2004ൽ കോളക്കമ്പനി നാടുവിടുകയും കൊക്കക്കോള ഉൽപാദനം നിലക്കുകയും ചെയ്തിട്ടും ഇപ്പോഴുമെന്തിനാണ് സമരമെന്ന ചോദ്യങ്ങളും ചുറ്റുംനിന്ന് ഉയരുന്നുണ്ട്.
അതിനുത്തരം കിട്ടണമെങ്കിൽ രണ്ടു പതിറ്റാണ്ടിലധികമായി പ്ലാച്ചിമടക്കാർ നേരിടുന്ന നീതിനിഷേധങ്ങളുടെ ചരിത്രം മനസ്സിലാക്കണം
കൊക്കക്കോള കമ്പനിക്കെതിരെ പ്ലാച്ചിമടയിൽ ഒരു ജനത നടത്തുന്ന ഐതിഹാസിക സമരം ഇരുപതാണ്ട് പിന്നിടുന്നു. 2002ലാണ് പ്ലാച്ചിമട സമരം ആരംഭിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിപ്പുറവും ഇവിടുത്തുകാർ സമരപാതയിൽതന്നെയാണ്. 2004ൽ കോളക്കമ്പനി നാടുവിടുകയും കൊക്കക്കോള ഉൽപാദനം നിലക്കുകയും ചെയ്തിട്ടും ഇപ്പോഴുമെന്തിനാണ് സമരമെന്ന ചോദ്യങ്ങളും ചുറ്റുംനിന്ന് ഉയരുന്നുണ്ട്. അതിനുത്തരം കിട്ടണമെങ്കിൽ 2000 മുതൽ പ്ലാച്ചിമടയിൽ നടന്ന സംഭവങ്ങൾ പരിശോധിക്കണം. രണ്ടു പതിറ്റാണ്ടിലധികമായി പ്ലാച്ചിമടക്കാർ നേരിടുന്ന നീതിനിഷേധങ്ങളുടെ ചരിത്രം മനസ്സിലാക്കണം.
കോളക്കമ്പനിയുടെ വരവ്
23 വർഷങ്ങൾക്കു മുമ്പാണ് കൊക്കക്കോള കമ്പനി പ്ലാച്ചിമടയിലെത്തുന്നത്. കേരളത്തിൽ ഏറ്റവും സുലഭമായി ഭൂഗർഭ ജലം ലഭ്യമാവുക വാളയാർ ചുരത്തിനിടയിലൂടെ വെള്ളം പ്രവഹിക്കുന്ന പ്ലാച്ചിമടയിലാണെന്ന് സാറ്റലൈറ്റ് സർവേയിലൂടെ മനസ്സിലാക്കിയാണ് കൊക്കക്കോള കൊച്ചു ഗ്രാമമായ പ്ലാച്ചിമടയിലേക്ക് ചേക്കേറുന്നത്. അവിടെയുള്ള കർഷകരിൽനിന്നും സ്ഥലം വാങ്ങി കമ്പനി സ്ഥാപിച്ചു. കൃഷി പ്രധാന സാമ്പത്തിക മാർഗമായി ജീവിച്ചിരുന്ന പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതവും വരുംതലമുറയുടെ ജീവിതവും വരെ തകർക്കുന്ന വിധത്തിലാണ് കോളക്കമ്പനി പ്രവർത്തിച്ചത്. ജീവജലം കമ്പനി ഊറ്റിയെടുത്തു. മണ്ണും പരിസ്ഥിതിയും മലിനമാക്കി. അതോടെ കൃഷി നശിച്ചു. കമ്പനി നടത്തിയ പല ഇടപെടലും പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കി, പ്രദേശത്തെ ജനങ്ങളെയും ഭാവി തലമുറയെയും വരെ മാറാരോഗികളാക്കി മാറ്റി. രണ്ട് പതിറ്റാണ്ടു മുമ്പ് കമ്പനി പ്ലാച്ചിമടയിലെ ജനജീവിതം ദുസ്സഹമാക്കി. അവർ മുട്ടുമടക്കി തിരിച്ചുപോയിട്ടും ഇവിടുത്തെ പ്രശ്നങ്ങൾ പരിഹാരമാകാതെ ഇന്നും നിലനിൽക്കുന്നുവെന്നത് ആ ജനതയോടുള്ള വലിയ നീതിനിഷേധത്തിന്റെ ചൂണ്ടുപലകയാണ്.
