ജുബൈൽ: ജന്തുശാസ്ത്രത്തിൽ അഗാധ അറിവുമായി ഏഴുവയസ്സുകാരൻ റയോൺ ശ്രദ്ധേയനാവുന്നു. കണ്ണൂർ പിണറായി സ്വദേശികളായ ബൈജുവിന്റെയും റോഷ്നയുടെയും മകനായ റയോണിന്റെ നാവിൽ ജന്തുശാസ്ത്രവുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ഉത്തരമുണ്ട്. ഭൂമിയിൽ ജീവിച്ചിരിക്കുന്നതും വംശനാശം സംഭവിച്ചതുമായ ജീവികളുടെ സവിശേഷതകളെ കുറിച്ചും അവയുടെ വർഗ, തരംതിരിവുകളെ കുറിച്ചെല്ലാമുള്ള ആഴത്തിലുള്ള അറിവ് റയോണിനെ വേറിട്ട് നിർത്തുന്നു.
ആഴക്കടലിലെ മത്സ്യങ്ങൾ, പ്രാണി വർഗങ്ങൾ, വിവിധയിനം പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴ ജന്തുക്കൾ, ദിനോസറുകൾ തുടങ്ങി ജന്തുവിജ്ഞാനം കൂടാതെ ലോകചരിത്രത്തെ അടയാളപ്പെടുത്തുന്ന സ്ഥലങ്ങൾ, ലാവ പ്രവഹിക്കുന്ന അഗ്നിപർവതങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചുമെല്ലാം റയോണിന് നല്ല അറിവാണ്.
മൂന്ന് വയസ്സു മുതലാണ് ഇത്തരത്തിലുള്ള മകന്റെ കഴിവും താൽപര്യവും മാതാപിതാക്കൾ ശ്രദ്ധിച്ചുതുടങ്ങിയത്. സാധാരണ കുട്ടികൾ കാർട്ടൂണുകൾ കാണാൻ വാശി പിടിക്കുമ്പോൾ റയോൺ ഇത്തരത്തിലുള്ള വിഡിയോകളിലും ബുക്കുകളിലും ശാസ്ത്ര കൗതുകങ്ങളിലുമാണ് താൽപര്യം കാട്ടിയിരുന്നത്.
നാട്ടിൽ അവധിക്കാലത്ത് ഒരു തേരട്ടയെ കണ്ടപ്പോൾ അതിന്റെ ശാസ്ത്രീയ നാമം മുതൽ എല്ലാ വിശദാംശങ്ങളും റയോൺ വിശദീകരിക്കുന്നത് കേട്ട് താൻ അത്ഭുതപ്പെട്ടുപോയെന്ന് പിതാവ് ബൈജു ഓർക്കുന്നു. കൂടാതെ ഗണിതശാസ്ത്രവും ഇതര വിഷയങ്ങളും പഠിക്കാൻ ഇഷ്ടപ്പെടുന്ന റയോണിന് ഒരു ജന്തുശാസ്ത്രജ്ഞൻ ആകണമെന്നാണ് ആഗ്രഹം. മുമ്പ് ഖത്തറിലായിരുന്ന പിതാവ് ബൈജു ഇപ്പോൾ സൗദിയിൽ ഷെവറോൺ കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു.
ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് റയോൺ. സഹോദരി അനുപർണിക ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സ്പോർട്സിലും താൽപര്യമുള്ള റയോൺ നൃത്തവും ആയോധന കലയും പഠിക്കുന്നുണ്ട്. സഹോദരി അനുപർണിക ചിത്രകാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.