എടക്കര: പോത്തുകല്‍ ടൗണിലെ ഒരൊറ്റ ഗാനാലാപനത്തോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആതിരക്ക് വീടെന്ന സ്വപ്നം പൂവണിയിക്കാന്‍ നാടൊരുമിക്കുന്നു. ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം തെരുവില്‍ പാടി ജീവിക്കുന്ന യുവതി ക്ഷീണിതയായപ്പോള്‍ പാടി സഹായിച്ച പോത്തുകല്ലിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആതിര. 2019ലെ പ്രളയത്തിനിര കൂടിയായ ആതിരയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആഭിമുഖ്യത്തിലാണ് ഒരുക്കം നടത്തുന്നത്.
സ്കൂള്‍ തുറക്കുന്നതിനാല്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പോത്തുകല്‍ ടൗണിലെത്തിയതായിരുന്നു ആതിര. ഇതിനിടെയാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട്ട് പാടുന്ന യുവതിയെ കണ്ടത്. ചുമ കാരണം പാടാന്‍ പ്രയാസപ്പെട്ട യുവതിയോട് വിശ്രമിക്കാനാവശ്യപ്പെട്ടായിരുന്നു ആതിരയുടെ രംഗപ്രവേശം. താലോലം എന്ന് തുടങ്ങുന്ന താരാട്ട് പാട്ട് ശ്രുതിമധുരമായ ഈണത്തില്‍ അവതരിപ്പിച്ച വിഡിയോ കാഴ്ചക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ പാട്ട് പ്രചാരം നേടുകയായിരുന്നു.
കവളപ്പാറ ദുരന്തത്തില്‍ പാതാറില്‍ വലിയ നഷ്ടം സംഭവിച്ച കുടുംബങ്ങളിലൊന്നായ കൊച്ചാനിമൂട്ടില്‍ അനീഷിന്റെയും ദീപയുടെയും മകളാണ് ആതിര. ദീപയുടെ കുടുംബവീട്ടില്‍ താമസിച്ചുവരവെ പ്രളയഭീതിയെ തുടര്‍ന്ന് താമസം മാറി. ബാങ്ക് വായ്പയും ചേര്‍ത്ത് വാങ്ങിയ ആറ് സെന്റ് ഭൂമിയും ഉപേക്ഷിക്കേണ്ടിവന്നു.
ഒന്നര വര്‍ഷമായി പോത്തുകല്ലില്‍ ക്വാര്‍ട്ടേഴ്സിലാണ് താമസം. അനീഷിന്റെ തുച്ഛവരുമാനം കൊണ്ട് വീട് സ്വപ്നം മാത്രമായി തുടരുകയാണ്. കാരുണ്യത്തിന്റെ കലാകാരിക്ക് വീടും സ്ഥലവും ഒരുക്കാന്‍ അധ്യാപകര്‍, പി.ടി.എ, മാനേജ്മെന്റ്, പൂര്‍വവിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി തിങ്കളാഴ്ച ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.