അഭിലാഷിന്റെ വരകളിൽ പുഞ്ചിരിതൂകുന്ന മനുഷ്യർ മാത്രമേയുള്ളൂ. ജീവിതത്തിൽ അനുഭവിച്ച നിരാശയുടെയും അവഗണനയുടെയും കയ്പിനുപകരം അഭിലാഷ് സമൂഹത്തിന് നൽകുന്നത് പ്രത്യാശയുടെ പുഞ്ചിരിയാണ്. അഭിലാഷിനെപ്പോലെ അനേകം കുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരി നിറഞ്ഞുനിൽക്കുന്ന ഇടമാണ് സ്നേഹനഗർ. ഭിന്നശേഷിക്കാരായ അസംഖ്യം കുട്ടികളുടെ അത്താണി. കാഴ്ചപരിമിതരും കേൾവിപരിമിതരും ബുദ്ധിപരിമിതരുമായ അനേകം കുട്ടികളാണ് കോഴിക്കോട് കൊളത്തറയിലെ കാലിക്കറ്റ് ഇസ്ലാമിക് കൾചറൽ സൊസൈറ്റി എന്ന എൻ.ജി.ഒയുടെ കീഴിൽ പഠിക്കുന്നത്. എന്നാൽ ഇതൊന്നുമല്ല ഈ സ്ഥാപനത്തെ കേരളത്തിലെ ഇത്തരം സ്ഥാപനങ്ങളിൽനിന്ന് വിഭിന്നമാക്കുന്നത്. ഭിന്നശേഷിക്കാരായ പ്രായപൂർത്തിയായവർക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുകയും അവരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നു എന്നതാണ് കൊളത്തറയിലെ സ്നേഹനഗറിന്റെ പ്രസക്തി.
ഭിന്നശേഷി വിഭാഗങ്ങൾക്ക് തൊഴിൽ പരിശീലനം നൽകി അവരെ സ്വയം പര്യാപ്തരാക്കാൻ കേന്ദ്ര സർക്കാറിന്റെ സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം പദ്ധതി നിലവിലുണ്ടായിരുന്നെങ്കിലും വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുക്കേണ്ടതെന്ന് ബോധ്യമുണ്ടായിരുന്നതിനാൽ നടപ്പാക്കാൻ ആരും മുന്നോട്ടുവന്നില്ല. പ്രായപൂർത്തിയായ ഭിന്നശേഷിക്കാരെ രണ്ടുമാസത്തോളം താമസിപ്പിച്ചു പരിശീലനം നൽകുക എന്നത് വലിയ സാഹസമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കറിയാമായിരുന്നു.
ഈ സാഹചര്യത്തിലാണ് കൊളത്തറ എച്ച്.എസ്.എസ് ഫോർ ദ ഹാൻഡികാപ്ഡ് പദ്ധതി നടത്തിപ്പിനായി മുന്നോട്ടുവന്നത്. അങ്ങനെയാണ് സംസ്ഥാനത്ത് നാലുവർഷത്തോളമായി ഏറ്റെടുക്കാൻ ആളില്ലാതിരുന്ന പരിശീലന പരിപാടി ആരംഭിച്ചത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് തൊഴിൽ പരിശീലനം നൽകി അവരെ സ്വയം പര്യാപ്തരാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്രശിക്ഷ കേരളം എസ്റ്റീം എന്നപേരിൽ ഏറെ ഉത്തരവാദിത്തമുള്ള പദ്ധതിയാണ് കൊളത്തറയിലെ മൾട്ടി പർപ്പസ് വൊക്കേഷനൽ ട്രെയ്നിങ് സെന്റർ നടപ്പാക്കിവരുന്നത്.
ഞങ്ങളും സ്വയംപര്യാപ്തരാണ്
കാഴ്ചപരിമിതരും കേൾവിപരിമിതരും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുമായ വിഭാഗങ്ങൾക്കാണ് ഇവിടെ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നുന്നത്. ഓരോ ബാച്ചിലും 15 പേർക്കാണ് പ്രവേശനം. ആദ്യബാച്ച് നവംബറിൽ തുടങ്ങി വിജയകരമായി പരിശീലനം പൂർത്തിയാക്കി. ഇവരിൽ നാല് കേൾവി പരിമിതർക്ക് മിംസ് ആശുപത്രിയിൽ ഹെൽത്ത് അസിസ്റ്റന്റ് തസ്തികയിൽ ജോലി ലഭിച്ചു. ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്ക് മ്യൂസിക്കൽ എന്റർടെയിൻമെന്റ് നൽകാനായി മൂന്ന് ഭിന്നശേഷിക്കാരെയും നിയമിച്ചിട്ടുണ്ട്. വി.കെ.സി, ഐ.ടി കമ്പനികൾ എന്നിവയിൽ ജോലി ലഭിച്ചവരുമുണ്ട്. ഇപ്പോൾ ഇവിടെ രണ്ടാമത്തെ ബാച്ചിനാണ് പരിശീലനം നൽകുന്നത്.
ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ കാഴ്ചപരിമിതി എന്ന അവസ്ഥ മറികടക്കാൻ കുറെയൊക്കെ സാധിച്ചിട്ടുണ്ടെന്നാണ് സ്ഥാപനത്തിന്റെ മേധാവിയായ റസാക്ക് മാഷുടെ പക്ഷം. ബ്രെയിൽ ലിപി പഠിക്കുന്നതോടെ വായിക്കാനും എഴുതാനും മറ്റുള്ളവരുമായി സംവദിക്കാനും ഇവർക്കു കഴിയും. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടാണ് കാഴ്ചപരിമിതരുടെ പ്രധാന പ്രശ്നം. വൈറ്റ് കെയിൻ (വെള്ള വടി) കൃത്യമായി ഉപയോഗിക്കാൻ കഴിയുന്നവർക്ക് ഈ പ്രശ്നവും കുറെയേറെ മറികടക്കാൻ കഴിയും. വൈറ്റ് കെയിൻ ഉപയോഗിക്കാനുള്ള പരിശീലനവും ഇവിടെ നൽകുന്നുണ്ട്. േഡറ്റ എൻട്രി ഓപറേറ്റർ ജോലി ചെയ്യാൻ കഴിയുന്ന പരിശീലനമാണ് ഇവിടെ കാഴ്ച പരിമിതർക്ക് നൽകുന്നത്. മോണിറ്ററില്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. സ്പീക്കറുകളാണ് മോണിറ്ററിന്റെ ജോലി നിർവഹിക്കുന്നത്. പ്രോഗ്രാമിങ്, എത്തിക്കൽ ഹാക്കിങ്, വെബ് പേജ് നിർമാണം, സൗണ്ട് എഡിറ്റിങ്, ഡേറ്റ എൻട്രി, ട്രെയിൻ ടിക്കറ്റ് ബുക് ചെയ്യൽ, ഓൺലൈൻ പർച്ചേസ് ചെയ്യൽ, മണി ട്രാൻസ്ഫർ തുടങ്ങിയ എല്ലാ ജോലികളും ഇവർക്ക് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും.
കാഴ്ചപരിമിതരുടെ കണ്ണാണ് വൈറ്റ് കെയിൻ. കാഴ്ചപരിമിതർ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെള്ള വടി സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. ഇതിന്റെ സഹായത്തോടെ ഇവർക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുന്നു. ഭാരം കുറഞ്ഞ പൊള്ളയായ ഒരു അലൂമിനിയം ദണ്ഡാണിത്. വടിയുടെ അടിയിൽ പിടിപ്പിച്ചിട്ടുള്ള ലോഹഭാഗം വസ്തുക്കളിൽ തട്ടി ഉണ്ടാകുന്ന ശബ്ദത്തിൽ നിന്നും വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു. തള്ളവിരലും മറ്റ് മൂന്ന് വിരലുകളും കൊണ്ട് ചുറ്റിപ്പിടിച്ച് ചൂണ്ടുവിരല്‍ കെയ്നിനോട് ചേര്‍ത്തുപിടിച്ച് നടക്കുമ്പേള് പ്രതലത്തിന്റെ വിശദാംശങ്ങള്‍ കെയ്നിലൂടെ വ്യക്തിയിലേക്ക് എത്തുന്നു. കേരളത്തില്‍ ഇതിന്റെ പ്രചാരം കുറവാണ്. അമ്പതു ശതമാനം കാഴ്ചയില്ലാത്തവര്‍ കേരളത്തിൽ വൈറ്റ് കെയിൻ ഉപയോഗിക്കുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്നേഹനഗറിൽ വൈറ്റ് കെയിൻ ഉപയോഗിക്കാനായി പ്രത്യേക പരിശീലനം തന്നെ നൽകുന്നുണ്ട്.
