ദോഹ: വെള്ളി, ശനി ദിവസങ്ങളിലായി പൊഡാർ പേൾ സ്കൂളിൽ നടന്ന ഗൾഫ് മാധ്യമം- എജുകഫേയിൽ താരമായി നൈന സിതാര. രണ്ടാം ദിനം നടന്ന സെഷനിലായിരുന്നു ഇന്ത്യയിലെ ഉന്നത കലാലയങ്ങളിലേക്കുള്ള മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ, നീറ്റ് അനുഭവങ്ങളുമായി നൈനയെത്തിയത്. ഇരു പരീക്ഷകളിലും ഉന്നത വിജയം നേടിയ നൈന എജുകഫേ വേദിയിൽ വിദ്യാർഥികളുമായി സംവദിച്ചു.
മത്സര പരീക്ഷകളിൽ വിജയം നേടാനുള്ള വഴികളും പഠനത്തിന്റെ നൂതന മാർഗങ്ങളുമെല്ലാം അവർ സദസ്സിനോട് പങ്കുവെച്ചു. നൂറുകണക്കിന് വിദ്യാർഥികൾക്കുമുന്നിൽ തന്റെ പഠന രീതികളും കരിയർ സാധ്യതകളുമെല്ലാം പങ്കുവെച്ച നൈന പഠനത്തിന്റെ വഴികൾ ഓരോന്നായി വിദ്യാർഥികൾക്ക് പകർന്നുനൽകി. കൈയടികളോടെയാണ് സദസ്സ് നൈനയുടെ ഓരോ വാക്കുകളും സ്വീകരിച്ചത്.
ഭാവിയിൽ ആരാകണം എന്ന ചോദ്യത്തിനുമുന്നിൽ ആശങ്കയോടെ നിൽക്കുന്ന ഓരോ വിദ്യാർഥികൾക്കും നൈനയുടെ വാക്കുകൾ പ്രചോദനമായിത്തീർന്നുവെന്നുറപ്പ്. സെഷനുശേഷം നിരവധി വിദ്യാർഥികൾ അവരുടെ സംശയങ്ങളും ആശങ്കകളും നൈനയുമായി പങ്കുവെച്ചു.
പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരിയുമായ ആരതി സി. രാജരത്നം നൈനയെ അഭിനന്ദിച്ച് സംസാരിച്ചു.ഗൾഫ് മാധ്യമം ഖത്തർ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ജാബിർ അബ്ദുറഹ്മാൻ നൈനക്ക് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.