തൃശൂരും പാലക്കാടും കസവു പുടവ കൊണ്ട് അതിരുവരച്ച കുത്താമ്പുള്ളി ഗ്രാമവും ഗായത്രിപ്പുഴയും ഒാണം അടക്കമുള്ള വിശേഷ ദിനങ്ങൾ പ്രതീക്ഷിച്ചിരിപ്പാണ്. ഉത്സവ വേളകളിൽ പ്രത്യേകിച്ച്, ഓണത്തിന് രണ്ടുമാസം മുമ്പുതൊട്ടേ ഇവിടെ പൂരത്തിരക്ക് തുടങ്ങും. നെയ്ത്തുശാലകളിൽ കസവുപാവുകളും വർണനൂലുകളും ചേർന്നൊരുങ്ങുന്ന ശബ്ദം. തെരുവുകളിൽ നൂറുകണക്കിന് കടകൾ. കടലിനക്കരെയും കുത്താമ്പുള്ളി എന്ന ഗ്രാമത്തിന് പേരുണ്ടാക്കിയത് കസവാണ്. കുത്താമ്പുള്ളിയിൽനിന്ന് ഇപ്പോഴും കസവു വസ്ത്രങ്ങൾ കയറ്റിപ്പോകുന്നു.
അല്പം ചരിത്രം
കർണാടകയിലെ പാരമ്പര്യ നെയ്ത്തുകാരായ ദേവാംഗ സമുദായക്കാരായ 10 കുടുംബങ്ങളെ കൊച്ചി രാജാവ് ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന ഇവിടെ എത്തിച്ചതോടെയാണ് കുത്താമ്പുള്ളിയെന്ന ഗ്രാമത്തിന്റെ സമൃദ്ധകാലം തുടങ്ങുന്നത്. കസവുപാവുകളും വർണനൂലുകളും ചേർന്നൊരുക്കുന്ന ശബ്ദമിശ്രണത്തിൽ ദേവാംഗ കുടുംബങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന കസവുകൾ നെയ്തെടുക്കാൻ തുടങ്ങിയതോടെ കുത്താമ്പുള്ളിയുടെ കീർത്തി നാടെങ്ങും പരന്നു. വെള്ളം ആവശ്യമുള്ള തൊഴിലായതിനാൽ നദീതീരങ്ങളിൽ തന്നെ തമ്പടിച്ചായിരുന്നു നെയ്ത്ത്.
കരപിടിപ്പിച്ച മുണ്ടിലും സെറ്റ് സാരിയിലും അവരുടെ നെയ്ത്തുശൈലിയിലെ ചാതുര്യം വിരിഞ്ഞതോടെ കസവ് തേടി കുത്താമ്പുള്ളിയിലേക്ക് ആളുകൾ വന്നുതുടങ്ങി. നാടിെൻറ അതിർത്തികൾ കടന്ന് രാജ്യമെങ്ങും പൊൻകസവിെൻറ കഥ പരക്കാൻ പിന്നെ അധികനാൾ വേണ്ടിവന്നില്ല. 90കൾക്കു ശേഷമാണ് പ്രശസ്തി മറുനാടുകളിലേക്ക് വ്യാപിച്ചുതുടങ്ങിയത്. തനിമയും പൈതൃകവും മുറുകെപ്പിടിച്ച തലമുറ കുത്താമ്പുള്ളി കസവ് നെഞ്ചോടു ചേർത്തതോടെ കടൽ കടന്നും നെയ്ത്തുഗ്രാമത്തിെൻറ പെരുമ ചരിത്രമായി. 10 കുടുംബങ്ങളുണ്ടായിരുന്നത് ഇന്ന് 800 കുടുംബങ്ങളായി. വടക്കൻ മേഖലയിൽ പ്രചരിച്ച തട്ടവും വന്നിരുന്നത് ഇവിടെ നിന്നുതന്നെ.
ഊടും പാവും നെയ്യുന്ന ഗ്രാമം
പാരമ്പര്യം ഇന്നും കാക്കുന്ന ഗ്രാമത്തിൽ നെയ്ത്തുമായി ബന്ധമില്ലാത്ത ഒരു വീടുപോലും ഇല്ലെന്നുതന്നെ പറയാം. പലരും വീട്ടിൽ തന്നെ നെയ്യുമ്പോൾ, ജോലിത്തിരക്കു കഴിഞ്ഞ് സാരിയുടെ കര പിടിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും സ്ത്രീകൾ. തുണികളിൽ ചിത്രം പിടിപ്പിക്കൽ, അത് വരച്ചു ചേർക്കൽ... എന്നുവേണ്ട, തിരക്കിലാണ് എപ്പോഴും കുത്താമ്പുള്ളിയിലെ വീടുകൾ. പാരമ്പര്യമായി നെയ്ത്തുതൊഴിലാളികളും കച്ചവടക്കാരുമുണ്ട് ഇവരിൽ.
