കോഴിക്കോട്: സമുദ്ര നിരപ്പിൽനിന്ന് 15,000 അടി ഉയരത്തിൽ മഞ്ഞുമലകളെ സ്വന്തം വളയത്തിലാക്കി സാഹസിക ഡ്രൈവിങ്ങിൽ ഒരു ഗിയർകൂടി മാറ്റിപ്പിടിച്ചിരിക്കുകയാണ് കോഴിക്കോട്ടുകാരി ഹെന്ന ജയന്ത്. കോഴിക്കോടുനിന്ന് ഹിമാചൽപ്രദേശിലെ കുഫ്രിയിലേക്ക് തന്റെ ജിംനി ഒാടിക്കുമ്പോൾ ഹെന്ന ജയന്തിന് ആദ്യ ഹിമപര്യവേക്ഷണത്തിന്റെ ആകാംക്ഷയായിരുന്നു. മൗണ്ടൻ ഗോട്ട് സ്നോ ഡ്രൈവ് പര്യവേക്ഷണത്തിൽ പങ്കെടുക്കലായിരുന്നു ഉദ്യമം.
ഹെന്ന ജയന്ത്
85 വാഹനങ്ങളുള്ള പര്യവേക്ഷണ സംഘത്തിൽ അഡ്വാൻസ്ഡ് കോൺവോയ് ഗ്രൂപ്പിലാണ് ഇടംപിടിച്ചത്. ഏറെ ആയാസകരമായ ബ്ലാക് ഐസ് റൈഡും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാലത്തിലും കോമിക് വില്ലേജിലുമായി 10 ദിവസത്തെ ഹിമപാതയിലൂടെ സാഹസിക ഡ്രൈവിങ് പൂർത്തിയാക്കി കോഴിക്കോട്ട് തിരിച്ചെത്തിയ ഹെന്ന ഇന്ത്യ-നേപ്പാൾ-ചൈന സ്നോ എക്സ്പെഡിഷനിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. സാമൂഹിക പ്രവർത്തകൻ ആർ. ജയന്ത് കുമാറാണ് പിതാവ്. അധ്യാപികയായിരുന്ന മാതാവ് ഹൻസ ജയന്ത് കേരള ക്രിക്കറ്റ് താരമായിരുന്നു.
മുക്കം: ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ ദൃഢനിശ്ചയവും മനക്കരുത്തുംകൊണ്ട് നേരിട്ട ഒരു യുവതിയുണ്ട് മണാശ്ശേരിയിൽ. പുരുഷന്മാർ മാത്രം ചെയ്തിരുന്ന കുഴൽക്കിണർ നിർമാണത്തിലേക്ക് തിരിഞ്ഞ് വലിയ വിജയം നേടിയിരിക്കുകയാണ് മണാശ്ശേരി സ്വദേശിനിയായ ഷീജ.
ഷീജ
ഇന്ന് ഷീജയോടൊപ്പം പത്തിലധികം തൊഴിലാളികളുണ്ട്. പി.ജി പഠനത്തിനുശേഷം ഏറെ പ്രതീക്ഷയോടെയാണ് വിവാഹജീവിതത്തിലേക്ക് ഇവർ പ്രവേശിച്ചത്. പക്ഷേ, പിന്നീട് ഉണ്ടായത് ദുരനുഭവങ്ങൾ മാത്രമായിരുന്നു. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികൾക്കു മുന്നിൽ പകച്ചുനിൽക്കരുതെന്നാണ് ഷീജക്ക് സ്ത്രീകളോട് പറയാനുള്ളത്. പതിനഞ്ചു വർഷമായി കുഴൽക്കിണർ കുഴിച്ചു ജീവിതം മുന്നോട്ടുനയിച്ചതിന്റെ ധൈര്യത്തിലാണ് ഇവർ. ചെറിയരീതിയിൽ തുടങ്ങിയ സംരംഭം ഇന്ന് ലാഭകരമായാണ് പ്രവർത്തിക്കുന്നത്. ആയിരത്തിലധികം കുഴൽക്കിണർ ഇവരുടെ നേതൃത്വത്തിൽനിർമിച്ചുകഴിഞ്ഞു.
സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ആത്മാർഥതയോടെ മുന്നോട്ടുപോയാൽ ജീവിതത്തിൽ വിജയം നേടാൻ കഴിയുമെന്ന് ഷീജ പറയുന്നു.
താമരശ്ശേരി: ആഗ്രഹങ്ങള്‍ തീവ്രമാണെങ്കില്‍ മുന്നോട്ടുപോകാനുള്ള വഴി തുറന്നുകിട്ടും എന്നതിന് തെളിവാണ് യുവസംരംഭകയായ വാവാട് കുന്നുമ്മൽ പി.സി. ഹനീന. ചെറുപ്പംമുതൽ ഫാഷന്‍ ഡിസൈനിങ്ങിൽ ഇഷ്ടമായിരുന്ന ഹനീന പഠനത്തിനുശേഷം തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ ഇറങ്ങിയപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും പിന്തുണയുമായി എത്തി.
പി.സി. ഹനീന
ആദ്യഘട്ടത്തിൽ വീട്ടിൽനിന്ന് തന്നെ സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ പുറത്തിറക്കിയതോടെ ആവശ്യക്കാർ എത്തിത്തുടങ്ങി. കുഞ്ഞുടുപ്പുകൾക്കായിരുന്നു ആവശ്യക്കാർ അധികം. സുബീക്ക് എന്ന് മകളുടെ വിളിപ്പേരുതന്നെ ബ്രാൻഡ് നെയിമാക്കുകയും ചെയ്തു.
പുതിയ കാലത്തെ സാങ്കേതിക വിദ്യയും മേഖലയിലെ മാറ്റങ്ങൾക്ക് കാരണമായതോടെ പുതുതായി സ്റ്റിച്ചിങ് യൂനിറ്റിന് തുടക്കം കുറിച്ച് പ്രവർത്തനം വിപുലപ്പെടുത്തി. പുതിയ ടെക്സ്റ്റൈൽ ഡിസൈനുകളും പാറ്റേണുകളും സൃഷ്ടിക്കുന്നതിനും അവ പുതിയ ഭാവത്തിൽ പുറത്തിറക്കുന്നതിനുമുളള പദ്ധതിയിലാണ് ഹനീന. ഫോൺ: 8086577537.
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ, കൃഷി ഓഫിസർ, പ്രധാനധ്യാപിക തുടങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഓഫിസുകളിലെ പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകളാണ്.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, സെക്രട്ടറി ടി. ആബിദ്, കൃഷി ഓഫിസർ രാജശ്രീ, ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫിസർ ഡോ. മായ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ആരതി, വെറ്ററിനറി സർജൻ ഡോ. ഇന്ദു, കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് മാനേജർ രശ്മി, ആരോഗ്യ വിദ്യാഭ്യാസ അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പ്രധാനാധ്യാപികമാരായ നഫീസ കുഴിങ്ങൽ, ഖദീജ അമ്പലക്കണ്ടി, നിഷ, ബി. ശറീന തുടങ്ങിയവരാണ് ഇവർ. പ്രദേശത്തെ വിവിധ മേഖലകളിൽ ഈ സ്ത്രീകൾ ചുക്കാൻ പിടിക്കുന്നതിലൂടെ വലിയ നേട്ടം കൈവരിക്കാനായിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
കൊയിലാണ്ടി: ചേമഞ്ചേരി സ്വദേശിയായ ഗീതക്ക് പാലിയേറ്റിവ് പ്രവർത്തനം തന്നെയാണ് ജീവിതം. കുട്ടിക്കാലം മുതൽ രോഗികളോടും പ്രായമായവരോടും അങ്ങേയറ്റം കാരുണ്യമുണ്ടായിരുന്നതിനാലാണ് ഈ രംഗത്ത് എത്താൻ കാരണമായതെന്ന് ചേമഞ്ചേരി മോങ്ങാട്ട് ഗീത പറയുന്നു.
