പന്തളം: അനന്തകൃഷ്ണന്റെ കരവിരുന്നിൽ നിർമിക്കുന്ന ടൂറിസ്റ്റ് ബസുകൾ പാർക്ക് ചെയ്യാൻ പ്രത്യേകം ഇടം വേണ്ട. പന്തളം, മുടിയൂർക്കോണം തെങ്ങുംതറയിൽ ഗോപാലകൃഷ്ണന്റെയും അനിതയുടെയും മൂത്തമകനാണ് കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അനന്തകൃഷ്ണൻ.
ഒറിജിനലിനെ വെല്ലുന്നതാണ് ഇവ. ടൂറിസ്റ്റ് ബസുകളോടുള്ള അമിതമായ താല്പര്യമാണ് ഈ കൊച്ചുമിടുക്കനെ ഇവയുടെ നിർമാണത്തിലേക്ക് പ്രേരിപ്പിച്ചത്. അനന്തകൃഷ്ണന്റെ വീട്ടിലെത്തിയാൽ ഒറിജിനൽ ടൂറിസ്റ്റ് ബസിനെ വെല്ലുന്ന നിരവധി മിനിയേച്ചർ രൂപങ്ങൾ കാണാനാകും. ബസുകൾക്ക് പുറമെ മറ്റ് നിരവധി വാഹനങ്ങളും നിർമിച്ചിട്ടുണ്ട്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ലോക്ഡൗൺ കാലത്താണ് ഹാർഡ്ബോർഡ് ഉപയോഗിച്ച് ആദ്യമായി വാഹനങ്ങളുടെ രൂപം നിർമിക്കാൻ തുടങ്ങിയത്. മകന്റ കഴിവ് മനസ്സിലാക്കിയ ഓട്ടോ ഡ്രൈവറായ പിതാവ് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങിനൽകിയതോടെ ഹാർഡ്ബോർഡിൽനിന്ന് തടിയിലേക്ക് നിർമാണം മാറ്റി. തടിയിൽ നിർമിക്കുന്നവക്ക് ചിത്രങ്ങളും വരച്ച എൽ.ഇ.ഡി ലൈറ്റും സ്ഥാപിച്ച് കൂടുതൽ മനോഹരമാക്കുകയായിരുന്നു.
ഇങ്ങനെ നിർമിച്ച നിരവധി വാഹനങ്ങളാണ് അനന്തകൃഷ്ണന്റെ വീട്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്. സ്കൂൾ പ്രവൃത്തി പരിചയമേളയിൽ സൂപ്പർ കമ്പ്യൂട്ടർ ഉൾപ്പെടെ നിരവധി മാതൃകകൾ നിർമിച്ചു നൽകിയിട്ടുണ്ട് ഈ കൊച്ചു മിടുക്കൻ. അനന്തകൃഷ്ണന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുമായി സഹോദരി തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി അനഘ ജി.കൃഷ്ണയും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.