വി.എസ് കഥാപാത്രമായ ‘ഗ്രീഷ്മമാപിനി’പി. സുരേന്ദ്രന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ മുഖ്യകഥാപാത്രമായി അവതരിപ്പിച്ച നോവല്‍ ‘ഗ്രീഷ്മമാപിനി’ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ പിന്‍വലിച്ചു. സാഹിത്യലോകത്തോടൊപ്പം കേരളത്തിന്‍െറ രാഷ്ട്രീയഭൂമികയിലും ഏറെ ചര്‍ച്ചക്കിടയാക്കിയ നോവലിന്‍െറ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കേണ്ടെന്ന് പ്രസാധകരായ ഡി.സി ബുക്സിനോട് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നോവലിന്‍െറ മുകളില്‍ തനിക്ക് ഒരു അവകാശവാദവും ഇല്ളെന്നും താന്‍ ഈ നോവല്‍ ഉപേക്ഷിക്കുകയാണെന്നും സുരേന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മലയാളസാഹിത്യത്തില്‍തന്നെ ഒരുപക്ഷേ ആദ്യമായാണ് എഴുത്തുകാരന്‍ തന്‍െറ കൃതിയുടെ പുതിയ പതിപ്പ് തന്നെ വേണ്ടെന്ന് തീരുമാനിക്കുന്നത്.
വി.എസിനെ സി.കെ എന്ന കഥാപാത്രമായാണ് ഗ്രീഷ്മമാപിനിയില്‍ അവതരിപ്പിച്ചത്. വി.എസ് നോവലാകുന്നു എന്ന വിശേഷണത്തോടെയാണ് പുസ്തകം വിപണിയിലിറങ്ങിയതും. പ്രമേയബന്ധിതമായിമാത്രം മലയാളിവായനസമൂഹം നോവലിനെ സമീപിച്ചു എന്നതും വി.എസിനോട് ആദരവ് ഉള്ളില്‍ വെക്കുമ്പോഴും ഇപ്പോഴുള്ള നിലപാടിനോടുള്ള അതികഠിനമായ വിയോജിപ്പും നോവല്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചെന്ന് പി. സുരേന്ദ്രന്‍ പറയുന്നു.

‘‘എന്‍െറ എഴുത്തുജീവിതത്തിലെ പിഴച്ചുപോയ വാക്കാണ് ഗ്രീഷ്മമാപിനി. പല തെറ്റുകള്‍ ജീവിതത്തില്‍ പറ്റുമല്ളോ. അങ്ങനെ പറ്റിയ ഒരബദ്ധമാണിതും.
പ്രമേയബന്ധിതമായി മാത്രം നോവല്‍ ചര്‍ച്ച ചെയ്തെന്നതാണ് ഒരു ദുരന്തം. ആഖ്യാനത്തിലേക്ക് ചര്‍ച്ച പോയില്ല. ഫോണ്‍വിളികളും പ്രസംഗവും ഉപയോഗിച്ചുള്ള രചനാമാര്‍ഗമാണ് നോവലില്‍ അവലംബിച്ചത്. എന്നാല്‍, വി.എസ് എന്ന ബിംബത്തെ വെച്ചാണ് ചര്‍ച്ച ചെയ്തത്. ഇ.എം.എസിന്‍െറയും സഖാവ് കുഞ്ഞാലിയുടെയും ജീവിതവുമായി ബന്ധപ്പെട്ട അംശങ്ങള്‍ നോവലില്‍ ഉണ്ടായിരുന്നു. അതൊന്നും ചര്‍ച്ചയായില്ല’’ -അദ്ദേഹം വ്യക്തമാക്കുന്നു.

വി.എസ് എന്ന വ്യക്തിയോട് ആദ്യകാലത്ത് ഇഷ്ടവും ആരാധനയും തോന്നിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥാനത്തിനുവേണ്ടിയുള്ള നെട്ടോട്ടം കണ്ട് ദയനീയതയാണ് തോന്നുന്നത്. വലിയ പോരാട്ടവീര്യമുള്ള മനുഷ്യന്‍ കേവലം എം.എല്‍.എ ആയി ഇരിക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യയുടെ പ്രസിഡന്‍റായിരുന്നയാള്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആവാന്‍ ആഗ്രഹിക്കുന്നതുപോലെയാണത്. അദ്ദേഹം എം.എല്‍.എ സ്ഥാനം ഉപേക്ഷിക്കണമായിരുന്നു. രാഷ്ട്രീയാതീതമായി കേരളം സ്വീകരിച്ചയാള്‍ ചെറിയ അധികാരത്തിനുവേണ്ടി നില്‍ക്കുന്നത് കണ്ട് പാവംതോന്നിയെന്നും സുരേന്ദ്രന്‍ പറയുന്നു. നോവലിന്‍െറ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കേണ്ടെന്ന് മാസങ്ങള്‍ക്കുമുമ്പുതന്നെ താന്‍ പ്രസാധകരോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - p surendrans greeshma mapini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT