ഉപജീവനത്തിന് വേറിട്ട വഴി തുറന്നവർക്ക് വനിത ദിനത്തിൽ ആദരം

തിരുവനന്തപുരം: വ്യത്യസ്തവും വെല്ലുവിളികളുള്ളതുമായ തൊഴിൽ ഉപജീവനമാക്കിയ 13 വനിതകളെ ലോക വനിത ദിനത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്‍റ് (കിലെ) ആദരിക്കുന്നു. ആഴക്കടൽ മത്സ്യബന്ധനം, പാമ്പുപിടിത്തം, മറംമുറിക്കൽ, ഇറച്ചിവെട്ട്, വാർക്കപ്പണി എന്നിങ്ങനെ വേറിട്ട തൊഴിൽ ചെയ്യുന്നവരാണ് ഇക്കുറി പുരസ്കാരത്തിന് അർഹരായത്.

ചൊവ്വാഴ്ച രാവിലെ എട്ടിന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ് തൊഴിലാളികളെ ആദരിക്കും. 13 തൊഴിലാളികളുടെ ജീവിതവും അനുഭവങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ 'ഉയരെ' പുസ്തക പ്രകാശനവും ചടങ്ങിൽ നടക്കുമെന്ന് കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ്, എക്സി. ഡയറക്ടർ സുനിൽ തോമസ്, വിജയ് വിൽസ്, ടി.എസ്. ജയലാൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കത്രീന കാട്ടൂക്കാരൻ: തൃശൂർ സ്വദേശിയായ കത്രീന 93ാം വയസ്സിലും കെട്ടിടനിർമാണ ജോലിയിൽ സജീവം.

രേഖ കാർത്തികേയൻ: ഇന്ത്യയിൽ തന്നെ ആദ്യമായി ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് നേടിയ തൃശൂർ സ്വദേശിനി.

ഷിനി: വിവിധ ഇനങ്ങളിലെ ഹെവി വാഹനങ്ങളുടെ ലൈസൻസ് ഉടമ. എറണാകുളം സ്വദേശിയായ ഇവർ 12ാമത് ഹെവി ലൈസൻസിനായി പരിശ്രമിക്കുന്നു.

രാജി: തിരുവനന്തപുരം സ്വദേശിയായ രാജി അംഗീകൃത പാമ്പുപിടുത്തക്കാരിയാണ്.

ചന്ദ്രിക: സംസ്ഥാനത്തെ ഏക വനിത ചുമട്ടുതൊഴിലാളിയാണ് 68കാരിയും തിരുവനന്തപുരം സ്വദേശിയുമായ ചന്ദ്രിക.

മെറിൻഡ: ബി.കോം പഠനത്തിനൊപ്പം തട്ടുകട നടത്തിയും പൊറോട്ടയടിച്ചും ശ്രദ്ധേയയായ തൃശൂർ സ്വദേശിനി.

ശ്രീദേവി ഗോപാലൻ: എം.ഫിൽ വിദ്യാർഥിനിയും ബി.എഡ് ബിരുദധാരിയുമായ ശ്രീദേവി കോവിഡ് പ്രതിസന്ധികാലത്ത് പിതാവിനൊപ്പം തെങ്ങുകയറി ശ്രദ്ധേയയായി. മലപ്പുറം സ്വദേശിനി.

ആയിഷ: മൂന്ന് പതിറ്റാണ്ടായി വാഹനങ്ങളുടെ പങ്ചർ ഒട്ടിക്കുന്ന ജോലി ഉപജീവനമായി സ്വീകരിച്ച മലപ്പുറം സ്വദേശിനി.

ഷീജ: ചെത്തുതൊഴിലാളിയാണ് കണ്ണൂർ സ്വദേശിനിയായ ഷീജ. ഭർത്താവാണ് തെങ്ങിൽ കയറി കള്ളുചെത്താൻ പഠിപ്പിച്ചത്.

പത്മാവതി: മരംമുറി ഉപജീവനമായി സ്വീകരിച്ച വയനാട് സ്വദേശിനി. കരാർ എടുത്ത് തടിമുറിക്കും. സമീപത്തെ തടിമില്ലിലും ജോലി ചെയ്യുന്നു.

റുഖിയ: കേരളത്തിലെ ഇറച്ചിവെട്ടുകാരിയായ വനിതയാണ് വയനാടുകാരിയായ റുഖിയ. 30 വർഷത്തോളം ചുണ്ടേൽ ചന്തയിൽ ഇറച്ചിവെട്ടുതൊഴിൽ ചെയ്തു.

ലക്ഷ്മി: തെങ്ങുകയറ്റം ഉപജീവനമാക്കിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്. മലപ്പുറം സ്വദേശിനി.

മറിയാമ്മ: ആലപ്പുഴ കണ്ടപ്ര കടവിൽ കടത്തുതോണി തുഴയൽ ജീവിതമാർഗമാക്കിയ 68 കാരി.

വനിത ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയിൽ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വിവാഹപൂര്‍വ കൗണ്‍സലിങ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി 'അങ്കണപ്പൂമഴ: ജെന്‍ഡര്‍ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം' പ്രകാശനം നടത്തും. മന്ത്രി ആര്‍. ബിന്ദു അട്ടപ്പാടിയിലെ 'പെന്‍ട്രിക കൂട്ട' പദ്ധതി പ്രഖ്യാപനം നടത്തും. മന്ത്രി ചിഞ്ചുറാണി ധീര പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാറിന്‍റെ 2021ലെ വനിത രത്‌ന പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും. സ്ത്രീധനത്തിനെതിരായുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടല്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. രാത്രി 10ന് കനകക്കുന്നില്‍നിന്ന് ഗാന്ധിപാര്‍ക്ക് വരെ രാത്രി നടത്തമുണ്ടാവും.

Tags:    
News Summary - For those who have opened a different path to livelihood Respect on Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.