ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള പ്രഥമ ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിൽ (ഡി.ജെ.ഡബ്ല്യൂ.ഇ) തിളങ്ങിയവരാണ് ഖത്തരി ഡിസൈനർമാർ. അറബ് പാരമ്പര്യവും പൈതൃകവും നിലനിർത്തുന്ന ആഭരണങ്ങൾ രൂപകൽപന ചെയ്തും പഴമയെ പുതുമോടിയോടെ അവതരിപ്പിച്ചും അവർ ഒരുക്കിയ പ്രദർശനങ്ങൾ ആറു ദിവസങ്ങളിലായി നടന്ന ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിൽ ഏറെ ശ്രദ്ധേയമായിരുന്നു.
തദ്ദേശീയ ഡിസൈനർമാർക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി അഞ്ച് വർഷം മുമ്പാണ് എക്സിബിഷനിൽ ഖത്തരി ഡിസൈനേഴ്സ് ഇനിഷ്യേറ്റിവിന് രൂപം നൽകിയത്. ഖത്തരി പ്രതിഭകൾക്ക് ഒരു പവലിയൻതന്നെ എക്സിബിഷനിൽ സംഘാടകർ ഇത്തവണ തയാറാക്കിയിട്ടുണ്ട്. വളർന്നുവരുന്ന പ്രദേശിക ഡിസൈനർമാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ലോകത്തിന് മുന്നിലെത്തിക്കാനും പിന്തുണ നൽകുകയാണ് ഖത്തരി ഡിസൈനേഴ്സ് ഇനിഷ്യേറ്റിവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറയുന്നു.
ഖത്തരി ഡിസൈനർമാരിൽ നമുക്ക് ഏറെ അഭിമാനിക്കാനുണ്ട്. നേരത്തെ നമ്മുടെ കൂടെയുണ്ടായിരുന്ന പ്രതിഭകൾ ഇപ്പോൾ വിജയകരമായ ബ്രാൻഡുകളുടെ ഉടമകളായി മാറിയിരിക്കുന്നുവെന്നും ഭാവിയിലും കൂടുതൽ ഡിസൈനർമാർ മുന്നോട്ടുവരുമെന്നും ഈ സുവർണാവസരം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്ബർ അൽ ബാകിർ പറഞ്ഞു.
ഖത്തരി ഡിസൈനറായ ശൈഖ ബിൻത് മുഹമ്മദിന്റെ ഉടമസ്ഥതയിൽ 2011ൽ ആരംഭിച്ച അൽ ഗഹ്ല ജ്വല്ലറി ഇതിനകം തന്നെ നിരവധി പ്രാദേശിക, അന്തർദേശീയ പ്രദർശനങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. മുത്ത് വാരൽ പാരമ്പര്യത്തിന് പിന്തുണ നൽകിക്കൊണ്ട് പ്രാദേശിക അഭിരുചികൾക്കുകൂടി മുൻതൂക്കം നൽകിയാണ് അൽ ഗഹ്ല ആഭരണ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നത്.
2018ൽ സഹോദരങ്ങളായ മറിയം, നൂറ അൽ മിഅ്ദാദി എന്നിവർ ആരംഭിച്ച തമീം ബ്രാൻഡിലെ അൽ ബാഹിയ കലക്ഷനും താജ് കലക്ഷനും ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്. ഡി.ഡബ്ല്യൂ ജ്വല്ലറിയുമായി അൽദാന ഹമദ് അൽ ഹെൻസാബും പ്രദർശനത്തിനുണ്ട്.
ഹിസ്സ അൽ മന്നാഇ, ജൗഹർ അൽ മന്നാഇ എന്നീ സഹോദരികളുടേതായി ലേഡി റോസ്, സുഹൈൽ സ്റ്റാർ എന്നീ അത്യാധുനിക കലക്ഷനുകളും പ്രദർശനത്തിൽ ശ്രദ്ധേയമാണ്. ഖത്തരി സംസ്കാരത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് എച്ച് ജ്വല്ലറിയുടെ ബട്ടർഫ്ലൈ കലക്ഷനും ഇത്തവണ പ്രദർശനത്തിനുണ്ട്.ഡിസൈൻ രംഗത്തെ പ്രതിഭയായ ഹമദ് അൽ മുഹമ്മദാണ് എച്ച് ജ്വല്ലറിയുടെ പിന്നിൽ.
സമീറ അൽ മുല്ലയുടെ ഹിസ്സ ജുവൽസ്, അറബ് കാലിഗ്രഫിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടുള്ള മിദാദ് ജ്വല്ലറി, നൗഫ് ജ്വല്ലറി എന്നിവരും ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിൽ ഖത്തരി ഡിസൈനേഴ്സ് പവലിയനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.