എം.എം. മുസ്തഖീനും മർവാൻ അനീസും ഇലക്ട്രിക് വീൽ ബോറോയുമായിഇരിങ്ങാലക്കുട: കൈവിരലുകള്‍ തീര്‍ത്ത വിസ്മയങ്ങളും പാഴ്വസ്തുക്കളില് വിരിഞ്ഞ അലങ്കാരവസ്തുക്കളും കുട്ടിശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളും ഇളംതലമുറയുടെ കുഞ്ഞുകുഞ്ഞു നിര്‍മാണ മാതൃകകളുമായി ജില്ല ശാസ്ത്രോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കം.
പാഴ്വസ്തുക്കള്‍കൊണ്ട് ഉപയോഗപ്രദമായ നിരവധി വസ്തുക്കളാണ് കുരുന്നുഭാവനയില്‍ രൂപംകൊണ്ടത്. ശാസ്ത്രവും ഗണിതവും ഭാവനയും ഒത്തുചേര്‍ന്നപ്പോള്‍ കുരുന്നുകള്‍ വിരിയിച്ച വിസ്മയങ്ങള്‍ കാഴ്ചക്കാരിലും അതിശയവും അഭിമാനവുമുണ്ടാക്കി. സ്കൂള്‍ ശാസ്ത്രോത്സവത്തിന്റേയും എക്സ്പോയുടേയും ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടി.എന്‍. പ്രതാപന് എം.പി നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂളില്‍ വൊക്കേഷനല്‍ എക്സ്പോ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസണ്‍ എം.എല്‍.എ മുഖ്യാതിഥിയായി. മുനിസിപ്പല്‍ ചെയര്പേഴ്സൻ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.
ആദ്യദിനം പിന്നിടുമ്പോൾ 932 പോയന്റുമായി കൊടുങ്ങല്ലൂർ ഉപജില്ലയാണ് ഒന്നാമത്. തൃശൂർ വെസ്റ്റ് 860 പോയന്റുമായി രണ്ടാമതും 853 പോയന്റുമായി ആതിഥേയരായ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ 265 പോയന്റുമായി പനങ്ങാട് എച്ച്.എസ്.എസാണ് ഒന്നാമത്. ചെന്ത്രാപ്പിന്നി എച്ച്.എസ് 199 പോയന്റുമായി രണ്ടാമതും ചാലക്കുടി എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ് മൂന്നാമതുമാണ്.
ബുധനാഴ്ച എച്ച്.എസ്.എസ് വിഭാഗം തത്സമയ നിർമാണ മത്സരങ്ങളും പ്രോജക്ട് മത്സരങ്ങളും ടീച്ചിങ് എയിഡ് മത്സരങ്ങളുമാണ് നടക്കുക. സമാപന സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
തങ്ങളുടെ തണ്ണീർമത്തൻ ദിനങ്ങളിൽ മുസ്തഖീനും മർവാനും ആ തീരുമാനമെടുത്തു. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും തങ്ങളാൽ കഴിയാവുന്നതെന്തെങ്കിലും ചെയ്തുകൊടുക്കണം. അങ്ങനെ അവർ ‘മാതാ ജെറ്റ്’ പോലെ സസ്പെൻഷനും നാലാൾക്ക് ഉപകാരപ്രദവുമായൊരു വണ്ടിയുണ്ടാക്കി.
ഇതുകണ്ടാൽ വേണമെങ്കിൽ ‘അർബാന ജെറ്റ്’ എന്ന് വിളിക്കാം. സംഗതി സിംപ്ൾ. അർബാനയെ അൽപമൊന്ന് അഴിച്ചുപണിത് പിറകിലേക്ക് രണ്ട് ചക്രങ്ങൾ ഘടിപ്പിച്ചു. പിന്നെ ഇലക്ട്രിക് സ്കൂട്ടറിന് സമാനമായി എൻജിനും അത് പ്രവർത്തിപ്പിക്കാൻ 48 വോൾട്ട് ബാറ്ററിയും ഘടിപ്പിച്ചു.
കൈയിൽ ആക്സിലറേറ്ററും ബ്രേക്കും കൊണ്ടുവന്നു. അഞ്ചു മണിക്കൂർ ചാർജ് ചെയ്താൽ 250 കിലോ വരെ കയറ്റി 65 കിലോമീറ്റർവരെ ഓടിക്കാം. കൈക്ക് ഭാരം തോന്നാതിരിക്കാൻ മുൻചക്രത്തിൽ സസ്പെൻഷനുവേണ്ടി ഷോക്ക് അബ്സോർബർ ഘടിപ്പിച്ചു. ഒരാൾക്ക് പോകാവുന്ന ചവിട്ടുവഴിയിലൂടെയുൾപ്പെടെ ഭാരവും വഹിച്ച് പോകാം.
ഇലക്ട്രോണിക്സിൽ മർവാന്റെ കമ്പം കേട്ടറിഞ്ഞ അയൽവാസിയും ഫാം ഉടമയുമായ ഷാഹുൽ ഹമീദാണ് ഇങ്ങനെയൊരു വാഹനം ഉണ്ടാക്കാൻ സഹായിക്കാമോ എന്ന് ചോദിച്ചെത്തിയത്. പിന്നെ പരീക്ഷണമായി. കിട്ടാവുന്നതെല്ലാം ഓൺലൈനിലൂടെ വാങ്ങി. 50,000 രൂപയായി നിർമാണ ചെലവ്.
വാഹനം ഇഷ്ടപ്പെട്ട ഷാഹുൽ ഹമീദ് അത് വാങ്ങുകയും ചെയ്തു. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസ് ഓട്ടോമൊബൈൽ രണ്ടാം വർഷ വിദ്യാർഥിയാണ് മുസ്തഖീൻ. ഇലക്ട്രോണിക് ബൈക്കും സൈക്കിളും മുമ്പ് ഉണ്ടാക്കിയിട്ടുണ്ട് ഈ മിടുക്കൻ. ഒന്നാം വർഷ വിദ്യാർഥിയായ മർവാൻ അറബി സംസാരിക്കുന്ന റോബോട്ട് ഉണ്ടാക്കി ശ്രദ്ധ നേടിയിരുന്നു.
ആശാരിപ്പണി പഠിച്ചിട്ടില്ല, ചിലതെല്ലാം കണ്ട് പരിചയിച്ചിട്ടുണ്ടെന്ന് മാത്രം. എന്നിട്ടും റോഷ് രാജിന്റെ ആട്ടുതൊട്ടിലിന്റെ ഓമനത്തം കുറഞ്ഞില്ല. കൊച്ചു തച്ചനേക്കാൾ കൈവഴക്കത്തോടെ റോഷ് രാജിന്റെ കൈകളിൽ ഇണങ്ങി കൊട്ടുളിയും മരച്ചുറ്റികയും. ഏണി, ചിരവ, ഡെസ്ക്, പഴയ വീട്ടകങ്ങളിലെ ഇരിപ്പിടമായ മരപ്പലക ഇതിനെല്ലാം ഒരു തച്ചൻ നിർമിച്ചതിനോളം ഉറപ്പുണ്ട്.
മാർക്കിടാനെത്തിയ നിരീക്ഷകർ കയറി ഇരുന്നും മറിച്ചിട്ടുമെല്ലാം ഉറപ്പും നിർമാണവും പരിശോധിക്കുമ്പോൾ ഒരു ചെറുചിരിയോടെ റോഷ് രാജ് നിൽപ്പുണ്ടായിരുന്നു.
ഉപജില്ല മേളയിൽ ആട്ടുതൊട്ടിൽ ഉണ്ടായിരുന്നില്ല. തന്റെ നിർമാണത്തിൽ അൽപം ഓമനത്തം വേണമെന്നോർത്തപ്പോഴാണ് എന്നാൽ ഒരു ആട്ടുതൊട്ടിൽതന്നെ പണിയാമെന്ന് തീരുമാനിച്ചത്. കൈപ്പമംഗലം ഗവ. ഫിഷറീസ് വി.എച്ച്.എസ്.എസ് കൊമേഴ്സ് വിദ്യാർഥിയാണ്.
