എ. നഫീസത്തുബീവി,യു പ്രതിഭ, കെ.ഒ. ഐഷാബായി

പാനലിൽ പ്രതിഭയും; സ്പീക്കർമാരുടെ ചരിത്ര പെരുമയുമായി ഓണാട്ടുകര

കായംകുളം: നിയമസഭ സ്പീക്കർ പാനലിൽ യു. പ്രതിഭ എം.എൽ.എയും ഇടംപിടിക്കുമ്പോൾ തുടക്കകാല നിയമസഭയിലെ സ്പീക്കർമാരുടെ ഓർമകളുമായി ഓണാട്ടുകര. 1957ലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ തുടങ്ങുന്ന സ്പീക്കർ പാരമ്പര്യമാണ് ഓണാട്ടുകരക്ക് പങ്കുവെക്കാനുള്ളത്. നിയമസഭ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ പാനലിൽ വനിതകൾ മാത്രം ഉൾപ്പെട്ടത് ചർച്ചയാകുമ്പോൾ ഡപ്യൂട്ടി സ്പീക്കർമാരായിരുന്ന കെ.ഒ. ഐഷാബായിയും എ. നഫീസത്തുബീവിയും വീണ്ടും ചർച്ചകളിലും ഇടംനേടുകയാണ്.  

1957 ലെ ഇ.എം.എസ് മന്ത്രിസഭയിലെ ഡപ്യൂട്ടി സ്പീക്കറായിരുന്ന ഐഷാബായിയും കായംകുളം മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഇതിന് പിന്നാലെ വന്ന 1960ലെ കൂട്ടുകക്ഷി മന്ത്രി സഭയിൽ ഡപ്യൂട്ടി സ്പീക്കറായിരുന്ന നഫീസത്ത് ബീവിയും ഓണാട്ടുകരക്കാരിയായിരുന്നു. 1957ലെ സർക്കാരിൽ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പി കായംകുളത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യസംഘാടകനായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ചെങ്ങന്നൂർ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.

65 വർഷങ്ങൾക്കിപ്പുറം ഒാണാട്ടുകരയിൽ നിന്നുള്ള വനിത പ്രതിനിധി ഇടവേളകളിലെങ്കിലും സ്പീക്കർ കസേരയിൽ ഇരിക്കുമ്പോൾ പഴയകാല നേതാക്കൾ വിസ്മൃതിയിലേക്ക് മറഞ്ഞുവെന്നതും ചരിത്രം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി ഐഷ ബായി 1960ലും കായംകുളത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുസ് ലിം സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും വിലക്കുള്ള കാലത്ത് യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നും അതിനെ അതിജയിച്ച് രാഷ്ട്രീയത്തിൽ തിളങ്ങിയവരാണ് ഇരുവരുമെന്നതാണ് പ്രത്യേകത.

വിപ്ലവ വഴിയിലും കോൺഗ്രസ് രാഷ്ട്രീയത്തിലുമായി ഇവർ ഒരേ കാലഘട്ടത്തിലാണ് രംഗത്തിറങ്ങുന്നത്. മാതൃകുടുംബങ്ങളുടെ ഭാഗമായി കറ്റാനം ഇലിപ്പക്കുളത്ത് താമസമാക്കിയ ഇരുവരും കറ്റാനം പോപ്പ് പയസ് സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ക്ലാപ്പന കൊട്ടക്കാട്ട് ഉസ്മാന്‍റെയും ഇലിപ്പക്കുളം പറത്തറയിൽ കുടുംബാംഗമായ ഫാത്തിമാബീവിയുടെയും മകളായ ഐഷാബായി തിരുവനന്തപുരം വിമൻസ് കോളജ്, യൂണിവേഴ്സിറ്റി കോളജ്, എറണാകുളം ലോകോളജിൽ എന്നിവിടങ്ങളിലെ പഠന ശേഷമാണ് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങുന്നത്. പിന്നീട് കരുനാഗപ്പള്ളിയിൽ മൽസരിച്ചെങ്കിലും വിജയിച്ചില്ല. 2015 ലായിരുന്നു മരണം.

ഇലിപ്പക്കുളം കട്ടച്ചിറ പുത്തൻപുരയിൽ ഹൗവ്വാഉമ്മയുടെയും അബ്ദുൽ കരീമിന്‍റെയും മകളായ നഫീസത്തുബീവി തിരുവനന്തപുരം വിമൻസ് കോളജ്, ആലപ്പുഴ എസ്.ഡി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലെ പഠന ശേഷം ആലപ്പുഴ കോടതിയിലെ പ്രാക്ടീസിനൊപ്പമാണ് രാഷ്ട്രീയത്തിൽ സജീവമായത്. ആലപ്പുഴയിൽ നിന്ന് ടി.വി. തോമസിനെ അട്ടിമറിച്ചാണ് നിയമസഭയിൽ എത്തിയത്. തുടർന്ന് ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായിരുന്ന സീതി സാഹിബ് മരിച്ചപ്പോഴും സി.എച്ച്. മുഹമ്മദ്കോയ രാജിവെച്ചപ്പോഴും പകരക്കാരിയായും പ്രവർത്തിച്ചിട്ടുണ്ട്.

1967 മഞ്ചേരി ലോക്സഭാ മണ്ഡലത്തിൽ മുഹമ്മദ് ഇസ്മായിൽ സാഹിബിനെതിരെയും 1960ൽ വാമനപുരം നിയസഭ മണ്ഡലത്തിലും മൽസരിച്ചെങ്കിലും വിജയിച്ചില്ല. ഡപ്യൂട്ടി സ്പീക്കർമാരായി ഉയർന്ന ഇരുവരും പിന്നീട് രാഷ്ട്രീയ നേതൃപദവികളിൽ നിന്നും അവഗണിക്കപ്പെടുകയായിരുന്നു. മഹിളസംഘം സംസ്ഥാന വൈസ് പ്രസിഡൻറും സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗവുമായിരുന്ന ഐഷാബായി 1977ൽ സി.പി.ഐയിലേക്ക് ചുവടുമാറ്റിയെങ്കിലും പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. നഫീസത്തുബീവിയെ എ.ഐ.സി.സി അംഗമെന്ന അലങ്കാര പദവിയിലേക്ക് മാറ്റിയാണ് ഒതുക്കിയത്. യു. പ്രതിഭയും സി.പി.എമ്മിലെ പ്രാദേശിക നേതൃത്വവുമായി രസത്തിലല്ലായെന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Tags:    
News Summary - U Prathibha on the panel; Onattukara with a history of speakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.