കാളികാവ്: പ്രതികൂല ജീവിത സാഹചര്യങ്ങളോട് പോരാടിയ സ്രാമ്പിക്കല്ലിലെ ഗോപികയുടെ ഇനിയുള്ള പോരാട്ടം നാട് അറിയുന്ന നല്ലൊരു ഡോക്ടറെന്ന സ്വപ്നം. നീറ്റ് പരീക്ഷയിൽ കേരള റാങ്കിൽ 6905ാം റാങ്ക് നേടിയ ഗോപിക തൃശൂർ ഗവ. കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിക്കഴിഞ്ഞു.
ചോർന്നൊലിക്കുന്ന കുഞ്ഞു കൂരക്കുള്ളിലിരുന്നാണ് ഈ മിടുക്കി തന്റേതായ ലോകം വെട്ടിപ്പിടിച്ചത്. പുല്ലങ്കോട് സ്രാമ്പിക്കല്ലിലെ മങ്കട ഗോപാലൻ-ശാന്ത ദമ്പതികളുടെ മകളാണ്. ശരിക്കൊന്ന് ഇരുന്ന് വായിക്കാനോ പുസ്തകങ്ങൾ അടുക്കി വെക്കാനോ പോലും സൗകര്യമില്ലാത്ത വീട്ടിൽനിന്നാണ് ഗോപികയുടെ നേട്ടം.
മാതാപിതാക്കളുടേയും അധ്യാപകരുടേയും പ്രോത്സാഹനവും നാട്ടുകാരുടെ പ്രചോദനവും കരുത്താക്കിയാണ് ഈ മിടുക്കി സ്വപ്നത്തിലേക്ക് കുതിക്കുന്നത്. വലിയ ആർഭാടങ്ങളൊന്നുമില്ലെങ്കിലും ടാപ്പിങ് തൊഴിലാളിയായ ഗോപാലനും കൂലിപ്പണി ചെയ്യുന്ന ശാന്തയും മകളുടെ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ അക്ഷീണ പ്രയത്നത്തിലാണ്.
പത്തിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങളിലും ഗോപിക എ പ്ലസ് നേടിയിരുന്നു. ഒരു വർഷം പെരിന്തൽമണ്ണയിലെ പരിശീലനകേന്ദ്രത്തിൽ എൻട്രൻസ് പരിശീലനത്തിലായിരുന്നു. ഗോപികയുടെ പഠന മികവും ജീവിതാവസ്ഥയും കണക്കിലെടുത്ത് ട്യൂഷൻ ഫീസ് പൂർണമായി അവർ ഒഴിവാക്കി.
ഹോസ്റ്റൽ ഫീസിൽ ഗണ്യമായ ഇളവും നൽകി. ഫലം വന്നതോടെ ഗോപികയുടെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു. ഈ മാസം 15ന് ആരംഭിക്കുന്ന ഒന്നാം വർഷ എം.ബി.ബി.എസ് കോഴ്സിന് തൃശൂർ മെഡിക്കൽ കോളജിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഗോപിക. പ്ലസ്ടു വിന് പഠിക്കുന്ന ഗോഹിത്, എട്ടാം ക്ലാസിൽ പഠിക്കുന്ന അർച്ചന എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.