പ്രതീകാത്മക ചിത്രം

മില്ലേനിയൽസ്, ജെൻ സീ, ആൽഫ ഔട്ട്; 2025 മുതൽ ‘ബീറ്റ കുഞ്ഞുങ്ങളു’ടെ തലമുറ

പുതിയ വർഷത്തിലേക്കുള്ള കാൽവെപ്പിനായി കാത്തിരിക്കുകയാണ് ലോകം. ഇത്തവണത്തെ പുതുവർഷം പുതിയ തലമുറയെ കൂടിയാണ് വരവേൽക്കാൻ തയാറെടുക്കുന്നത്. ‘ജനറേഷൻ ബീറ്റ’ എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറ മില്ലേനിയൽസ് (1981-1996), ജെൻ സീ (Gen Z - 1996-2010), എന്നിവക്ക് ശേഷം വന്ന ജെൻ ആൽഫ (Gen Alpha - 2010-2024) യുടെ പിൻഗാമികളാണ്. 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളെ ഉൾക്കൊള്ളുന്ന ജനറേഷൻ ബീറ്റ 2035-ഓടെ ലോകജനസംഖ്യയുടെ 16 ശതമാനം വരുമെന്ന് സാമൂഹിക ഗവേഷകനായ മാർക്ക് മക്രിൻഡിൽ പറയുന്നു.

ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ജനറേഷൻ ബീറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), വെർച്വൽ റിയാലിറ്റി (വി.ആർ), ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി) തുടങ്ങിയ സങ്കേതികവിദ്യകളുമായി അടുത്ത ബന്ധം പുലർത്തും. നൂതന സാങ്കേതികവിദ്യകളുമായി അടുത്ത് ഇടപഴകാനും അവയിൽ പ്രാവീണ്യം നേടാനും ജനറേഷൻ ബീറ്റക്ക് കൂടുതൽ അവസരങ്ങളുണ്ടാകും. 22-ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഈ തലമുറക്കാർക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

സ്മാർട്ട് ടെക്‌നോളജിയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും ഉയർച്ച ഇതിന് മുൻപുള്ള ആൽഫ ജനറേഷൻ അനുഭവിച്ചിട്ടുണ്ടെങ്കിലും എ.ഐ ,ഓട്ടോമേഷൻ എന്നിവ ദൈനംദിന ജീവിതത്തിലും വിദ്യാഭ്യാസത്തിലും ജോലിസ്ഥലങ്ങളിലും ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനും പൂർണമായി ഉൾപ്പെടുത്തുന്ന ഒരു കാലഘട്ടം ജനറേഷൻ ബീറ്റ തന്നെയായിരിക്കും. ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതോടെ ബീറ്റ തലമുറയിൽ ജനിക്കുന്ന പല കുട്ടികൾക്കും കൂടുതൽ ആയുസ് ഉണ്ടാകും.

സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇവർ നേതൃത്വം നൽകുമെന്നാണ് പഠനങ്ങൾ. ജനറേഷൻ ബീറ്റയുടെ ഉദയം,മനുഷ്യരാശിയുടെ ഭാവിക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം, ആഗോള ജനസംഖ്യാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം എന്നീ പ്രശ്നങ്ങൾ കാര്യമായി തന്നെ ജനറേഷൻ ബീറ്റ ജീവിതത്തിൽ നേരിടേണ്ടി വരും. അതോടൊപ്പം 21-ാം നൂറ്റാണ്ടിലെ പാരിസ്ഥിതിക ആശങ്കകൾക്ക് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ജനറേഷൻ ബീറ്റയുടേതാണ്.

മനുഷ്യ ചരിത്രത്തിലെ പുതിയ തലമുറയെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിൽനിന്ന് പേരുകൾ എടുക്കാറാണ് പതിവ്. ജനറേഷൻ ആൽഫക്ക് ശേഷം ജനറേഷൻ ബീറ്റയിലേക്ക് കടക്കുകയാണ് ലോകം. 

Tags:    
News Summary - 2025 to welcome arrival of Generation Beta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.