അമിത ദേശീയ വികാരം ഇളക്കിവിടുന്നത് കുറക്കണമെന്ന് എച്ച്.ഡി. ദേവഗൗഡ

ബംഗളൂരു: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൻെറ പശ്ചാത്തലത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ അമിതമായി ദേശീയത ആളികത്തിക്കുന്നത് കുറക്കണമെന്ന് മുൻ പ്രധാനമന്ത്രിയും നിയുക്ത രാജ്യസഭ എം.പിയുമായ എച്ച്.ഡി. ദേവഗൗഡ. വെള്ളിയാഴ്ചത്തെ സർവകക്ഷി യോഗത്തിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ദേവഗൗഡ ഇക്കാര്യം വ്യക്തമാക്കിയത്. പ്രകോപന ഭാഷയുടെയും പ്രതികാരത്തിൻെറയും സമയമല്ല ഇപ്പോൾ. വ്യാജമായ വിവരങ്ങളും വിലകുറഞ്ഞ പ്രചാരണവും മാധ്യമങ്ങൾ നൽകുന്നത് പട്ടാളക്കാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും ജീവനാണ് അപകടത്തിലാക്കുകയെന്നും ദേവഗൗഡ പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ വിമർശനപരമായ അഭിപ്രായങ്ങളും വിശകലനവും റിപ്പോർട്ടിങ്ങും അനുവദിക്കുന്നതിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളെ പരിശോധനക്കും വിധേയമാക്കണം. ചൈനയുമായുള്ള ചർച്ച സംബന്ധിച്ചും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും പ്രതിപക്ഷത്തിന് കൃത്യമായ കാര്യങ്ങൾ വിശദീകരിക്കാൻ മുതിർന്ന സൈനികനെയോ നയതന്ത്ര വിദഗ്ധനെയോ നിയോഗിക്കണം. ഗൽവാനിൽ പട്ടാളക്കാർ വീരമൃത്യുവരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. എന്താണ് സംഭവിച്ചതെന്ന് അറിയേണ്ടതുണ്ട്. സാമ്പത്തിക തലത്തിൽ ചൈന ബഹിഷ്കരണം ഉൾപ്പെടെയുള്ള കാമ്പയിനുകളെ സർക്കാർ പ്രോത്സാഹിപ്പിക്കരുത്. അത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കുറെകൂടി സുതാര്യമായി പ്രവർത്തിക്കണമെന്നും ദേവഗൗഡ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.