ദമ്മാം: സംഗീതവിദ്യാഭ്യാസത്തിനുള്ള വിലക്കുകൾ എടുത്തുകളയുകയും സംഗീതവിദ്യാലയങ്ങൾ ആരംഭിക്കുകയും ചെയ്തതോടെ നിരവധി നേട്ടവും അംഗീകാരങ്ങളും നേടി സൗദിയിലെ യുവസമൂഹം പുതിയ ചരിത്രം കുറിക്കുന്നു. 2020ലാണ് സൗദി മ്യൂസിക് കമീഷൻ നിലവിൽവന്നത്.
ഇത് സംഗീതവഴിയിലേക്ക് നിരവധി പേർക്കുള്ള അവസരങ്ങളാണ് തുറന്നുകൊടുത്തത്. സംഗീതവഴിയിൽ പുതിയ നേട്ടങ്ങൾ കീഴടക്കിയ സൗദി പ്രതിഭയാണ് 17കാരി നോഹ അൽസഹ്മി. സൗദിയിലെ വിലക്കുകൾ നീങ്ങിയതോടെ പതിനഞ്ചാം വയസ്സിൽ സോഷ്യൽ മീഡിയയിൽ ആദ്യ ഗാനവുമായി അവൾ പ്രത്യക്ഷപ്പെട്ടു.
കൗമാരക്കാരുടെ ആന്തരിക സംഘർഷങ്ങളെക്കുറിച്ചുള്ള ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും സാമൂഹികാംഗീകാരം നേടുകയും ചെയ്തു. തങ്ങളുടെ മനസ്സ് അതേപടി പകർത്തിയ ഗാനത്തിന്‍റെ വരികളും സംഗീതവും ആലാപനവുമെല്ലാം ഏറ്റവും കൂടുതൽ സ്വാധീനിച്ചത് കൗമാരക്കാരെയാണ്. മാത്രമല്ല, നിരവധി കൗമാരക്കാരെ ഈ വഴിയിലേക്കു നയിക്കാനും ഇത് കാരണമായി. നോഹ ഇപ്പോൾ പുറത്തിറക്കിയ 'ഗുഡ് ലക്ക് സ്ലീപ് ഇൻ' എന്ന ഗാനവും വിജയത്തിന്റെ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്.
യൂട്യൂബിലും ആപ്പിൾ മ്യൂസിക്കിലും സ്പോട്ടിഫൈയിലും അപ് ലോഡ് ചെയ്ത ഗാനം ലോകം ഏറ്റെടുത്തുകഴിഞ്ഞു. ഇത് കേവലം പാട്ടുമാത്രമല്ല, മാനസികവ്യാപാരങ്ങളെ മറ്റുള്ളവരിലേക്ക് പകരാനുള്ള ഉപാധികൂടിയാണെന്ന് നോഹ പറയുന്നു. പാട്ട് വൈറലായതോടെ സൗദിയിലെ അമേരിക്കൻ എംബസിയിൽ ഒരു സംഗീതപരിപാടിയിലേക്ക് അവൾ ക്ഷണിക്കപ്പെട്ടു. കഴിഞ്ഞവർഷത്തെ സൗദി ദേശീയദിനാഘോഷ പരിപാടിയിൽ പാടാൻ അമേരിക്കയിലെ സൗദി എംബസി അവളെ വാഷിങ്ടൺ ഡി.സിയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി.
ഇംഗ്ലീഷ് സംഗീതത്തെ ഇഷ്ടപ്പെടുന്ന നോഹ അൽസഹ്മി സംഗീതവഴിയിൽ സൗദിയുടെ പേര് ലോകത്ത് അടയാളപ്പെടുത്തുകയാണ്. സൗദിയിലെ യുവഗായകർ സംഗമിച്ച റിയാദിലെ 'ഓപൺ നൈറ്റ് മൈസ്' സംഗീതപരിപാടിയിൽവെച്ച് അൽസഹ്മി സമാന കഴിവുള്ള ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടെത്തുകയും അവരെ കൂടെ കൂട്ടി പുതിയ മ്യൂസിക് ബാൻഡിന് രൂപംകൊടുക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ വൈറലായ സൗദി യുവഗായകർക്കായി ഒരുക്കിയ പരിപാടിയായിരുന്നു ഓപൺ നൈറ്റ് മൈസ്. ഫങ്ക്, ക്ലാസിക് റോക്ക്, ഹിപ് ഹോപ്പ്, ആർ ആൻഡ് ബി, ജാസ് തുടങ്ങിയ പടിഞ്ഞാറൻ സംഗീതത്തിന്റെ പല വഴികളിലൂടെയെല്ലാം ഈ സൗദിയുവത്വവും സഞ്ചരിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. പാട്ടുകൾ എഴുതുകയും സംഗീതം നൽകുകയും ആലപിക്കുകയും ചെയ്തുകൊണ്ട് അവർ കലയുടെ പുതിയ ചക്രവാളങ്ങൾ തേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.