മക്കളുടെ പേര് കൊണ്ട് അറിയപ്പെടണമെന്നത് അച്ഛനമ്മമാരുടെ സ്വപ്നമാണ്. അത്തരത്തിൽ മക്കളുടെ 'പേര്' കൊണ്ട് അറിയപ്പെടണമെന്ന ഒരു അച്ഛന്‍റെ നിശ്ചയ ദാർഢ്യത്തിലുദിച്ച പേരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കല്യാണക്കത്തിൽ വരന്‍റെ പേര് കണ്ടവർ ആദ്യം കരുതിയത് അച്ചടിപ്പിശകാണെന്നാണ്. സൂക്ഷിച്ച് പലയാവർത്തി വായിച്ചപ്പോഴും അർത്ഥം മനസിലാകാത്ത, വായിച്ചെടുക്കാൻ പ്രയാസം തോന്നുന്ന ഒരു പേര്. 'സുംനഫ്താഖ് ഫ്ലാവേൽ നൂൺ ഖരസിനോവ്'.
കോഴിക്കോട് കൊയിലാണ്ടിയിലെ തിരുവങ്ങൂർ സ്വദേശി ടി.സി സുരേന്ദ്രൻ എന്ന പൊലീസ് കോൺസ്റ്റബിളിന്‍റെ തലയിലുദിച്ച 'അക്ഷര കുസൃതിയാണ്' മക്കളുടെ പേര്. കാക്കിക്കുള്ളിലും കലകളെ സ്നേഹിച്ചിരുന്ന സുരേന്ദ്രന് വായന ഒരു ശീലമായിരുന്നു. നാടകങ്ങൾക്ക് തിരക്കഥയെഴുതിയും സംവിധാനം ചെയ്തും തിരക്കുപിടിച്ച കാലം. അക്കാലത്താണ് സുരേന്ദ്രനും ഭാര്യ തങ്കയ്ക്കും ആൺകുഞ്ഞ് ജനിക്കുന്നത്. സുമേഷ്, സതീഷ്, സുരേഷ് തുടങ്ങി സ്റ്റൈലൻ പേരുകളൊന്നും വേണ്ടെന്നും പേരിലെന്തെങ്കിലും വ്യത്യസ്തത വേണമെന്നതും ഒരു ജാതിയുടേയും മതത്തിന്‍റെയും കൂട്ട് പിടിക്കരുതെന്നും ദമ്പതികൾക്ക് നിർബന്ധമായിരുന്നു.
മക്കൾക്ക് പേര് കണ്ട് പിടിക്കുന്നത് പ്രയാസമാണ്. കേൾക്കാൻ ഇമ്പമുള്ളതും, ചേരുന്നതുമായിരിക്കണം പേര്. എന്ത് പേരിടും എന്ന ചിന്തയാണ് ആദ്യ മകന്‍റെ പേര് സുംതാഖ് എന്നതിലേക്കെത്തിയത്. സുരേന്ദ്രന്‍റെ 'സു'യും തങ്കയുടെ 'ത'യും കൂട്ടിച്ചേർത്തായിരുന്നു ആദ്യ പരീക്ഷണം. പ്രാസമൊപ്പിച്ച് 'ഖ'യും ചേർത്തതോടെ ആദ്യ മകൻ സുംതാഖ് ആയി. ഇഷ്ടപ്പെട്ട ഗവർണറുടെ പേരിനോടൊപ്പം ഇഷ്ട വാക്കും കൂടെ ചേർന്നതോട് മൂത്ത മകൻ സുംതാഖ് ജയ്സിൻ ഋഷിനോവ് എന്നറിയപ്പെട്ടു.