2002ൽ കൊക്കക്കോള വിരുദ്ധ സമരസമിതി മയിലമ്മയടക്കമുള്ള വിപ്ലവകാരികളുടെ നേതൃത്വത്തിൽ കമ്പനിക്കെതിരെ പ്രക്ഷോഭമാരംഭിച്ചു. അവർക്കത് നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പോരാട്ടമായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർ സമരത്തിന് പിന്തുണയുമായെത്തിയതോടെ സമര ഐക്യദാർഢ്യ സമിതിയും രൂപപ്പെട്ടു. ജീവജലം ഊറ്റിയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർത്തുമുള്ള കമ്പനിയുടെ പ്രവർത്തനഫലമായി 2004ൽ പ്രദേശം വരൾച്ചയിൽ അകപ്പെട്ടു. അതോടെ സമരം കൊടുമ്പിരികൊണ്ടു. ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊടുവിൽ കേരള സർക്കാർ മൂന്നുമാസത്തേക്ക് കമ്പനിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്ക് മെമ്മോ നൽകി. പെരുമാട്ടി പഞ്ചായത്ത് കണ്ടീഷനൽ ലൈസൻസ് സംവിധാനം ഏർപ്പാടാക്കുകയും ചെയ്തു.
ഒരുവശത്ത് നിയമപോരാട്ടം നടന്ന് കേസ് സുപ്രീംകോടതി വരെയെത്തുകയും കമ്പനി ജനങ്ങൾക്ക് ശുദ്ധജലം നൽകണമെന്ന് കോടതി മോണിറ്ററിങ് കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. കമ്പനി പ്രവർത്തിക്കണമെങ്കിൽ പുറന്തള്ളുന്ന മലിനജലം സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ഖരമാലിന്യ സംസ്കരണ പ്ലാന്റ് തയാറാക്കുകയും കൊക്കക്കോള ഉൽപാദനത്തിനായി ഉപയോഗിക്കുന്ന ചേരുവകൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയും അതെന്താണെന്നറിയിക്കുകയും വേണമെന്ന് സുപ്രീംകോടതി മോണിറ്ററിങ് സെൽ സംസ്ഥാന സർക്കാറിനെയും കോളക്കമ്പനിയെയും അറിയിച്ചു. എന്നാൽ, ഇതിനൊന്നും കാര്യമായ കാര്യകാരണങ്ങൾ ബോധിപ്പിക്കാൻ കമ്പനിക്കായില്ല.
ശക്തമായ ജനകീയ പോരാട്ടങ്ങൾക്കൊടുവിൽ മുട്ടുകുത്തി 2004ൽ കമ്പനി ഉൽപാദനം നിർത്തിവെച്ചു. എന്നാൽ, കമ്പനി സ്ഥലംവിട്ടതുകൊണ്ട് മാത്രം തീരുന്ന പ്രശ്നങ്ങളായിരുന്നില്ല പ്ലാച്ചിമടയിലുണ്ടായിരുന്നത്. നാലുവർഷംകൊണ്ട് കമ്പനി പ്രദേശത്ത് സൃഷ്ടിച്ച ദുരന്തം അത്രയും ഭീകരമായിരുന്നു. ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. മണ്ണും ജലവും പരിസ്ഥിതിയും മലിനമാക്കി. കമ്പനിയിൽനിന്നുള്ള ഖരമാലിന്യം കർഷകർക്ക് വളമായി നൽകിയതിനെതുടർന്ന് അതിലെ വിഷാംശംമൂലം കൃഷി നശിച്ചു. മാലിന്യം മണ്ണിലൊഴുക്കി നീരുറവ വറ്റി. വായുവും മലിനമായി. ആളുകൾ വരുമാനം നിലച്ച് തൊഴിലില്ലാത്തവരായി.
ജനരോഷത്തിനിടയിൽനിന്ന് സുഖമായി സ്ഥലംവിടാനുള്ള സൗകര്യം കോളക്കമ്പനിക്ക് ഒരുക്കിക്കൊടുക്കുംവിധമായിരുന്നു 2004ൽ അധികാരികളുടെ പ്രവർത്തനങ്ങൾ. കമ്പനി പ്ലാച്ചിമടയിൽ സൃഷ്ടിച്ച നഷ്ടങ്ങളുടെ കണക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിനുമപ്പുറമായിരുന്നു. പ്ലാച്ചിമടക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കൊക്കക്കോള കമ്പനിയെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വർഷങ്ങൾക്കുശേഷവും സമരങ്ങൾ നടന്നു. അങ്ങനെ 2009ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി വരുത്തിവെച്ച നഷ്ടങ്ങൾ പഠിക്കാനും തുടർനടപടികൾ നിർദേശിക്കാനുമായി ചീഫ് സെക്രട്ടറി അധ്യക്ഷനായി നാലംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. സമിതി പ്രദേശത്തെത്തി ഒരാഴ്ച വിശദ പഠനം നടത്തി.
