നേമം: കരമനയാറിന് കുറുകെ പാലം വന്നതോടെ ജീവിതമാർഗം നിലച്ച് പേയാട് സ്വദേശിയായ രാജൻ (68). വട്ടിയൂർക്കാവിനെയും കാട്ടാക്കടയെയും ബന്ധിപ്പിക്കുന്ന പേയാട് കോവിൽകടവ് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെയാണ് തോണിക്കാരനായ രാജന് വരുമാനമാർഗം നിലച്ചത്.
രണ്ട് പതിറ്റാണ്ടായി പേയാട് കോവിൽകടവിൽനിന്ന് ആളുകളെ മറുകരയായ വട്ടിയൂർക്കാവ് കുലശേഖരത്തേക്ക് തോണിയിലെത്തിച്ചിരുന്ന കടത്തുകാരൻ രാജനും തോണിയും കടവിൽ ഇനി അനാഥം.
രാജൻ സ്വന്തമായി വാങ്ങിയ തോണിയിലാണ് നാട്ടുകാർ പുഴ കടന്നിരുന്നത്. ദിവസേന രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെ അറുപതിലധികം ആളുകളെ മറുകര എത്തിക്കുന്നതിന് പഞ്ചായത്ത് പ്രതിമാസം 9000 രൂപയാണ് പ്രതിഫലം നൽകിയിരുന്നത്. കഴിഞ്ഞ നാലുമാസത്തെ ശമ്പളം കുടിശ്ശികയുണ്ട്.
ചുഴിയും മരണക്കയങ്ങളും അടിയൊഴുക്കുമുള്ള ആറ്റിലൂടെ ആളുകളെ മറുകര എത്തിച്ചായിരുന്നു രാജന്റെ ഉപജീവനം. തോണി അറ്റകുറ്റപ്പണിക്കുള്ള പണം പഞ്ചായത്ത് അനുവദിച്ചിരുന്നു. ശമ്പളം മുടങ്ങിയതിനൊപ്പം അറ്റകുറ്റപ്പണിക്കുള്ള പണവും നിഷേധിക്കപ്പെട്ടു. സമീപത്തെ ചെറുപാറ കടവിലെ കടത്തുകാരനെ പ്രത്യേക ഉത്തരവുവഴി പഞ്ചായത്ത് ജീവനക്കാരനായി സ്ഥിരപ്പെടുത്തിയിരുന്നു. ശിഷ്ടജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പഞ്ചായത്തിന്റെ കാരുണ്യം തേടുകയാണ് ഈ വയോധികൻ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.