മനാമ: എഴുത്തുകാരൻ തെൻറ രചനക്ക് പേരിടാൻ ഫാഷിസ്റ്റ് രാഷ്ട്രീയക്കാരോട് അനുവാദം ചോദിക്കേണ്ട ഗതികേടിലേക്ക് കാലം മാറുമോ എന്ന ഭയമാണിപ്പോൾ നിലനിൽക്കുന്നതെന്ന് കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ പറഞ്ഞു. ബഹ്റൈനിൽ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഗൂഢ രാഷ്ട്രീയ അജണ്ടയുമായാണ് ഇന്ന് ഇന്ത്യയിൽ ഒാരോ കാര്യവും നടക്കുന്നത്. തികഞ്ഞ ഏകാധിപത്യ അവസ്ഥ.
ആത്മീയത, മതാത്മകത,വിശ്വാസം, ജീവിതരീതി എന്നീ ഘടകങ്ങൾ ഏകീകരിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നു. ഇൗ ഭീകരത തിരിച്ചറിയണം. ഇൗ അവസ്ഥയാണ് ‘രണ്ടാമൂഴം’ നോവലുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രകടമാകുന്നത്. ആ നോവലിെൻറ സിനിമാവിഷ്കാരത്തിന് എന്ത് പേരിടണം എന്ന് തീരുമാനിക്കുന്നതുവരെ ചർച്ചയാകുന്നു.പ്രകോപനവും ശുദ്ധ വിവരക്കേടും ഒരുമിക്കുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്.
നടക്കുന്ന ഇടങ്ങളിലെല്ലാം കാൽപാട് പതിപ്പിക്കാൻ എഴുത്തുകാർക്കാകണം. അത് സാധിക്കണമെങ്കിൽ മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തനാകേണ്ടി വരും.
വല്ലാത്ത ഉപരിവിപ്ലവതയുടെ കാലത്താണ് നാം ജീവിക്കുന്നത്. എഴുത്തിലും ഇൗ അവസ്ഥയുണ്ട്.മൂന്ന്തരം യുക്തികളാണ് എഴുത്തുകാരെ നിലവിൽ ഭരിക്കുന്നത്. ബ്യൂറോക്രാറ്റിക്, ജേർണലിസ്റ്റിക്, അക്കാദമിക് യുക്തികൾ. ഇതിൽനിന്ന് പുറത്ത്കടക്കാതെ എഴുത്തുകാർ രക്ഷപ്പെടില്ല. ജീവിതാംശമോ നല്ല ഭാഷയോ ഉണ്ടാകണമെങ്കിൽ മേൽപറഞ്ഞ ഘടകങ്ങളെ ഉപേക്ഷിക്കുകയോ തള്ളിക്കളയുകയോ ചെയ്യണം. ബദൽ ശക്തിയും ശബ്ദങ്ങളും ഉണ്ടാകണം. ഇൗ അവസ്ഥ സാഹിത്യത്തിൽ മാത്രമല്ല പ്രകടമാകുന്നത്.
‘ബാഹുബലി’ പോലുള്ള സിനിമകൾ കലാസൃഷ്ടി എന്നതിനപ്പുറത്തേക്ക് പൊതുബോധ നിർമിതിയുടെ പ്രത്യയശാസ്ത്ര ഉപകരണമായി മാറുകയാണ്. ഇതിനോട് ചേർന്ന് പോകാൻ കഴിയില്ല. മനുഷ്യെൻറ ആസ്വാദനം ഒരുതരം ഉന്മാദത്തിലേക്ക് പോകുന്നു.ഇത് ചോദ്യം ചെയ്യപ്പെടണം.
പുസ്തകം വായിച്ച് പെെട്ടന്ന് തോന്നുന്ന ഒരു അഭിപ്രായമുണ്ടാകും. അത് പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വേദിയാണ് ഫേസ്ബുക്ക്. ഇതിൽ മിക്കപ്പോഴും രാഷ്ട്രീയവും കടന്നുവരുന്നുണ്ട്. ‘വാട് ഇൗസ് ഇൻ യുവർ മൈൻഡ്’ എന്നല്ലേ എഫ്.ബി തുറക്കുേമ്പാൾ കാണുന്നത്. അതിനുള്ള ഉത്തരങ്ങളാണ് നാം ഇടുന്നതും. ഒരു വിഷയത്തിലും ധാരണയില്ലാത്തവരും ആധികാരിക സ്വരമായി മാറുന്ന കാഴ്ചയാണ്ഇപ്പോൾ കാണുന്നത്. അഭിപ്രായത്തിൽ ബഹുസ്വരതക്ക് ഇടമില്ലാതെ വരുന്നു. സൃഷ്ടിപരമായ സംവാദമാണ് പ്രധാന വിഷയമാകേണ്ടത്.