ദുരിതബാധിതരെയും സമര സമിതിയിൽപെട്ടവരെയുമെല്ലാം നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തെ കിണറുകളിലെ ജലവും മണ്ണും കൃഷിയുമെല്ലാം പരിസ്ഥിതി ശാസ്ത്രജ്ഞനും നിയമജ്ഞനുമടങ്ങിയ വിദഗ്ധ സമിതി പരിശോധനക്ക് വിധേയമാക്കി. അങ്ങനെ കൊക്കക്കോള പ്ലാച്ചിമടയിൽ ഏഴ് കുറ്റങ്ങൾ ചെയ്തതായി സമിതി കണ്ടെത്തി. പ്രദേശത്ത് തൊഴിൽ നഷ്ടം സൃഷ്ടിച്ചു, ജലം, മണ്ണ് തുടങ്ങി ജീവിക്കാൻ ആവശ്യമായ പ്രകൃതിയിലെ ഘടകങ്ങൾ മലിനമാക്കി ജീവിക്കാൻ പറ്റാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കുകയും രോഗാവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്തു, കമ്പനിയിലെ ഖരമാലിന്യം വളമായി നൽകി കർഷകർക്ക് കൃഷിനാശം സൃഷ്ടിച്ചു, ഭൂഗർഭജലം മലിനമാക്കി എന്നിവ അവയിൽ പ്രധാനപ്പെട്ടവയായിരുന്നു. പട്ടികവർഗ അതിക്രമ നിയമപ്രകാരം കമ്പനിക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്യണമെന്നും വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തു. വിദഗ്ധ സമിതിയുടെ നിർദേശത്തിനൊടുവിലാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപപ്പെടുത്താൻ സർക്കാർ നിർബന്ധിതമാവുന്നത്. അങ്ങനെ 2011ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയും ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു.
നിയമസഭ പാസാക്കിയെങ്കിലും കേന്ദ്ര സർക്കാറിന്റെ പരിസ്ഥിതി, കൃഷി, ഭക്ഷ്യം, വനം, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതിക്കു ശേഷം രാഷ്ട്രപതി ഒപ്പുവെച്ചാൽ മാത്രമെ ട്രൈബ്യൂണൽ ബിൽ നിയമമാകുമായിരുന്നുള്ളൂ. എന്നാൽ, യു.പി.എ കാലത്തും ശേഷം വന്ന എൻ.ഡി.എ കാലത്തും ട്രൈബ്യൂണലിനെ അട്ടിമറിക്കാൻ വൻ ഒളിച്ചുകളികളാണ് കേന്ദ്രത്തിൽ നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഒരുവിധ നടപടികളും കൈക്കൊണ്ടില്ല. ഒടുവിൽ, 2015ൽ സമരസമിതി നേതാക്കൾ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് വിഷയത്തിലുള്ള വിയോജിപ്പ് അറിയിച്ചു. ആ വർഷംതന്നെ രാഷ്ട്രപതിക്കയച്ച ശിപാർശ നിരസിച്ചുകൊണ്ട് ബിൽ സംസ്ഥാന സർക്കാറിന് തിരിച്ചയക്കുകയും ചെയ്തു.
സമരസമിതിയും ഐക്യദാർഢ്യ സമിതിയും പിന്നീട് ശക്തമായ സമരങ്ങൾ നടത്തി. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കോളക്കമ്പനി പിടിച്ചെടുക്കൽ സമരം നടത്തി തങ്ങൾക്ക് ജാമ്യം പോലും വേണ്ടെന്നു പറഞ്ഞ് 25 സമരഭടന്മാർ ജയിൽ വരിച്ചു. ജയിലിൽ ഒരുദിവസം നിരാഹാരമിരുന്നു. തുടർന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ജയിലിലേക്ക് നേരിട്ടു വിളിച്ച് സമരസമിതി നേതാക്കളോട് ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. നടപടികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകിയെങ്കിലും കാര്യമായ പ്രതികരണങ്ങളുണ്ടായില്ലെന്ന് സമിതി നേതാക്കൾ പറയുന്നു. പിന്നീട് എൽ.ഡി.എഫ് സർക്കാർ വന്ന ശേഷവും നിരവധി സമരങ്ങൾ നടന്നു. 2018ൽ തുടർച്ചയായി മൂന്നു മാസം പാലക്കാട് കലക്ടറേറ്റ് പടിക്കൽ നടന്ന സത്യഗ്രഹ സമരം അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്. അന്ന് ചർച്ചക്ക് വിളിച്ച സർക്കാർ ട്രൈബ്യൂണലിന് കേന്ദ്രാനുമതി ലഭ്യമാക്കാനായി മൂന്നു മാസത്തെ കാലാവധി സമരസമിതിയോട് ആവശ്യപ്പെട്ടു. എന്നാൽ, അഞ്ച് വർഷം പിന്നിട്ടിട്ടും ഒരനക്കവുമുണ്ടായിട്ടില്ല.
കോള ഉൽപാദനം നടക്കുന്ന കാലത്ത് അവർക്ക് പരവതാനി വിരിക്കാനും തുടർന്ന് അവരെ ഒരു നഷ്ടവുമില്ലാതെ സുരക്ഷിതമായി നാട് കടത്തിക്കൊടുക്കാനും നഷ്ടപരിഹാരം നൽകാതിരിക്കാനും സഹായിച്ച അധികാരികൾ ഇപ്പോഴും പൊറാട്ട് നാടകങ്ങളിലാണെന്ന് സമരസമിതി നേതാക്കൾ പറയുന്നു. അതിന്റെ ഉദാഹരണമായിരുന്നു നിശ്ചലമായിക്കിടക്കുന്ന കമ്പനിയിൽ കോവിഡിന്റെ മറവിൽ മാമ്പഴച്ചാർ കമ്പനി തുടങ്ങാനുള്ള ശ്രമമെന്നും അവർ പറയുന്നു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ കമ്പനിയിൽ പുതിയ പദ്ധതികൾ തുടങ്ങാനുള്ള ശ്രമം കേസിനെ ദുർബലപ്പെടുത്തുമെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം കമ്പനി നിലനിൽക്കുന്ന 37.6 ഏക്കർ ഭൂമി സർക്കാറിലേക്ക് നൽകാമെന്ന് അധികൃതർ സന്നദ്ധത അറിയിച്ചു എന്നു പറഞ്ഞുവന്ന വാർത്ത പുതിയ നാടകമാണെന്നും അവർ പറയുന്നു. നിർണയിക്കപ്പെട്ട 216 കോടി 26 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ദുരിതബാധിതർക്ക് നൽകാതെ ഇവിടെനിന്ന് കമ്പനിയെ പോകാൻ അനുവദിക്കില്ലെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നു.
2015ൽ ട്രൈബ്യൂണൽ ബിൽ രാഷ്ട്രപതി തിരിച്ചയച്ചതു മുതൽ എട്ടുവർഷമായി നഷ്ടപരിഹാര വിഷയത്തിൽ ഒരു നടപടിയും മുന്നോട്ടുപോയിട്ടില്ല. നഷ്ടപരിഹാരം ഉടൻ നൽകുക എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് 2022 ആഗസ്റ്റ് 15 മുതൽ രണ്ടാംഘട്ട പ്ലാച്ചിമട മഹാസമരം ആരംഭിച്ചിരിക്കുകയാണ് സമിതിയിപ്പോൾ. നാലുമാസമായി ദുരിതബാധിതർ കമ്പനിക്കുമുന്നിലെ സമരപ്പന്തലിൽ അനിശ്ചിതകാല സത്യഗ്രഹത്തിലാണ്.
ഇതിനിടെ കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് ഈജിപ്തിൽ നടന്ന കോപ് 27 ഉച്ചകോടിയിൽ പ്ലാച്ചിമട വിഷയം ചർച്ചയായിരുന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകർ പ്ലാച്ചിമടയിലെ ജനങ്ങളോടുള്ള കോളയുടെ ചൂഷണത്തിനും നീതിനിഷേധത്തിനുമെതിരെ ഉച്ചകോടിയിൽ ശബ്ദിക്കുകയും ചെയ്തു.
കേരളത്തിലെയെന്നല്ല രാജ്യത്തെതന്നെ കുത്തക വിരുദ്ധ സമരങ്ങൾക്ക് ദിശ നിർണയിച്ചുനൽകിയ പോരാട്ടമാണ് പ്ലാച്ചിമട സമരം. പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്കറും രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി രാകേഷ് ടികായത്തുമെല്ലാം അനിശ്ചിതകാല സത്യഗ്രഹ പന്തൽ സന്ദർശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.