്കാൻ തുടങ്ങി. ഭിന്നശേഷി കുട്ടികളെ മാജിക് പഠിപ്പിക്കുകയെന്ന ലക്ഷ്യം തുടക്കത്തിലുണ്ടായിരുന്നില്ല. പ്രഫഷനലായി പഠിക്കാൻ കഴിയാത്ത, കഴിവുള്ള കുട്ടികളെ മാജിക് പഠിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. 2014ലാണ് അതിനായി മാജിക് പ്ലാനറ്റ് ആരംഭിക്കുന്നത്. അതിൽനിന്ന് പൂർണമായും ഭിന്നശേഷി കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കാൻ 2019ഓടെ തീരുമാനിക്കുകയായിരുന്നു. ഇതോടെ 45 വർഷം നീണ്ട പ്രഫഷനൽ മാജിക് ജീവിതം അവസാനിപ്പിച്ചു. പ്രഫഷനൽ ഷോകളും പ്രതിഫലം പറ്റിയുള്ള പരിപാടികളും വേണ്ട എന്നത് ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു.

ജീവിതം പഠിപ്പിക്കുന്ന 'മാജിക്'

ഭിന്നശേഷിക്കുട്ടികൾക്ക് ഒരു ജീവിതമാർഗമൊരുക്കുക എന്ന ലക്ഷ്യമാണ് അടുത്തത്. അതിനായാണ് യൂനിവേഴ്സൽ എംപവർമെന്റ് സെന്റർ (യു.ഇ.സി) ആരംഭിക്കുന്നത്. അവരുടെ സമഗ്രവികാസത്തിനാണ് ഇതിൽ ഊന്നൽ നൽകുക. കുട്ടികളുടെ വിദ്യാഭ്യാസം, കലാ-കായികമേഖലകളിലെ വിദഗ്ദ്ധ പരിശീലനം, മാനസികാരോഗ്യം, സാമൂഹിക മേഖലയിലെ പുരോഗതി എന്നിവ ഇതിൽ ഉൾപ്പെടും. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലാണ് മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ പുതിയ സെന്റർ ഒരുങ്ങുന്നത്. ശാക്തീകരണത്തിലൂടെ തൊഴിൽ നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഇവിടെ ഓട്ടിസം തെറപ്പി സെന്ററുകൾ, ഹോർട്ടികൾചർ തെറപ്പി സെന്റർ, ഡിഫറന്റ് സ്‌പോർട്സ് സെന്റർ, ഗവേഷണ കേന്ദ്രങ്ങൾ, കലാവതരണ വേദികൾ തുടങ്ങിയവയാണ് ഒരുക്കുന്നത്.

ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാർക്ക് ഈ പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കും. അവരവർക്കിഷ്ടപ്പെട്ട കലാമേഖല തെരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നേടി കാണികൾക്കുമുന്നിൽ അവതരിപ്പിക്കാൻ കഴിയും. ഇതിനായി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി തിയറ്ററുകൾ സെന്ററിൽ ഒരുങ്ങുന്നുണ്ട്. കാഴ്ച-കേൾവി-ചലന പരിമിതർക്ക് തങ്ങളുടെ കലാവൈഭവം പ്രദർശിപ്പിക്കുന്നതിനായി മാജിക് ഓഫ് ഡാർക്നെസ്, മാജിക് ഓഫ് സൈലൻസ്, മാജിക് ഓഫ് മിറാക്ക്ൾ എന്നീ വേദികൾ തയാറാക്കിയിരിക്കുന്നു. ഇതിനുപുറമെ ചിത്രകലാപ്രദർശനത്തിന് ആർട്ടീരിയയും ഉപകരണസംഗീതത്തിന് സിംഫോണിയയും ഗവേഷണ കുതുകികളായ കുട്ടികൾക്ക് സയൻഷ്യ എന്ന പേരിൽ അതിവിപുലവും വിശാലവുമായ ഗവേഷണ കേന്ദ്രവും സെന്ററിലുണ്ട്.


അഞ്ഞൂറോളം പേരെ ഉൾക്കൊള്ളുന്ന ഗ്രാന്റ് തിയറ്ററാണ് സെന്ററിന്റെ മറ്റൊരു സവിശേഷത. ഭിന്നശേഷി കുട്ടികളുടെ കലാസംഗമവേദിയാണിവിടം. കുട്ടികളുടെ നേതൃത്വത്തിൽ ഒന്നരമണിക്കൂർ നീളുന്ന മെഗാ ഷോയാണ് ഇവിടെ അരങ്ങേറുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളോടെയാണ് സെന്ററിലെ ഓരോ വിഭാഗവും നിർമിച്ചിരിക്കുന്നത്. കൂടാതെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രവും ഇതിനോടൊപ്പം ഒരുക്കുന്നുണ്ട്.

സ്പോർട്സ് മുതൽ കൃഷി വരെ

കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധങ്ങളായ പരിശീലങ്ങളാണ് യു.ഇ.സിയിൽ ഒരുക്കുക. ഭിന്നശേഷികുട്ടികളുടെ സൈക്കോ മോട്ടോർതലങ്ങളെ സ്പർശിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള തെറപ്പി സെന്ററുകളും ഇവിടത്തെ സവിശേഷതയാണ്. കുട്ടികളുടെ മാനസിക സ്വഭാവ വൈകാരിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സൈക്കോതെറപ്പി/ബിഹേവിയർ തെറപ്പി സെന്റർ, സെൻസറി ഇംപ്രൂവ്‌മെന്റ്, ഭാവനാശേഷി എന്നിവ വർധിപ്പിക്കുന്നതിനുവേണ്ടി വെർച്വൽ തെറപ്പി സെന്റർ, ഒരു കുട്ടിയിലുള്ള ശാരീരിക കുറവ് കണ്ടെത്തി ആ പ്രത്യേക ഭാഗത്തെ ഉത്തേജിപ്പിച്ച് കുറവ് പരിഹരിക്കുന്നതിനുള്ള ഒക്കുപേഷനൽ തെറപ്പി, മസിലുകളുടെ ചലനശക്തി പരിശോധിച്ച് അവയെ ബലപ്പെടുത്തന്നതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയ ഫിസിയോ തെറപ്പി, സംസാരത്തിൽ കുറവുകൾ വന്ന കുട്ടികൾക്ക് അവരുടെ ന്യൂനതകൾ ശാസ്ത്രീയമായി കണ്ടെത്തി വാക്കുകൾ ശരിയായി ഉച്ചരിക്കാൻ പരിശീലനം നൽകുന്നതിനുവേണ്ടി സ്പീച്ച് ആൻഡ് ഓഡിയോ തെറപ്പി, സെൻസറി ഓർഗനുകളെ ഉത്തേജിപ്പിച്ച് കുറവുകൾ മാറ്റിയെടുക്കുന്നതിനുവേണ്ടി സെൻസറി തെറപ്പി സെന്റർ എന്നിവയാണ് തെറപ്പി വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നത്. തെറപ്പി സെന്ററിൽ വിദഗ്ദ്ധരായ ഫാക്കൽറ്റികളുടെ മുഴുസമയ സേവനവും ലഭിക്കും. സൈകോളജിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ലിംഗ്വിസ്റ്റിക്, ഫിസിയോ തെറപ്പിസ്റ്റ്, ഡോക്ടർമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് തെറപ്പി സെന്ററിന്റെ പ്രവർത്തനം.

ഓട്ടിസം വിഭാഗക്കാരുടെ ഭയാശങ്കകൾ അകറ്റാൻ നടത്തുന്ന െട്രയിൻ യാത്രയും യു.ഇ.സിയുടെ മുഖ്യആകർഷണങ്ങളിൽ ഒന്നാണ്. കായികവികാസത്തിനായി ഡിഫറന്റ് സ്‌പോർട്സ് സെന്ററും ഇവിടെയുണ്ട്. അത്‌ലറ്റിക്‌സ്, ഇൻഡോർ ഗെയിമുകൾ എന്നിവയിൽ പ്രാവീണ്യം നേടുന്നതിന് അതിവിശാലമായ പ്ലേഗ്രൗണ്ടുകളും ടർഫുകളും സജ്ജമാക്കുന്നുണ്ട്. സ്‌പെയിൻ ജിബ്രാൾട്ടർ സ്വദേശിയും ഗോകുലം കേരള അക്കാദമി ഹെഡ് കോച്ചുമായ ജോയൽ റിച്ചാർഡ് വില്യംസാണ് കുട്ടികൾക്ക് കായികപരിശീലനത്തിന് നേതൃത്വം നൽകുന്നത്. കാർഷികപരിപാലനത്തിലൂടെ കുട്ടികളിൽ മാറ്റംവരുത്തുന്നതിന് വിശാലമായ ഹോർട്ടികൾചറൽ തെറപ്പി സെന്ററും യു.ഇ.സിയുടെ ഭാഗമാണ്.

അഭിമാനമായി നിഖിലയും ശ്രീലക്ഷ്മിയും

കലയിലൂടെ ജീവിതമാർഗം കണ്ടെത്തിയവരാണ് നിഖിലയും ശ്രീലക്ഷ്മിയുമെല്ലാം. 20 വയസ്സുകാരി നിഖിലക്ക് ഇപ്പോൾ ഇഷ്ടം ഡ്രംസ് ആണ്. അഭിമുഖ സമയത്ത് ചെണ്ടയായിരുന്നു ആദ്യ ചോയ്സ്. ചെണ്ട പഠിച്ചുകഴിഞ്ഞ് മാജിക്കിലേക്ക് തിരിഞ്ഞു. ഇപ്പോൾ ഡ്രംസിലേക്കും. കാമ്പസിനുള്ളിൽ നല്ല പോസിറ്റിവ് എനർജിയാണ്. ഇവിടെയെത്തിയ ആദ്യ നാളുകളിൽ ഭിന്നശേഷിക്കാരായ കുറെ കുട്ടികളെ ഒന്നിച്ച് കണ്ടപ്പോൾ വളരെ വിഷമം തോന്നി. തിരിച്ചു പോകണമെന്നുവരെ തോന്നിയെന്നും നിഖിലയുടെ അമ്മ സിന്ധു പറയുന്നു. എന്നാൽ, മകൾക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ടെന്നും ആർക്കും ചെയ്യാൻ കഴിയാത്ത സഹായമാണ് ഇവിടെനിന്ന് ലഭിക്കുന്നതെന്നും ഈ അമ്മ പറയുന്നു.


22 വയസ്സാണ് ശ്രീലക്ഷ്മിക്ക്. അഞ്ചാം ക്ലാസുവരെ സാധാരണ സ്കൂളിലായിരുന്നു ശ്രീലക്ഷ്മിയുടെ പഠനം. ആ സമയത്തെല്ലാം അമ്മ ശ്രീദേവി സ്കൂളിൽ ശ്രീലക്ഷ്മിക്കൊപ്പം ഇരിക്കും. മറ്റു പല കുട്ടികളുടെയും രക്ഷിതാക്കളുടെയും നോട്ടംപോലും പുച്ഛം നിറഞ്ഞതായിരുന്നുവെന്ന് ശ്രീദേവി പറയുന്നു. ഇതോടെ മകളെ വഴുതക്കാടുള്ള സ്പെഷൽ സ്കൂളിലേക്ക് മാറ്റി. അവളെപ്പോലുള്ള മറ്റു കുട്ടികളും പരീശീലനം ലഭിച്ച അധ്യാപകരും ഉള്ളതുകൊണ്ട് നല്ല സന്തോഷമായിരുന്നു. മകൾ നല്ല സന്തോഷത്തോടെയായിരുന്നു സ്കൂളിൽ പോയിരുന്നത്. എന്നാൽ, 18 വയസ്സ് കഴിഞ്ഞ കുട്ടികളെ സ്പെഷൽ സ്കൂളിൽ നിർത്താൻ പറ്റില്ല. വീട്ടിൽ നിൽക്കേണ്ടിവന്നു. ഇതോടെയാണ് ഡിഫറന്റ് ആർട്ട് സെന്ററിലെത്തുന്നതും സ്വന്തം കാലിൽനിൽക്കാൻ അവൾ പ്രാപ്തയായതും. മാജിക്കാണ് ശ്രീലക്ഷ്മിക്ക് ഇഷ്ടം. മകളെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് ആദ്യമൊക്കെ സംശയമായിരുന്നു.

എന്നാൽ, പരിശീലനത്തിലൂടെ നല്ല രീതിയിൽ അവൾ മാജിക് ചെയ്യാൻ തുടങ്ങി. ഭിന്നശേഷികുട്ടികൾ ഒരു പ്രാവശ്യം എന്തെങ്കിലും പഠിച്ചാൽ അത് എന്നും ഓർമയിൽ നിൽക്കും. വില്ലയിൽ താമസിച്ച് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. പബ്ലിക്കിനുള്ള ഷോയാണ് ചെയ്യുന്നത്. കാണികളുടെ പ്രോത്സാഹനം കുട്ടികൾക്ക് നല്ലൊരു പ്രചോദനമാണ്. നമുക്ക് ചുറ്റും ഇതുപോലെ കുറേ കുട്ടികളുണ്ട്. അവരെ കണ്ടെത്തി അവരുടെ കഴിവുകൾ പുറത്തു കൊണ്ടുവരാൻ സാധിക്കണമെന്നും ശ്രീദേവി പറയുന്നു.

Tags:    
News Summary - The magic touch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.