എഴുത്തുകാരുടെ പേരുനോക്കി അവരെ ഒരു മതത്തിെൻറ ഭാഗമാക്കുന്ന നിലപാട് തെറ്റാണ്. ‘സെൻസിറ്റീവ്’ ആയ വിഷയങ്ങളിൽ പലപ്പോഴും എഴുത്തുകാരെൻറയോ കഥാപാത്രങ്ങളുടെയോ മതമോ രാഷ്ട്രീയമോ വിഷയമാക്കി രാഷ്ട്രീയം വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എഴുത്ത് എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് തിരിച്ചറിയാൻ വായനക്കാരന് കഴിയണം.ഇന്ത്യയിലെ ഇതിഹാസങ്ങളെ സംബന്ധിച്ച് നിരവധി ആവിഷ്കാരങ്ങൾ നടന്നിട്ടുണ്ട്. അതൊക്കെ മറന്നുകൊണ്ടാണ് ചർച്ചകൾ പോകുന്നത്. ഇതിഹാസങ്ങളെ മതഗ്രന്ഥമായി കാണരുത്. രാമായണവും മഹാഭാരതവും മതഗ്രന്ഥങ്ങളല്ല.
വേദങ്ങളെയാണ് മതഗ്രന്ഥമായി കാണേണ്ടത്. വൈദിക കൃതികളും അതിെൻറ തുടർ ചർച്ചകളുമാണ് ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നത്. ഇൗ തിരിച്ചറിവില്ലാത്തവരാണ് ഫാഷിസ്റ്റ് നടപടികളുമായി നീങ്ങുന്നത്. ഇതിനെ എഴുത്തുകാർ ശക്തമായി പ്രതിരോധിക്കണം.
പുതിയകാലത്ത് ഒരു കവിത ശ്രദ്ധിക്കപ്പെട്ടാൽ ആ കവിതയുടെ പേരിൽ തന്നെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിൽ എത്ര കവിത നല്ലതുണ്ടെന്ന് തിരിച്ചറിയാനുള്ള ശ്രമം കവിയും പ്രസാധകനും നടത്തുന്നില്ല.സമകാലിക കവികളിൽ നല്ല കവിതകൾ എഴുതുന്നവരുണ്ട്. താളവും ലയവും നിറഞ്ഞ കവിതകളും കാണാം. ‘ചൊൽകവിതകൾ’ വായിക്കപ്പെടാതെ പോകാറുണ്ട്. ചിലപ്പോൾ അവിടെ കേൾവിയുടെ സുഖം മാത്രമേ ലഭിക്കൂ. ചൊല്ലി കേൾപ്പിച്ചല്ല ജനകീയമാകേണ്ടത്. വായിച്ചാണ് കവിത അറിയേണ്ടത്. കവിത വായിക്കാനുള്ള സാക്ഷരതയാണ് ‘സി.ഡി കവിതകൾ ’നഷ്ടപ്പെടുത്തുന്നത്. മുമ്പുള്ളവർ എഴുതിയത് കവിതയല്ല എന്നും ഇന്നത്തെ കവിതകളാണ് ഉത്തമകാവ്യ രൂപങ്ങളുമെന്ന വിഢിത്തം വിളമ്പുന്നവരുണ്ട്. കവിക്ക് ബൃഹദ് ആഖ്യാനം പറ്റില്ല എന്ന പൊതുധാരണയെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.കവിതയിൽ ഇമേജുകൾ അടുക്കി വെക്കുേമ്പാൾ നോവൽ അതിെൻറ വിശദീകരണമാണ് ആവശ്യപ്പെടുന്നത്. ഒരു എഴുത്തുകാരൻ എന്ന വാക്കിനെ ‘എന്തെഴുത്തും വഴങ്ങുന്നവൻ’ എന്ന് നിലയിലും വ്യാഖ്യാനിക്കാമെന്നും മനോജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.