കാഴ്ചയില്ലാത്തവരോ കേൾവിശക്തിയില്ലാത്തവരോ... ആരാണ് കൂടുതൽ നിർഭാഗ്യവാന്മാർ എന്ന സാങ്കൽപിക ചോദ്യത്തിന് കേൾവിശക്തിയില്ലാത്തവർ എന്നാണ് ഈ രംഗത്തെ വിദഗ്ധർ മറുപടി പറയുക. മനോഹരമായി വസ്ത്രം ധരിച്ച സുന്ദരന്മാരും സുന്ദരികളുമായ പതിനഞ്ചുപേരുടെ ക്ലാസ് റൂം. നാമെന്തുചോദിച്ചാലും പുഞ്ചിരി മാത്രമായിരിക്കും ഉത്തരം.
കാരണം എന്താണ് ചോദിക്കുന്നതെന്ന് അവർക്ക് മനസ്സിലാകാത്തതിനാലാണ്. കുറെയൊക്കെ സാധാരണക്കാരെപോലെ പെരുമാറാൻ ഇവർക്ക് കഴിയും. അടയാള ഭാഷ അറിയാവുന്നവർക്ക് മാത്രമാണ് കേൾവിപരിമിതരായ ഇവരോട് സംവദിക്കാൻ കഴിയുക. ഫീൽഡ് ടെക്നീഷ്യൻ -കമ്പ്യൂട്ടർ ഹാർഡ് വെയർ, പെരിഫറൽസ് ആൻഡ് നെറ്റ് വർക്കിങ് എന്ന മേഖലയിലാണ് കേൾവിപരിമിതർക്ക് പരിശീലനം നൽകുന്നത്. ഇത്തരം തൊഴിലുകൾ ചെയ്യാൻ കഴിയുന്നതിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഒരിക്കൽ ഒരു വൃദ്ധയും അവരുടെ മകളും മകളുടെ ബുദ്ധിപരിമിതനായ കുട്ടിയും സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന റസാഖ്മാഷിനെ അന്വേഷിച്ച് വന്നു. വലിയ തല, വീർത്ത വയറ്, ആ ശരീരത്തിൽ നിന്നും തൂങ്ങിക്കിടക്കുന്ന പോലുള്ള കൈകാലുകൾ. തലയിൽനിന്ന് വരുന്ന നീര് നീക്കാൻ ട്യൂബിട്ടിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയി. കുട്ടിയെ ചികിത്സിക്കാൻ ഒരു മാർഗവുമില്ല. 13 വയസ്സുണ്ടെങ്കിലും സ്വന്തമായി നടക്കാൻ പോലുമാകാത്ത ആ കുട്ടിയെ മാതാവ് മാറോട് ചേർത്തുപിടിച്ചിരിക്കുന്നു. സർക്കാറിൽനിന്ന് എന്തെങ്കിലും സഹായം ലഭ്യമാക്കിത്തരണം എന്നായിരുന്നു അഭ്യർഥന. ആരും നിസ്സഹായതയോടെ നിൽക്കേണ്ടിവരുന്ന ചില സന്ദർഭങ്ങൾ. ആ കുടുംബം അർഹിക്കുന്ന രീതിയിൽ സഹായിക്കാൻ കഴിഞ്ഞില്ല. പെൻഷൻ തുടങ്ങി ചില കാര്യങ്ങളൊക്കെ ചെയ്യാൻ മാത്രമേ തനിക്ക് കഴിഞ്ഞുള്ളൂവെന്ന് വേദനയോടെ പറയുന്നു റസാഖ് മാഷ്.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന ഭിന്നശേഷി വിഭാഗത്തിനാണ് പൊതുജനങ്ങളുടെയും സഹജീവികളുടെയും സഹായവും സ്നേഹവും ഏറ്റവുമധികം വേണ്ടത്. രക്ഷിതാക്കൾ ഏറ്റവുമധികം സ്നേഹിക്കുന്നത് ഇവരെയാണ്. അതേസമയം, ഇവരെക്കുറിച്ചോർത്തായിരിക്കും മാതാപിതാക്കൾ ഏറ്റവുമധികം കണ്ണീർ പൊഴിക്കുന്നതും. തങ്ങളുടെ കാലശേഷം ഈ പൊന്നോമനകൾ എങ്ങനെ ജീവിക്കും എന്നതാണ് മാതാപിതാക്കളുടെ ആധി. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഫുഡ് ആൻഡ് ബിവറേജസ് എന്നീ കോഴ്സുകളിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ബുദ്ധിപരിമിതരിൽതന്നെ പകുതി പേർക്കുമാത്രമാണ് ഇത്തരം കോഴ്സുകളിൽ പങ്കെടുക്കാൻ കഴിയുക. കോഴ്സുകളിൽ പങ്കെടുക്കാൻപോലും കഴിയാത്തവരാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരിൽ പകുതിയും എന്നതാണ് സത്യം.