വീട് നിർമാണ തൊഴിലാളിയായ രാജേഷിന്റെയും റീജയുടേയും മകനാണ്. രണ്ട് മണിക്കൂറിനുള്ളിൽ മരക്കസേരയും മേശയും ടീപ്പോയിയും മാത്രമല്ല സിംഗ്ൾ കോട്ട് കട്ടിൽവരെ തയാറാക്കി. എച്ച്.എസ് വിഭാഗത്തിൽ ചേർപ്പ് സി.എൻ.എൻ ബോയ്സ് ഹൈസ്കൂളിലെ കെ.എം. അദ്വൈത് കൃഷ്ണനാണ് ഒന്നാം സ്ഥാനം.
ഇരിങ്ങാലക്കുട: പഴകിയ ഭക്ഷണം തിരിച്ചറിയാനും നല്ല ഭക്ഷണം വിതരണം ചെയ്യാനുമായി ഫോസ്ഫോഡ് റോബോ അവതരിപ്പിച്ച് അരിമ്പൂര്‍ ഹയര്‍ സെക്കൻഡറി സ്കൂൾ പത്താം ക്ലാസുകാരായ ബിബിന്‍ എം. മാര്‍ട്ടിനും ഡാനിയേല്‍ എ. സിജോയും. ഫോസ് ഫോഡ് റോബോ ഹോട്ടലുകളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഭക്ഷണം പഴകിയതാണോ ഭക്ഷ്യ യോഗ്യമാണോ എന്ന് റോബോ ഡിസ്പ്ലേയിലൂടെ കാണിച്ചും തരുമെന്നന്നും ഈ വിവരം റോബോ തന്നെ ഫുഡ് ഇന്‍സപെക്ടര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
പരസഹായം കൂടാതെ ഹോട്ടലുകളിലും ആശുപത്രികളിലും റോബോ ഭക്ഷണം വിതരണം ചെയ്യും. ഹോട്ടുകളില്നിന്ന് പുറത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഡ്രോണും ഇവര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ചെലവ് വളരെ കുറഞ്ഞ രീതിലാണ് ഇതിന്റെ രൂപകൽപന. ഫോസ് ഫോഡ് റോബോ ഭക്ഷണശാലകളില്‍ സ്ഥാപിച്ചാല്‍ മാത്രമേ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കൂ എന്ന വ്യവസ്ഥയുണ്ടെങ്കിൽ ഭക്ഷ്യവിഷബാധ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
സ്ത്രീകൾക്ക് മുന്നിൽ ആളാവേണ്ട... ഒറ്റച്ചവിട്ടിൽ കിട്ടും കനത്ത ഷോക്ക്. അനുവാദമില്ലാത്ത സ്പർശനം മുതൽ നോട്ടംവരെ സ്ത്രീകൾ പൊതുയിടങ്ങളിൽ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ ദിനംപ്രതി ചർച്ചയാകുമ്പോഴാണ് ഇതിനൊരു പരിഹാരമായി ഒരു ഉൽപന്നം നിർമിക്കാൻ പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസിലെ ഇ.എ. സൂര്യദേവും സിനാൻ പി. സിദ്ദീഖും ഇറങ്ങിപ്പുറപ്പെട്ടത്.
സ്ത്രീ സുരക്ഷക്ക് ചെരുപ്പിന്റെ രൂപത്തിൽ ഒരു ഉൽപന്നം നിർമിച്ച് സാമൂഹിക വിരുദ്ധർക്ക് ഷോക്ക് നൽകിയിരിക്കുകയാണ് ഇരുവരും. ചെരുപ്പിൽ ഘടിപ്പിക്കുന്ന ഒരുസ്പാർക് ജനറേറ്ററാണ് ഈ ഉൽപന്നത്തിലെ പ്രധാന ഘടകം. 230 വോൾട്ട് ചാർജ് ചെയ്യാവുന്നൊരു ബാറ്ററിയും സ്വിച്ചും ഇതിലുണ്ട്. ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ കാലുകൊണ്ടുതന്നെ സ്വിച്ച് ഓപറേറ്റ് ചെയ്യാം. അക്രമിയെ ചെരുപ്പിന്റെ അടിഭാഗം വെച്ച് ഒന്നു തൊട്ടാൽമതി ഷോക്കടിക്കും. വെറും 399 രൂപക്ക് ഇത് വിൽക്കാൻ കഴിയുമെന്ന് ഇരുവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.