ചാത്തന്നൂർ: ദാമ്പത്യ വിശ്വാസമെന്ന ഉറപ്പിനൊപ്പം അബിയും ദേവികയും കൈമാറിയത് ഭരണഘടനാ തത്ത്വസംഹിതയിലെ വിശ്വാസം കൂടിയാണ്. പൂച്ചെണ്ടിന്റെയും, പൂമാലയുടെയും സുഗന്ധം നിറഞ്ഞ വേദിയിൽ ഭരണഘടനമൂല്യങ്ങളുടെ വെളിച്ചം നിറഞ്ഞുനിന്നപ്പോൾ ബന്ധുമിത്രാദികളും സുഹൃത്തുക്കളും വേറിട്ടൊരു വിവാഹമുഹൂർത്തത്തിനു സാക്ഷികളായി.
ചാത്തന്നൂർ ശ്രീഭൂതനാഥ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടന്ന വിവാഹമാണ് ഭരണഘടനയോടുള്ള വധുവരന്മാരുടെ സമർപ്പണംകൊണ്ട് വേറിട്ടതായത്. ജില്ലയിലെ ആദ്യ സമ്പൂർണ സാക്ഷരത പദ്ധതി ‘സിറ്റിസൺ 2022’ ൽ ഭരണഘടന സാക്ഷരത ഊട്ടിയുറപ്പിക്കാൻ പ്രവർത്തിച്ച രണ്ട് സെനറ്റർമാരുടെ വിവാഹവേദിയാണ് വ്യത്യസ്ത കാഴ്ചയൊരുക്കിയത്.
ചാത്തന്നൂർ ഇടനാട് കൃഷ്ണഗിരിയിൽ ആർ. രാധാകൃഷ്ണൻ-ശോഭനകുമാരി ദമ്പതികളുടെ മകൻ ആർ. അബിയും കാരംകോട് ദേവികയിൽ കെ. ദേവരാജൻ- പി. ശ്രീദേവി ദമ്പതികളുടെ മകൾ ദേവികയുമായുള്ള വിവാഹത്തിലാണ് ഭരണഘടന പ്രധാന ഇടം നേടിയത്. ഭരണഘടന ശിൽപിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങൾ പതിച്ച കമാനമായിരുന്നു ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നത്.
മണ്ഡപത്തിലുണ്ടായിരുന്ന ഡോ.ബി.ആർ. അംബേദ്കറുടെ ചിത്രത്തേയും, നെഹ്റുവിന്റെ ചിത്രത്തേയും, ഭരണഘടനയേയും സാക്ഷിയാക്കി ഇരുവരും വരണമാല്യം കൈമാറി. മാലയും, താലിയും ചാർത്തിയ ശേഷം വധൂവരന്മാർ ഭരണഘടന പുസ്തകം ഏറ്റുവാങ്ങി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സ്വന്തം കുടുംബത്തിൽ നടപ്പാക്കി മാതൃകകാട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഭരണഘടനാ സാക്ഷരത പ്രവർത്തന കാലത്ത് ഒന്നര വർഷം മുമ്പ് മൊട്ടിട്ട പ്രണയമാണ് വീട്ടുകാരുടെ ആശീർവാദത്തോടെ വേറിട്ട വിവാഹമായി മാറിയത്. ആലപ്പുഴ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ സുദേശൻ, കില ഡയറക്ടർ സുധ, സെനറ്റേഴ്സ് അസംബ്ലി നസീം ഖാൻ എന്നിവർ ചേർന്നാണ് ഭരണഘടനാ പുസ്തകം വധൂവരന്മാർക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.