മണ്ണഞ്ചേരി: മരണത്തിന്റെ ദുരന്തമുഖത്തുനിന്ന് ഡോക്ടർ എന്ന സ്വപ്നത്തിലേക്കുള്ള നന്ദനയുടെ വഴിദൂരം കുറയുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് നന്ദു നിവാസിൽ നന്ദന (18), ഉയർന്ന റാങ്കോടെ ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിൽ പ്രവേശനം നേടി.
ഓട്ടോ ഡ്രൈവറായ ഉല്ലാസിന്റെയും റാണി മോളുടെയും മകളായ നന്ദനക്ക് 2018 ഡിസംബർ 13നാണ് ജീവിതത്തിലെ കറുത്ത അധ്യായം സംഭവിച്ചത്. എസ്.എൽ പുരം എസ്.എൻ ട്രസ്റ്റിൽനിന്ന് പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞ് കൂട്ടുകാരി മീനാക്ഷിയുമായി സൈക്കിളിൽ റോഡരികിൽ നിൽക്കുമ്പോൾ കഞ്ഞിക്കുഴി കമ്പിയകത്ത് ഭാഗത്ത് നിയന്ത്രണം തെറ്റി വന്ന കാറിടിക്കുകയായിരുന്നു. അപകടത്തിൽ കാനയിലേക്ക് തെറിച്ചുവീണ് തലക്കും കാലിനും കൈകൾക്കും ഗുരുതര പരിക്കേറ്റു. പ്രാഥമിക ചികിത്സക്കുശേഷം മരണം വിധിച്ച ആശുപത്രിയിൽനിന്ന് ജീവന്റെ നേരിയ തുടിപ്പുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തുടർചികിത്സ. അവിടെ ഒന്നര മാസം വെന്റിലേറ്ററിൽ. ആറ് സർജറി, ഒരു വർഷം നീണ്ട പ്ലാസ്റ്റിക് സർജറി, ഫിസിയോതെറപ്പി. ഒടുവിൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്.
ആ വർഷം അധ്യയനം മുടങ്ങിയെങ്കിലും 2019ൽ വീണ്ടും അതേ സ്കൂളിൽ പത്താം ക്ലാസിൽ ചേർന്നു. അധ്യാപകരുടെയും കൂട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ചേർത്തുനിർത്തലിൽ പത്തും പ്ലസ് ടുവും പൂർത്തിയാക്കി. സഹായിയെ വെച്ചാണ് പരീക്ഷ എഴുതിയത്. പരീക്ഷണം എന്നപോലെ മെഡിക്കൽ പ്രവേശന പരീക്ഷയും എഴുതി. ഉയർന്ന റാങ്കോടെ ജയിക്കുകയും ചെയ്തു. ഇതിനിടെ, സ്വന്തം ജോലിപോലും ഉപേക്ഷിച്ച് സഹോദരൻ നന്ദു എല്ലാത്തിനും കൂടെ നിന്നു. ഇപ്പോൾ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യുന്നുണ്ട് നന്ദന. നല്ല ഒരു ഡോക്ടർ ആകണം. എല്ലാവർക്കും തന്റെ സേവനം നൽകണം. അതാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.