‘മാധ്യമം’ ലിറ്റററി ഫെസ്റ്റിന് തുഞ്ചന്‍പറമ്പ് ഒരുങ്ങുന്നു

തിരൂര്‍: കേരളം കാത്തിരിക്കുന്ന സാഹിത്യോത്സവത്തിന് തിരൂര്‍ തുഞ്ചന്‍പറമ്പ് ഒരുങ്ങുന്നു. മാര്‍ച്ച് നാലിനും അഞ്ചിനും തുഞ്ചന്‍പറമ്പില്‍ പ്രത്യേകം സജ്ജീകരിക്കുന്ന തലയോലപ്പറമ്പ്, തസ്രാക്ക്, പൊന്നാനിക്കളരി എന്നീ വേദികളില്‍ നടക്കുന്ന മാധ്യമം ലിറ്റററി ഫെസ്റ്റില്‍ കേരളത്തിനകത്തും പുറത്തുമുള്ള സാഹിത്യ, സാംസ്കാരിക പ്രമുഖര്‍ സംഗമിക്കും.

‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ എന്ന തലക്കെട്ടില്‍ 13 സെഷനുകളില്‍ നടക്കുന്ന സമ്മേളനത്തില്‍ 100ലധികം എഴുത്തുകാരുടെ സാന്നിധ്യമുണ്ടാകും. പ്രതിനിധികള്‍ക്കായുള്ള പ്രത്യേക രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്. മാധ്യമം ഓണ്‍ലൈനിലും (www.madhyamam.com) രജിസ്ട്രേഷന് സൗകര്യമുണ്ട്. എല്ലാ സെഷനുകളിലും പ്രവേശനം സൗജന്യമാണ്.

മാര്‍ച്ച് നാലിന് രാവിലെ 10ന് ‘തലയോലപ്പറമ്പി’ലാണ് ഉദ്ഘാടന സമ്മേളനം. എം.ടി. വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍, കെ. ജയകുമാര്‍, ഒ. അബ്ദുറഹ്മാന്‍  തുടങ്ങിയവര്‍ പങ്കെടുക്കും. ഗള്‍ഫ് മാധ്യമം-കമല സുരയ്യ പുരസ്കാരം ചടങ്ങില്‍ സക്കറിയക്ക് സമര്‍പ്പിക്കും. സക്കറിയയുടെ പ്രഭാഷണവും നടക്കും.
ആറ് സെഷനുകളടങ്ങുന്ന ആദ്യ ദിവസം പൊരുതുന്ന കാമ്പസ്, എഴുത്തനുഭവങ്ങള്‍, മലയാളത്തിലെ മലപ്പുറം, പുതുതലമുറ: എഴുത്തും രാഷ്ട്രീയവും, ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യും. കവിയരങ്ങും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 8.30ന് ‘പൊന്നാനിക്കളരി’യില്‍ ഷഹ്ബാസ് അമന്‍െറ ഗസല്‍.

രണ്ടാം ദിനം മലയാളിയുടെ പ്രവാസവും സാഹിത്യവും, സാഹിത്യം, സിനിമ, പെണ്‍പോരാട്ടങ്ങള്‍, ആത്മീയതയും സാഹിത്യവും, മലയാളത്തിന്‍െറ പാട്ടുപാരമ്പര്യം എന്നിങ്ങനെയാണ് വിവിധ സെഷനുകളില്‍ ചര്‍ച്ചചെയ്യുക. തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍ ‘മധുരമെന്‍ മലയാളം തുഞ്ചന്‍െറ മണ്ണില്‍’ തലക്കെട്ടില്‍ നടക്കുന്ന സമാപന പരിപാടിയില്‍ മലയാളത്തിന്‍െറ മഹാപ്രതിഭകളായ എം.ടി. വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, നടന്‍ മധു, എം. ലീലാവതി, അക്കിത്തം, റംലാ ബീഗം എന്നിവരെ ആദരിക്കും. തുടര്‍ന്ന് പാട്ടെഴുത്തിന്‍െറ അനശ്വര പ്രതിഭകള്‍ക്ക് ഗാനാഞ്ജലിയുമായി എം.ജി. ശ്രീകുമാറും സംഘവും ഒരുക്കുന്ന ഗാനവിരുന്നുമുണ്ടാകും.

Tags:    
News Summary - madhyamam literary fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.