തിരുവനന്തപുരം: ചോദ്യംചെയ്യാതെ സ്വീകരിക്കാനുള്ളതല്ല ചരിത്രമെന്ന് ചരിത്രപണ്ഡിത റൊമീല ഥാപ്പർ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാനത്ത് ‘ജ്ഞാനശാസ്ത്ര പരിണാമവും ഗവേഷണരീതിശാസ്ത്രവും മാനവിക വിഷയങ്ങളിൽ’ എന്ന വിഷയത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംഭവങ്ങളുടെ കാലാനുക്രമമുള്ള വിവരണമല്ല ചരിത്രം. ഭൂതകാല സംഭവങ്ങൾ എന്തുകൊണ്ട് എങ്ങനെ സംഭവിെച്ചന്ന് ശാസ്ത്രീയമായ അന്വേഷിക്കുമ്പോഴും യുക്തിഭദ്രമായി അത് അവതരിപ്പിക്കുമ്പോഴുമാണ് ചരിത്രമാവുന്നത്.
ചരിത്രരേഖകളെ പുനർവായന നടത്തുമ്പോൾ ചരിത്രവും നവീകരിക്കപ്പെടും. ചരിത്രംമാത്രമല്ല എല്ലാ അറിവുകളും ചോദ്യംചെയ്യപ്പെടണം. അങ്ങനെ മാത്രമേ അറിവിന് വളർച്ചയുണ്ടാവൂ.
ഇതിഹാസകഥകൾ പലകാലങ്ങളായി രചിക്കപ്പെട്ടവയാണ്. എഴുത്തിലാവുന്നതിന് മുമ്പ് അവ വായ്മൊഴികഥകളായി പ്രചരിച്ചിരുന്നു.
അതിന് പല പാഠങ്ങളുമുണ്ടായി. പലവിധ കൂട്ടിച്ചേർക്കലിന് വിധേയമായി. ചരിത്രംകെട്ടുകഥയല്ല. ശകുന്തളയുടെ കഥ ഉദാഹരിച്ചുകൊണ്ട് റോമീല ഥാപ്പർ പറഞ്ഞു. മഹാഭാരതം മുതലുള്ള പലകൃതികളിലൂടെ ആ കഥ മാറി മറിഞ്ഞു.
കാളിദാസകവി അവതരിപ്പിച്ച ശകുന്തളയാകട്ടെ തികച്ചും വിത്യസ്തയാണ്. അതുപോലെ സോമനാഥ ക്ഷേത്രത്തെപ്പറ്റിയുള്ള കഥകളും പത്മാവതിലെ കഥയും വിമർശനത്തോടെ വിലയിരുത്തണമെന്നും അവർ പറഞ്ഞു. സംസ്ഥാനത്തെ കോളജുകളിലെ ഹ്യുമാനിറ്റീസ് അധ്യാപകർക്കായി നടത്തപ്പെടുന്ന ഒരാഴ്ചത്തെ ശിൽപശാലക്ക് കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ നേതൃത്വം നൽകി.
തിങ്കളാഴ്ച രാഷ്ട്രീയമനഃശാസ്ത്ര പണ്ഡിതൻ ഡോ. ആഷിശ് നന്ദി സംവദിക്കും. ശിൽപശാല 17ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.