ഒരിറ്റു സ്നേഹം നൽകിയാൽ എത്രയോ ഇരട്ടി തിരിച്ചുതരുന്ന കുഞ്ഞുങ്ങളാണ് സ്നേഹമഹലിലെ അന്തേവാസികൾ. ഓട്ടിസം ബാധിച്ചവരും ബുദ്ധിപരിമിതരുമായ ആൺകുട്ടികളും പെൺകുട്ടികളും നൽകുന്ന വരവേൽപ് സ്നേഹനിർഭരമാണ്. ബുദ്ധിപരിമിതരായ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്നേഹമഹൽ സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങൾക്കും മാതൃകയാണ്. 18 വയസ്സുവരെയുള്ള കുട്ടികളുടെ റസിഡൻഷ്യൽ സ്കൂളാണ് ഇത്. കുഞ്ഞുങ്ങളുടെ കഴിവനുസരിച്ച് ചിലതെല്ലാം പഠിപ്പിക്കുന്നതോടൊപ്പം കൈത്തൊഴിലുകളും ഇവിടെ പരിശീലിപ്പിക്കുന്നു. സോപ്പ്, സാനിറ്ററി ഉൽപന്നങ്ങൾ, ചവിട്ടി എന്നിവ നിർമിക്കാനാണ് പ്രധാനമായും പഠിപ്പിക്കുന്നത്. സ്കൂളിലെ അടുക്കും ചിട്ടയുമുള്ള ജീവിതം ലഭിക്കുന്നതോടെ സമൂഹത്തിൽ ഇടപഴകാൻവേണ്ട പ്രാഥമിക അറിവ് ഈ കുട്ടികൾ സ്വായത്തമാക്കുന്നു. 18 വയസസിനുശേഷം ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ മാതാപിതാക്കൾക്ക് ലഭിക്കുന്ന വായ്പയിലൂടെയും മറ്റും പുതിയൊരു ജീവിതം നെയ്തെടുക്കാമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ. കാലിക്കറ്റ് ഇസ്ലാമിക് കൾചറൽ സൊസൈറ്റി എന്ന എൻ.ജി.ഒയുടെ കീഴിൽ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. പ്രമുഖ വ്യവസായി പി.കെ. അഹമ്മദ്, അഭിഭാഷകനായ എം. മുഹമ്മദ് തുടങ്ങിയവരുടെ സ്വപ്നമാണ് സ്നേഹനഗർ എന്ന വിശാലമായ ഈ കാമ്പസ്.
എംപ്ലോയബിലിറ്റി സെന്ററിന്റെ ചുമതലക്കാരനായ റസാഖ് മാഷുടെ ജീവിതം ഇവിടത്തെ കുട്ടികളാണ്. കൊടുക്കുന്നതിന്റെ എത്രയോ ഇരട്ടി സ്നേഹം തിരിച്ചുതരുന്നവർ. ഇതേക്കുറിച്ചൊന്നും അറിയാതെയാണ് താൻ ഭിന്നശേഷിക്കാരടെ ലോകത്ത് എത്തിയതെങ്കിലും പിന്നീട് ഇവരെ വിട്ടുപിരിഞ്ഞുപോകാൻ ആഗ്രഹിച്ചിട്ടേയില്ലെന്ന് പറയും റസാഖ് മാഷ്. അങ്ങനെയാണ് സ്കൂളിൽനിന്ന് വിരമിച്ചതിനുശേഷം എംപ്ലോയബിലിറ്റി സെന്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. കാഴ്ചയുടെയും കേൾവിയുടെയും ബുദ്ധിയുടെയും ധാരാളിത്തമുള്ള ഓരോ മനുഷ്യനും ഒരിക്കലെങ്കിലും ഈ സ്ഥാപനത്തിൽ വരണമെന്ന് അദ്ദേഹം പറയും. ജീവിതം നമുക്കുതന്ന സൗഭാഗ്യങ്ങളെക്കുറിച്ച് തിരിച്ചറിയാനും അതേക്കുറിച്ച് പരാതിപ്പെടാൻ ഒരു അർഹതയുമില്ലെന്ന് തിരിച്ചറിയാൻ വേണ്ടിയെങ്കിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.