സബ ഹൈദർ

ആരാണ് ‘സബ ഹൈദർ’?; യു.എസിലെ ഈ ഇന്ത്യക്കാരി

അമേരിക്കൻ പൊതുതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ചർച്ചയായ പേരാണ് സബ ഹൈദറുടേത്. ഇലിനോയ്സിലെ ഡ്യുപേജ് കൗണ്ടി തെരഞ്ഞെടുപ്പിൽ 8,521വോട്ടുകൾക്കാണ് ഇന്ത്യക്കാരിയായ സബ റിപ്പബ്ലിക്കൻ സ്ഥാനാർഥി പാറ്റി ഗസ്റ്റിനെ പരാജയപ്പെടുത്തിയത്.


ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ജനിക്കുകയും പഠനം പൂർത്തിയാക്കുകയും ചെയ്ത സബ, 15 വർഷത്തിലേറെയായി ഡെമോക്രാറ്റിക്കിന്‍റെ മുന്നണി പോരാളിയാണ്. ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ ആയിരക്കണക്കിന് ആളുകളിലേക്ക് യോഗയും ആരോഗ്യകരമായ ജീവിതശൈലിയും എത്തിക്കുന്ന പ്രചാരക കൂടിയാണ് അവർ.


ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോധവത്കരണ സംരംഭങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ഷികാഗോയിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിക്കുക, സംസ്‌കൃതം, പ്രാണായാമം എന്നിവയെ കുറിച്ച് ശിൽപശാലകൾ നടത്തുക, വിവേകാനന്ദ ഇന്റർനാഷനൽ ഈസ്റ്റ്-വെസ്റ്റ് യോഗ കോൺഫറൻസ് സംഘാടനം എന്നിവയിൽ സബ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


ഹോളി ചൈൽഡ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ ഗാസിയാബാദിലെ രാം ചമേലി ഛദ്ദ വിശ്വാസ് ഗേൾസ് കോളജിൽ നിന്ന് ബി.എസ്‌സിയിൽ ഉന്നത ബിരുദം നേടി. അലിഗഢ് മുസ്‍ലിം സർവകലാശാലയിൽ നിന്ന് വന്യജീവി പഠനത്തിൽ സ്വർണ മെഡലോടെ എം.എസ്‌സി പൂർത്തിയാക്കി. ബുലന്ദ്ഷഹറിലെ ഔറംഗബാദ് മൊഹല്ല സാദത്ത് സ്വദേശിയും കമ്പ്യൂട്ടർ എൻജിനീയറുമായ അലി കസ്മിയുമായുള്ള വിവാഹത്തിന് ശേഷം 2007ൽ യു.എസിലേക്ക് താമസം മാറി.


ഒമ്പത് ജില്ലകളും പട്ടണങ്ങളും ഉൾപ്പെടുന്ന ഇലിനോയ്സിലെ ഡ്യുപേജ് കൗണ്ടിയിൽ 9.30 ലക്ഷം വോട്ടർമാരുണ്ട്. 2022ൽ ചെറിയ വോട്ടുകൾക്ക് തോൽവി നേരിട്ടിരുന്നുവെങ്കിലും തളരാതെ തന്‍റെ പ്രചാരണം തുടരുകയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു സബ ഹൈദർ. ഇത്തവണയും ഡെമോക്രാറ്റിക് പാർട്ടി അവർക്ക് അവസരം നൽകി. അത് തനിക്കനുകൂലമായി മാറ്റി സബ മിന്നുന്ന വിജയം നേടി.


ചിക്കാഗോയിലെ ഇല്ലിനോയിസ് ജില്ലയിലാണ് സബ ഹൈദർ താമസിക്കുന്നത്. അസിം അലിയും ഐജ അലിയുമാണ് അലി-സബ ദമ്പതികളുടെ മക്കൾ. അബ്ബാസ് ഹൈദറും സീഷൻ ഹൈദറുമാണ് സബയുടെ സഹോദരങ്ങൾ. ഉത്തർപ്രദേശ് ജൽ നിഗമിലെ സഞ്ജയ് നഗർ സ്വദേശിയും റിട്ടയേർഡ് സീനിയർ എഞ്ചിനീയറുമാണ് അലി കാസ്മിയുടെ പിതാവ്.  



Tags:    
News Summary - Who is Saba Haider, Democratic Party Member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.