ശാസ്താംകോട്ട: ‘മിടു മിടു മിടുക്കൻ മുയലച്ചൻ...’ എന്ന കുട്ടിപ്പാട്ട് പാടി ആദ്യമായി സമ്മാനം വാങ്ങിയ സ്കൂൾവേദിയിലെ നാലാം ക്ലാസുകാരനിൽനിന്ന് ആദിത്യൻ സുരേഷ് ഒരുപാട് വളർന്നു. വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുമെന്ന് വിധിക്കപ്പെട്ട അവൻ ഇന്ന് പാട്ടിന്റെ ചിറകിലേറി പറക്കുകയാണ്. കേരളത്തിന്റെയും ഇന്ത്യയുടെയും അതിർത്തികൾക്കപ്പുറം തന്റെ കഴിവിനെയെത്തിച്ച് ആ പതിനാറുകാരൻ ചിരിക്കുമ്പോൾ അസാധ്യമായത് ഒന്നുമില്ലെന്ന ഉറപ്പുകൂടിയാണ് ചുറ്റുമുള്ളവർക്ക് ലഭിക്കുന്നത്.Adityan Suresh
കൊല്ലം പോരുവഴി രഞ്ജിനി ഭവനത്തിൽ സുരേഷ്-രഞ്ജിനി ദമ്പതികളുടെ ഇളയ മകൻ സംഗീതത്തെ ചേർത്തുപിടിച്ച് പരിമിതികളെയും വേദനകളെയും മറികടന്ന് മുന്നേറുകയാണ്. ഇത്തവണ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാർ ലഭിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നാലെ ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാസ്റ്റർ വിഷൻ എന്ന സംഘടനയുടെ മാസ്റ്റർ വിഷൻ എക്സലന്റ് അവാർഡും തേടിയെത്തി. ദുബൈയിലെ വേദിയിൽ ആയിരങ്ങളെ സാക്ഷിനിർത്തി അവാർഡ് ഏറ്റുവാങ്ങിയ മിടുക്കനെക്കുറിച്ചറിഞ്ഞ ദുബൈ പൊലീസ് അവരുടെ ആദരവ് നൽകുന്നതിനായി ആദിത്യൻ സുരേഷിനെയും കുടുംബാംഗങ്ങളെയും വീണ്ടും ദുബൈയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ശരീരത്തിനേക്കാൾ വലിപ്പമുള്ള തലയും ശരീരത്തിനോട് പറ്റിപ്പിടിച്ചുള്ള കൈ കാലുകളോടെയായിരുന്നു ആദിത്യന്റെ ജനനം. ഗർഭകാലത്തൊന്നും കുഞ്ഞിന്റെ ശാരീരിക പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ഡോക്ടർമാർക്കായില്ല. ജനിച്ച് ആഴ്ചകൾക്ക് ശേഷമാണ് അസ്ഥികൾ ഒടിയുന്ന ഓസ്റ്റിയോ ജനിസിസ് ഇമ്പെർഫെക്ട എന്ന പ്രത്യേകതരം ജനിതക രോഗമാണെന്ന് കണ്ടെത്തിയത്. ഒരുപക്ഷേ, കേൾവിയോ കാഴ്ചയോ നഷ്ടപ്പെടുമെന്നും ആജീവനാന്തം കിടപ്പാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു. രണ്ട് വയസ്സുവരെ ഒരേ കിടപ്പായിരുന്നു. ഇതിനിടയിൽ കാലിലെയും കൈകളിലെയും അസ്ഥി ഒടിയാൻ തുടങ്ങി. എട്ടുവയസ്സിനുള്ളിൽ 20 തവണയോളം കൈയും കാലും ഒടിഞ്ഞു. മൂന്നാം വയസ്സിലാണ് കമഴ്ന്ന് വീഴുന്നതും അൽപമെങ്കിലും തല ഉയർത്താൻ ശ്രമിക്കുന്നതും. ചങ്ങനാശ്ശേരിയിലെ ഹോമിയോ ഡോക്ടറായ ബൈജുവിന്റെ ചികിത്സ ഫലമായി നാലാം വയസ്സിൽ തല തനിയെ ഉയർത്തിയ കുട്ടി അതിജീവനത്തിന്റെ പുതിയ യാത്ര തുടങ്ങി.
അടൂർ ബി.ആർ.സിയിലെ അധ്യാപകർ അക്ഷരം പഠിപ്പിക്കാൻ എത്തിയതോടെ കൂടുതൽ മാറ്റങ്ങൾ പ്രകടമായി. ഏഴാംമൈൽ ഗവ. എൽ.പി സ്കൂളിൽ അഡ്മിഷൻ എടുത്ത ആദിത്യനെ പഠിപ്പിക്കാൻ അധ്യാപകർ മൂന്നുവർഷത്തോളം വീട്ടിലെത്തി. ഈ കാലഘട്ടത്തിലാണ് ടി.വിയിൽ സ്ഥിരം കേൾക്കുന്ന പാട്ടുകൾ മൂളുകയും ചുണ്ടനക്കുകയും ചെയ്ത് തുടങ്ങിയത്. അഞ്ച് വയസ്സ് പൂർത്തിയാകുന്ന സമയത്താണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് പാടാൻ തുടങ്ങിയത്. അവിടെനിന്ന് ഇതുവരെയായി സംഗീതം തന്നെയാണ് ആദിത്യന് കരുത്തായത്.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലായിരുന്നു ആദ്യ പൊതുവേദി. സാമൂഹികമാധ്യമങ്ങളിലൂടെ ആദിത്യനെ കുറിച്ചറിഞ്ഞ സംഗീത സംവിധായകൻ മുരളി അപ്പാത്ത് സംഗീത ആൽബമായ ‘നീലാംബരി’യിൽ പാടാൻ അവസരം നൽകി. തുടർന്ന് വിവിധ ചാനലുകളിലെ പരിപാടികളിൽ മിന്നും താരമായി. ആറ് വർഷം കൊണ്ട് ആയിരത്തിൽപരം വേദികളിലാണ് ആദിത്യൻ പാടിയത്. ഒരു ക്രിസ്മസ് ആൽബത്തിലും രണ്ട് ടെലിഫിലിമിലും ഒരു സിനിമയിലും പാടി. സ്കൂൾ യുവജനോത്സവങ്ങളിലും സ്ഥിരം വിജയിയാണ്. ഇപ്പോൾ നെടിയവിള അംബികോദയം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം അവാർഡ്, ഡോ. അബ്ദുൽകലാം ബാല പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ദേശീയ ബാലതരംഗം ശലഭമേളയുടെ ശലഭരാജ പുരസ്കാരം അടക്കം നിരവധി സമ്മാനങ്ങളും നേടി. നല്ല പാട്ടുകാരൻ ആകണമെന്നും അതോടൊപ്പം സംഗീത വിദ്യാലയം തുടങ്ങണമെന്നുമാണ് ആദിത്യന്റെ മോഹം. പ്രയാസത്തിലും വിഷമത്തിലും കഴിയുന്നവരെ സഹായിക്കണമെന്നാണ് മറ്റൊരാഗ്രഹം. എല്ലാ പിന്തുണയുമായി അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.