പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കംതന്നെ ലോക ജനസംഖ്യയുടെ പാതിയോ അതിലധികമോ ഉള്ള സ്ത്രീ ജനങ്ങളുടെ ഉയിർത്തെഴുനേൽപിന്റെ കാലഘട്ടമാണ്. ചരിത്ര കാലം മുതലേ സ്ത്രീകളുടെ സ്ഥാനം പല കാരണങ്ങളാൽ പിന്തള്ളപ്പെട്ടിരുന്നു. സകല മതങ്ങളിലും പ്രത്യയ ശാസ്ത്രങ്ങളിലും അവൾക്ക് മാന്യമായ സ്ഥാനവും ആദരവും കൽപിക്കപ്പെട്ടിരുന്നുവെങ്കിലും പ്രയോഗികതലത്തിൽ അതൊന്നും വേണ്ടത്ര പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാൽ, ഇന്ന് കാലം മാറി. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും സ്ത്രീ ശബ്ദങ്ങൾക്കും ലോകം ഏറെ ചെവികൊടുക്കുന്നുണ്ട്.
ലിംഗ സമത്വം, ലിംഗനീതി തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമെന്നോണം ലോകം അംഗീകരികരിച്ചു തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
നേട്ടങ്ങളുടെ ആഘോഷം
എന്തുകൊണ്ടാണ് വനിതദിനം ആഘോഷിക്കപ്പെടേണ്ടത്? സ്ത്രീ അവളുടെ ശാരീരിക പ്രത്യേകതകൾകൊണ്ടും പ്രകൃതി ജന്യമായ പ്രത്യുൽപാദന ഘടനകൊണ്ടും പുരുഷനെ ആശ്രയിക്കുകയോ പുരുഷനാൽ ആശ്രയിക്കപ്പെടുകയോ ചെയ്യേണ്ടിവന്നു. ബൗദ്ധിക പക്വത സമൂഹം ആർജിക്കുന്നതിനു മുമ്പ് സ്ത്രീയുടെ സ്ഥാനം പുരുഷനു പിറകിലാണെന്ന് സമൂഹം കൽപിച്ചുപോന്നു. സ്ത്രീകൾ പ്രത്യുൽപാദനം നടത്തേണ്ടവരും ഭക്ഷണം പാകംചെയ്യേണ്ടവരും ആണെന്നുള്ള കാഴ്ചപ്പാടിൽ അവരെ രണ്ടാംതരം മനുഷ്യവർഗമായാണ് കണ്ടത്. എന്നാൽ, പിന്നീട് ബൗദ്ധികമായ വളർച്ച സമൂഹങ്ങളിൽ ഉണ്ടാവുകയും സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ മാറ്റങ്ങൾ വരുകയും ചെയ്തു. അങ്ങനെ സ്ത്രീകൾ പതുക്കെയാണെങ്കിലും മുൻനിരയിലേക്ക് അഥവാ പുരുഷനൊപ്പംതന്നെ എത്തിച്ചേർന്നു. ഈ മാറ്റത്തെ സ്ത്രീ ശാക്തീകരണം എന്ന് വിശേഷിപ്പിക്കുന്നു. അങ്ങനെ സ്ത്രീകളെ ബഹുമാനിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും സ്നേഹിക്കാനും പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും അതുവഴി സ്ത്രീകളുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നേട്ടങ്ങളുടെ ആഘോഷവുമാണ് വനിതദിനംകൊണ്ട് ഉദ്ദേശിക്കുന്നത്.
സാമൂഹിക വികസനത്തിന്റെ അടിസ്ഥാനം ഉയർന്ന സ്ത്രീ സാക്ഷരത
ഒട്ടേറെ കടമ്പകൾ കടന്ന് മുള്ളുകൾ നിറഞ്ഞ വഴിയിലൂടെ നടന്ന് സമൂഹത്തിൽ തനിക്ക് അർഹിക്കുന്ന സ്ഥാനം നേടിയെടുക്കാനുള്ള ശേഷി സ്ത്രീകൾ ആർജിച്ചു. സ്ത്രീക്ക് ഇന്ന് സമൂഹത്തിൽ ലഭിക്കുന്ന സ്ഥാനം വ്യക്തിഗത പോരാട്ടങ്ങളുടെയും സംഘടനകളുടെ നിരന്തര പ്രവർത്തനങ്ങളുടെയും ഫലമാണ്.