അധികം വൈകാതെയെത്തിയ രണ്ടാമത്തെ മകനും പേരിനൊട്ടും ഗുമ്മ് കുറച്ചില്ല. രണ്ടാമന് സുംഷിതാഖ് ലിയോഫർദ്ദ് ജിഷിനോവ് എന്ന് പേര് നൽകി. മൂന്നാമനാണ് വരൻ സുംനഫ്താഖ് ഫ്ലാവേൽ നൂൺ ഖരസിനോവ്. വായനയെ ഇഷ്ടപ്പെട്ടിരുന്ന സുരേന്ദ്രൻ പണ്ട് ദേശാഭിമാനിയിൽ വായിച്ച ലേഖനത്തിൽ നിന്നാണ് ഖരസിനോവ് എന്ന് പേര് കിട്ടിയത്.
മൂന്ന് പേരുടെയും പേര് 'നോവ്'-ൽ അവസാനിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ അവരെ യഥാക്രമം ഋഷിനോവ്, ജിഷിനോവ്, ഖരസിനോവ് എന്ന് വിളിച്ചു. മക്കളുടെ പേര് മാത്രമല്ല, വീട്ടു പേരിലും ഇതേ വ്യത്യസ്തത കൊണ്ടുവരാൻ സുരേന്ദ്രൻ ശ്രമിച്ചിട്ടുണ്ട് - ത്രയാഖ് കരേസ്. കരേസ് എന്നത് ഓമനിക്കുക, താലോലിക്കുക, ലാളിക്കുക എന്നിങ്ങനെ അർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കാണ്. ത്രയാഖ് എന്നാൽ മൂന്ന് എന്നർത്ഥം.
പേരുകളിലേറെ വ്യത്യസ്തതയുള്ള സുരേന്ദ്രന്‍റെ വീടിപ്പോൾ കല്യാണത്തിരക്കിലാണ്. കുണ്ടുപറമ്പ ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ വരൻ സുംനഫ്താഖിന് ഔദ്യോഗിക രേഖകളിൽ എഴുതാൻ സ്ഥലം തികയാത്തതൊഴിച്ചാൽ പേര് എന്നും ഒരു അനുഗ്രഹമാണ്. മരുമക്കൾക്കും ഭർത്താക്കന്മാരുടെ പേര് കൗതുകമാണ്. പേരിന്‍റെ പിന്നിലെ കഥ ചോദിച്ചെത്തുന്നവർക്ക് രസകരമായ ആ കഥയെക്കുറിച്ച് രണ്ടാമൻ സുംഷിതാഖിന്‍റെ ഭാര്യ പ്രജിത രാജേന്ദ്രൻ ഫേസ്ബുക്കിൽ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ആ കൗതുകത്തിലേക്ക് കൂട്ടുകൂടാൻ കാത്തുനിൽക്കുകയാണ് കുന്ദമംഗംലം സ്വദേശിയായ സുംനഫ്താഖിന്‍റെ ഭാവി വധു അനേനയും. മലാപ്പറമ്പ് കെ.പി.ഐ ഹെൽത് കെയർ ഇന്ത്യയിൽ ബയോ മെഡിക്കൽ എഞ്ചിനീയർ ആണ് അനേന. പഠനകാലത്ത് ഏത് നാട്ടിലും പേരിനാൽ അറിയപ്പെടാൻ സാധിച്ചിരുന്നുവെന്ന് മക്കൾ പറഞ്ഞിരുന്നതായും സുരേന്ദ്രൻ കൂട്ടിച്ചേർക്കുന്നുണ്ട്.
ഏതായാലും ഈ കഥ ഇവിടെ അവസാനിക്കുന്നില്ലെന്ന പ്രഖ്യാപനവുമായാണ് സുംതാഖിന്‍റെ മകൻ സുംഹൈതാഖ് മെസ്ലിൻ ജൂറിയനോവിന്‍റെയും, സുംഷിതാഖിന്‍റെ മക്കളായ സാത്വിക് ജുവാൻ ജിഷിനോവിന്‍റെയും സിദേൻ വെസ്‌ലി ജിഷിനോവിന്‍റെയും വരവ്. സുംഹൈതാഖിന്‍റെ കുഞ്ഞ് സഹോദരി ശിവയ്ക്ക് പേര് കണ്ടെത്താനുള്ള പണിപ്പുരയിലാണ് സുരേന്ദ്രനിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.