മൂവാറ്റുപുഴ: മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റുകളിൽ മിന്നുംതാരമായ ഫെസ്സി മോട്ടി വനിതദിന തലേന്നും നേട്ടം കൊയ്തു. സംസ്ഥാന ഓപൺ പ്രൈസ് മണി ചാമ്പ്യൻഷിപ്പിൽ 50-55 വിഭാഗത്തിൽ ജാവലിൽ ത്രോയിൽ സ്വർണവും ഷോട്ട്പുട്ടിലും ഹാമർത്രോയിലും വെള്ളിയും കരസ്ഥമാക്കി. മാസ്റ്റേഴ്സ് അത്ലറ്റിക് കൊച്ചിൻ ആണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്.
കോഴിക്കോട്ട് നടന്ന 40ാമത് മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഫെസ്സി മോട്ടി 50-55 വിഭാഗത്തിൽ ജാവലിന്‍ ത്രോ, ഷോട്ട്പുട്ട്, ഹാമര്‍ത്രോ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും നേടി. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ഫെസ്സിക്ക് ലഭിച്ചു. 2017 മുതൽ 2019 വരെ മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യനാണ്. 2019 മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ജാവലിന്‍ ത്രോ, ഷോട്ട് പുട്ട്, ഹാമര്‍ത്രോ വിഭാഗങ്ങളില്‍ ചാമ്പ്യനാണ്.
ഏപ്രിൽ 27ന് ചെന്നൈയിൽ നടക്കുന്ന നാഷനൽ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ് ഫെസ്സി. ആഗസ്റ്റിൽ ഫിൻലാൻഡിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലേക്കും സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
ഗൾഫിൽ ബിസിനസുകാരനായിരുന്ന ഭർത്താവ് പി.പി. മോട്ടിയുടെ അകാല മരണത്തോടെ ജീവിതം കീഴ്മേൽ മറിച്ച പ്രവാസത്തിന്റെ ദുരിതങ്ങൾക്കൊടുവിൽ നാട്ടിൽ തിരിച്ചെത്തിയ ഫെസ്സി, മാനസിക സമ്മർദങ്ങളിൽനിന്ന് രക്ഷനേടാനാണ് ത്രോ മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങിയത്. ചെറുപ്പംമുതല്‍ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലും ആലുവ സെന്റ് സേവ്യേഴ്സ് കോളജിലും പഠിക്കുന്ന കാലത്ത് ചാമ്പ്യനായിരുന്നു. ഇപ്പോൾ അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ജേത്രിയാണ്. ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിൽ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റിലും പങ്കെടുക്കാനായി.
54ാം വയസ്സിലും നല്ല നിയന്ത്രണത്തോടെ ഷോട്ട്പുട്ടും ജാവലിനുമൊക്കെ ദൂരേക്കെറിയുമ്പോൾ അളന്നുമുറിച്ചിട്ടപോലെ കൃത്യമായി ഉദ്ദേശിച്ചിടത്ത് എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നതെന്ന് ഫെസ്സി പറയുന്നു. മൂവാറ്റുപുഴയിൽ ബ്യൂട്ടി ബാര്ലറും ബ്യൂട്ടി കോളജും ഫെസ്സിയുടെ മേൽനോട്ടത്തിൽ നടക്കുന്നു. അബൂദബിയിൽ ബ്യൂട്ടി കോളജ് നടത്തുന്നുണ്ട്. പുതുതലമുറയിലെ പെൺകുട്ടികളിലേക്ക് പകരാൻ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും സ്കൂളുകളിലും ക്ലബുകളിലും അത്ലറ്റിക്സിലും പഞ്ചഗുസ്തിയിലും പരിശീലനം നല്‍കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.