പത്തിരിപ്പാല: റമദാൻ വ്രതം മുഴുവനും എടുക്കാനൊരുങ്ങി ശ്രീഹരി എന്ന 13 കാരൻ. മങ്കര ഓരാംബള്ളം ചെറുതൊടി വീട്ടിൽ സുഭാഷ്-ചന്ദ്രപ്രിയ ദമ്പതികളുടെ മകൻ ശ്രീഹരി നോമ്പെടുത്ത് നാടിന് തന്നെ മാതൃകയായി. മുസ്ലിം സുഹൃത്തുക്കൾ നോമ്പെടുക്കുന്നത് കണ്ടാണ് താനും എടുത്ത് തുടങ്ങിയതെന്ന് ശ്രീഹരി പറയുന്നു. റമദാൻ തുടക്കംതൊട്ടേ എല്ലാ നോമ്പും ഈ മിടുക്കൻ എടുത്തിട്ടുണ്ട്. ആദ്യം നോമ്പെടുക്കുന്നത് കണ്ടപ്പോൾ ബുദ്ധിമുട്ടാണെങ്കിൽ ഉപേക്ഷിക്കാൻ രക്ഷിതാക്കൾ പറഞ്ഞെങ്കിലും ദൃഢപ്രതിഞ്ജയോടെ ശ്രീഹരി നോൽക്കുകയായിരുന്നു.
പിന്നീട് അത്താഴം കൃത്യസമയത്ത് നൽകി മാതാപിതാക്കളും ശ്രീഹരിക്ക് കൂട്ടായി. ആദ്യത്തെ രണ്ടു മൂന്നുനാൾ ക്ഷീണം തോന്നിയെങ്കിലും പിന്നീട് ശരിയായെന്ന് ശ്രീഹരി പറഞ്ഞു. സമീപത്തെ വീട്ടുകാരായ റഫീക്, ഹസീന, ജുമൈല എന്നിവരാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ എത്തിച്ചു നൽകുന്നത്. പത്തിരിപ്പാല ജി.വി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞദിവസം ശ്രീഹരിയും കുടുംബവും വീട്ടിൽ നോമ്പുതുറയും സംഘടിപ്പിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ശ്രീഹരിയെ അഭിനന്ദിക്കാൻ മറന്നില്ല.
പിതാവ് സുഭാഷ് തൃശൂരിൽ തട്ടുകട നടത്തിവരുന്നു. മാതാവ് ചന്ദ്രപ്രിയ വീട്ടമ്മയാണ്. അടുത്ത വർഷവും വ്രതം അനുഷ്ഠിക്കാൻ തയാറാണെന്നും ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടർമാരടക്കം പറയുന്നുണ്ടന്നും ശ്രീഹരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.