ഗീത
കട്ടിപ്പാറയിലുണ്ടായ പ്രകൃതിദുരന്തത്തിലും കോവിഡ് കാലത്തും പാലിയേറ്റിവ് സംഘടനകളോടൊത്ത് നടത്തിയ പ്രവർത്തനത്തിന് വലിയ അംഗീകാരമാണ് ലഭിച്ചത്. പാതിരാത്രിയിലും എവിടെയും പലപ്പോഴും മകനെയും കൂട്ടി ഗീത എത്തും.
നിലവിൽ പൊയിൽക്കാവ് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് നഴ്സാണ്. മകളും മകനും ഭർത്താവ് ശിവപ്രസാദും നൽകുന്ന പിന്തുണയാണ് ഈ രംഗത്ത് തുടരാൻ പ്രേരണയാവുന്നത്.
കുന്ദമംഗലം: മിസ്സേ എന്ന കുട്ടികളുടെ ആവർത്തിച്ചുള്ള വിളികൾക്കിടയിലൂടെ ഉത്സാഹത്തോടെ അവരുടെ അടുത്തേക്ക് എത്തുന്ന അധ്യാപികമാർ. അമ്മക്കരുതലിന്റെ ആ കാഴ്ച കാണുമ്പോൾ ആരുടെ മനസ്സിലും സന്തോഷം തോന്നും... കുന്ദമംഗലം പഞ്ചായത്തിലെ കൊളായ് എൽ.പി സ്കൂളിലെ സ്ഥിരം കാഴ്ചയാണിത്. കുഞ്ഞുങ്ങൾക്ക് ഇവിടെ എന്തിനും അധ്യാപികമാർ മാത്രം.
എൽ.കെ.ജി മുതൽ നാലു വരെയാണ് ക്ലാസുകൾ. 111 വർഷം മുമ്പ് സ്ഥാപിച്ചതാണ് കൊളായ് എൽ.പി സ്കൂൾ. 81 കുട്ടികൾ ഇവിടെ പഠിക്കുന്നു. എട്ട് അധ്യാപികമാർ ഉൾപ്പെടെ 10 വനിതകളാണ് ഉള്ളത്. കുന്ദമംഗലം പഞ്ചായത്തിലെ 18ാം വാർഡിൽ കൊളായ് താഴത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കൊളായ് എൽ.പി സ്കൂളിലെ അധ്യാപികമാർ സ്കൂളിനു മുന്നിൽ
സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്. അബാക്കസ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ അധികമായി എടുക്കാറുണ്ട്. എൽ.എസ്.എസ് കോച്ചിങ് ക്ലാസും നടത്താറുണ്ട്. ‘കുഞ്ഞെഴുത്ത്’ എന്ന സ്കൂൾ പ്രവർത്തന പദ്ധതി പ്രകാരം ചിത്രങ്ങൾ കൊടുത്താൽ അതുവെച്ച് വിദ്യാർഥികൾ കഥകളെഴുതും. ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാൻ ആഴ്ചയിൽ ഒരു പരീക്ഷണം കുട്ടികളെക്കൊണ്ട് അധ്യാപികമാർ നടത്തും.
സി.കെ. സ്വർണജയയാണ് പ്രധാനാധ്യാപിക. സീനിയർ അസി. സി.കെ. മിനിജ. അധ്യാപികമാരും സ്റ്റാഫുമായ ഇ. അനുഷ, എ. സഫിയ, പി. ശ്രീഷ്മ, പി.സി. ധന്യ, കെ.പി. പ്രിയങ്ക, ഇ.കെ. ദൃശ്യ, സുബൈദ, കെ. പ്രജിഷ എന്നിവരാണ് സ്കൂളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.