ഒരേ സമുദായക്കാർ, അവരുടേതായ ആചാരങ്ങൾ, ആഘോഷങ്ങൾ. സമുദായ യോഗങ്ങൾ ചേർന്ന് ഇവർ കാര്യങ്ങൾ തീരുമാനിക്കുന്നു. നെയ്ത്തുമായി ബന്ധപ്പെട്ട് ഒരു സഹകരണ സംഘവും രൂപവത്കരിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ ഏറെ ലാഭം കൊയ്യുന്ന സൊസൈറ്റിയാണിത്. 1972ലാണ് 102 അംഗങ്ങളുമായി സൊസൈറ്റി രൂപവത്കരിച്ചത്. സഹകരണ സംഘത്തിനു കീഴിൽ കസവ് ഡബ്ൾ മുണ്ട്, സെറ്റ് മുണ്ട് എന്നിവ തയ്ക്കുന്നു. 200 തറികളാണ് ഇപ്പോഴുള്ളത്.
ഹാന്ഡ് ലൂമും പവര്ലൂമും
കൈ കൊണ്ട് നെയ്യുന്ന പാരമ്പര്യ വസ്ത്രങ്ങളിലാണ് കുത്താമ്പുള്ളിയുടെ പ്രശസ്തി. കസവ് ഡബ്ൾ മുണ്ട്, വേഷ്ടി, സെറ്റ് മുണ്ട്, സെറ്റ് സാരി. 75 കാലഘട്ടത്തിലാണ് കസവ് ആദ്യമായി കുത്താമ്പുള്ളിയിലെത്തിയതെന്ന് ആശാ ഹാൻഡ്ലൂംസിെൻറ അമരക്കാരനായ ബാലചന്ദ്രൻ പറയുന്നു. ഇപ്പോൾ കോയമ്പത്തൂരിൽനിന്ന് നൂലും പാവും എത്തുന്നു. കസവ് എത്തുന്നത് സൂറത്തിൽനിന്ന്. തറിയിലെ മെഷീനിൽ ജക്കാർഡ് എന്ന അച്ചിട്ടാണ് ഡിസൈൻ അടിക്കുന്നത്. പാരമ്പര്യച്ചുവയുള്ള ഹാൻഡ്ലൂം ഡിസൈനുകൾ തേടി വരുന്നവർ ഏറെയാണ്.
ടിഷ്യൂ സാരികളുടെ പൊലിമ
അപ്ലിക് വർക്കുകളുടെ (applique work) കാലമാണിത്. ടിഷ്യൂ സാരികളിൽ ചിത്രങ്ങൾ വെച്ച് ഓവർലോക്ക് ചെയ്ത് പിടിപ്പിക്കുന്നതാണ് അപ്ലിക് വർക്ക്. ഒരു ഇഴ കോട്ടൻ നൂലും ഒരു ഇഴ കസവുനൂലും കൂടിയ ഇഴപാകിയ കൈത്തറിയാണ് ടിഷ്യൂ സാരി. മുദ്രകളോടു കൂടിയ കലങ്കാരി സാരികളാണ് കൂടുതൽ വിറ്റു പോകുന്ന െട്രൻഡി സാരികൾ.
സെറ്റ് സാരിയിലും മറ്റും കലങ്കാരി ഡിസൈനുകളിലെ കരകൾ പിടിപ്പിച്ച് കുത്താമ്പുള്ളി സ്റ്റൈലാക്കിയിരിക്കുന്നു. ടിഷ്യൂ സാരികളിലെ മ്യൂറൽ പ്രിൻറുകളാണ് ചൂടപ്പംപോലെ വിറ്റുപോകുന്ന മറ്റൊരു വറൈറ്റി. കഥകളിയും ചുമർചിത്രങ്ങളും രാധയും കൃഷ്ണനുമൊക്കെ മ്യൂറലുകളായി സാരിയിൽ വർണക്കൂട്ടൊരുക്കുന്നു. മ്യൂറൽ പ്രിൻറുകൾ തിരുപ്പൂരിൽ നിന്നെത്തിക്കുന്നവയാണ്. ഹാൻഡ് പെയിൻറിങ്ങുകളും ഏറെയുണ്ട്.
സ്വർണക്കരക്കു പുറമെ സിൽവർ കരയുള്ള സെറ്റുസാരികളും ഇവ രണ്ടും ചേർന്നവയും ഇറങ്ങിയിട്ടുണ്ട്. മയിൽപ്പീലി ബോർഡറുകൾക്ക് ഡിമാൻഡ് ഏറെ. മാറിയ െട്രൻഡ് അനുസരിച്ച് ഇപ്പോൾ ഒരുപാട് വർണക്കൂട്ടുകൾ ഒരുക്കുന്നുണ്ട്. കോളജ് വിദ്യാർഥികളെ ഉദ്ദേശിച്ചുള്ളതാണ് ഹാൻഡ് പെയിൻറിങ് സാരികൾ. കസവ് ചുരിദാറുകൾ, ഖദർ ഷർട്ടുകൾ, പട്ടുപാവാട എന്നിവക്കും ഡിമാൻഡാണെന്ന് വില്ലേജ് കോട്ടൺ ഉടമ സുദർശൻ പറയുന്നു.
കടപ്പാട്: ആശ ഹാൻഡ് ലൂംസ്, വില്ലേജ് കോട്ടൺ, കുത്താമ്പുള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.