തലശ്ശേരി: ശിഷ്യഗണങ്ങളുടെ പഴയ മുഖം ചിത്രകാരിയായ പി. സതിയുടെ ഓർമയിൽ ഇന്നുമുണ്ട്. പഠനകാലത്തെ മുഖം ശിഷ്യന്മാർ ഓർക്കുന്നില്ലെങ്കിലും ഈ ഗുരുമുഖത്ത് ഒന്നും മായുന്നില്ല. 30 വർഷം മുമ്പ് വരഞ്ഞ, പഠിപ്പിച്ച കുട്ടികളുടെ ചിത്രങ്ങൾ അവർ മറന്നാലും സ്വന്തം ശേഖരത്തിൽ ഭദ്രമായി സൂക്ഷിക്കുകയാണ് മാഹിയിലെ റിട്ട. ഫൈൻ ആർട്സ് അധ്യാപിക സതി. പന്തക്കൽ സ്കൂളിലെ അധ്യാപന ജോലിക്കിടയിൽ പേനയിലും പെൻസിലിലും വരഞ്ഞ എണ്ണൂറോളം വരുന്ന തന്റെ ശിഷ്യരുടെ മുഖങ്ങളാണ് സ്വന്തം വീട്ടിൽ അവർ സൂക്ഷിച്ചിട്ടുള്ളത്.
2010ൽ സർവിസിൽനിന്ന് വിരമിച്ചെങ്കിലും സ്വന്തമായി വരഞ്ഞ കുട്ടികളുടെ മുഖങ്ങൾ ഉപേക്ഷിക്കാൻ അവർ തയാറായില്ല. ജോലിക്കിടയിൽ ചെറിയ സമയത്തിനുളളിലാണ് മുന്നിൽ കാണുന്ന കുട്ടികളെ നോട്ടുപുസ്തകങ്ങളിലും കടലാസ് തുണ്ടുകളിലും കോറിയിട്ടതെന്ന് സതി ടീച്ചർ പറയുന്നു. താൻ പഠിപ്പിച്ച കുട്ടികളെ എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ ഓർത്തെടുക്കാമെന്ന് തോന്നി, അങ്ങനെ എല്ലാം സ്വരുക്കൂട്ടി. ചിത്രശേഖരത്തെക്കുറിച്ച് സതി ടീച്ചർ പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകാലം സൂക്ഷിച്ചുവെച്ച ശിഷ്യരുടെ മുഖപടങ്ങൾ വൈകിയാണെങ്കിലും പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് അവർ. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മാഹി ചൂടിക്കൊട്ടയിലെ അഭിലാഷിൽ ശങ്കരൻ -ലക്ഷ്മി ദമ്പതികളുടെ മകളാണ്.
തലശ്ശേരി: ചിത്രകാരി കലൈമാമണി പി. സതിയുടെ ദ്വിദിന ചിത്രപ്രദർശനം പന്തക്കൽ ഐ.കെ.കെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ 28, 29 തീയതികളിൽ നടക്കും. ജനശബ്ദം മാഹിയുടെയും പന്തക്കൽ ഐ.കെ.കെ ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടേയും ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
28ന് ഉച്ചക്ക് ഒന്നിന് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി. മോഹനൻ എം.എൽ.എ വിശിഷ്ടാതിഥിയാകും. യു.ആർ.എഫ് ഏഷ്യൻ റെക്കോഡ് സമർപ്പണം നടത്തും. യു. ആർ.എഫ് ജൂറി ഹെഡ് സത്താർ ആദൂർ മുഖ്യാതിഥിയായിരിക്കും. ദീർഘകാലം മാഹി വിദ്യാഭ്യാസ വകുപ്പിൽ ചിത്രകല അധ്യാപികയായിരുന്നു സതി. പ്രദീപ് ചൊക്ലി, ഗുരുകുലം ബാബു, റീജേഷ് രാജൻ, ചാലക്കര പുരുഷു, ഇ.കെ. റഫീഖ്, ടി.എ. ലതിപ്, ആർട്ടിസ്റ്റ് പി. സതി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.