നമ്മുടെ നാടിന്റെ സാമൂഹിക വികസനത്തിന്റെ അടിസ്ഥാന കാരണം അവിടത്തെ ഉയർന്ന സ്ത്രീ സാക്ഷരതയാണ്. എന്നാൽ, ഇന്നും സ്ത്രീകളുടെ അവസ്ഥ വിദ്യാഭ്യാസ പുരോഗതിക്ക് ആനുപാതികമല്ല. സ്ത്രീകൾക്ക് തനത് വ്യക്തിത്വവും ബൗദ്ധിക സാംസ്കാരിക മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകാനുള്ള കഴിവും ഉണ്ട്. ഉചിതമായ തീരുമാനം എടുക്കേണ്ട രംഗത്ത് സ്ത്രീകൾക്ക് പ്രാമുഖ്യം നൽകാൻ പൊതുവെ മടിയാണ്. എന്നാൽ, ഇന്ന് അത്തരം സ്ഥാനങ്ങളിൽ സ്ത്രീകൾ കടന്നുവരുന്നുണ്ട്.വർധിച്ചുവരുന്ന സെക്സ് റാക്കറ്റുകൾ, ഉയർന്ന സ്ത്രീധന സമ്പ്രദായം, വിവാഹ മോചനങ്ങളുടെ വർധനവ് തുടങ്ങിയവ നമ്മുടെ സമൂഹത്തിന്റെ മൂല്യച്യുതിയെ കുറിക്കുന്നു.
രാഷ്ട്രീയ പ്രബുദ്ധത നേടിയ നമ്മുടെ സമൂഹം ഇതിനെതിരെ പ്രതികരിക്കാതെ മൗനം പാലിക്കുന്നത് വിചിത്രം തന്നെ. ആഗോളീകരണത്തിനും പരിസ്ഥിതി നാശത്തിനും മതമൗലിക വാദങ്ങൾക്കും എതിരെ മാത്രം പ്രതികരിക്കുന്ന പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. മനുഷ്യരായ സ്ത്രീകൾക്കും ജീവിക്കാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും അംഗീകാരം ലഭിക്കാനും അവകാശം ഉണ്ടെന്ന സത്യം നാം അംഗീകരിക്കണം.
സമൂഹത്തിൽ തങ്ങളുടേതായൊരിടം കണ്ടെത്തണം
പുരുഷ മേധാവിത്വം അരങ്ങുവാണിരുന്ന കാലത്തെ പൊളിച്ചെഴുതിത്തുടങ്ങിയ പുതിയകാലം പ്രതീക്ഷയുടേതാണ്. എന്നിരുന്നാലും പൊതു ഇടങ്ങളിൽ സ്ത്രീ സാന്നിധ്യം പുരുഷനോളമെത്തി എന്ന് പൂർണമായി പറയാൻ കഴിയില്ല. സമത്വമെന്നത് വാക്കിലോ എഴുത്തിലോ പ്രതിഫലിക്കേണ്ട വികാരമല്ല എന്ന ബോധത്തോടെ സ്ത്രീസമൂഹം പ്രവർത്തിച്ചുതുടങ്ങണം. വീട്ടകങ്ങളിൽ മാത്രം ഒതുങ്ങിക്കൂടേണ്ടവരാണെന്ന തത്ത്വങ്ങളെ തിരുത്തിയെഴുതിക്കൊണ്ടുതന്നെ ആണധികാരത്തെ മാത്രം ഉൾക്കൊള്ളുന്ന സമൂഹത്തിന് അവബോധം നൽകാനും സ്ത്രീക്ക് തന്റെ പ്രവൃത്തിയിലൂടെ കഴിയണം.
പ്രത്യുൽപാദനത്തിലും വീട്ടുജോലിയിലും മാത്രമായി ഒതുങ്ങുകയല്ല, മറിച്ച്, ഓരോ സ്ത്രീയും സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തേണ്ടതുണ്ട്. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു പുതിയ ഉയരങ്ങൾ കീഴടക്കുന്നതിനുള്ള പ്രചോദനമാകട്ടെ ഒരോ വനിതകൾക്കും ഈ വനിതദിനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.