തിരുവല്ല: ഒന്നിനുപിറകേ ഒന്നായി ചീറിപ്പായുന്ന ഫയർ എൻജിനുകൾ... പിന്നാലെ പായുന്ന പൊലീസ് ജീപ്പുകളും സബ് കലക്ടറുടെയും തഹസിൽദാരുടെയും ഔദ്യോഗിക വാഹനങ്ങളും ആംബുലൻസുകളും... ഈ കാഴ്ച കണ്ടവർ കണ്ടവർ ബൈക്കിലും ഓട്ടോയിലുമൊക്കെയായി വാഹനങ്ങൾക്ക് പിന്നാലെ പാഞ്ഞു. കിലോമീറ്ററുകൾ നീണ്ട മരണപ്പാച്ചിലിനൊടുവിൽ ഫയർ ഫോഴ്സ് അടങ്ങുന്ന സംഘം എത്തിച്ചേർന്നത് പെരിങ്ങര പഞ്ചായത്തിലെ മുട്ടാർ കോൺകോഡ് കടവിൽ.
ചെന്നപാടേ കൊണ്ടുവന്ന രണ്ട് ലൈഫ് ബോട്ടുകൾ നദിയിലേക്കിട്ട് ലൈഫ് ജാക്കറ്റുകൾ ധരിച്ച ആറ് അഗ്നിശമന സേനാംഗങ്ങൾ ബോട്ടിൽ കയറി അതിവേഗം മറുകര ലക്ഷ്യമാക്കി തുഴഞ്ഞു. ആറിനക്കരെയുള്ള തുരുത്തിൽ ഗർഭിണികളും വയോധികരും അടങ്ങുന്ന നാൽപതോളംപേർ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നതായും അതിലൊരാൾ വെള്ളത്തിൽ വീണതായി സംശയിക്കുന്നതായും അവരെ രക്ഷപ്പെടുത്തുന്നതിനാണ് തങ്ങൾ എത്തിയതെന്നും ഇതിനിട ഉദ്യോഗസ്ഥർ സ്ഥലത്ത് തടിച്ചുകൂടിയവരെ അറിയിച്ചു. പിന്നീടുള്ള അര മണിക്കൂറോളം നേരം കാഴ്ചക്കാരായി നിലയുറപ്പിച്ച അമ്പതിലധികംപേർക്ക് ഉദ്യേഗത്തിെൻറ നിമിഷങ്ങൾ.
സംഭവസ്ഥലത്ത് തടിച്ചുകൂടിയവർ ഇതിനിടെ സ്ഥലത്തെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലിട്ടു. ഈ ദൃശ്യങ്ങൾ മിനിറ്റുകൾക്കക്കം തിരുവല്ലയിലെ പ്രമുഖ ഫേസ്ബുക്ക് പേജുകളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചു. വെള്ളത്തിൽവീണ് മൂന്ന് യുവാക്കൾ മരിച്ചതായ ‘കരക്കമ്പി’യും നാട്ടിൽ പ്രചരിച്ചു. സംഭവമറിഞ്ഞ് കൂടുതൽ ആൾക്കാർ എത്തിയതോടെ കോവിഡ് ജാഗ്രതയുടെ ഭാഗമായി പാഞ്ഞെത്തിയവരെ വിരട്ടിയോടിച്ച് പൊലീസും.
രണ്ട് മണിക്കൂറിലേറെ നേരം തിരുവല്ലക്കാരെ ഉദ്യേഗത്തിെൻറ മുൾമുനയിൽ നിർത്തിയ സംഭവങ്ങൾക്ക് ക്ലൈമാക്സ് ആയത്.ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടവും ഫയർഫോഴ്സും ചേർന്നൊരുക്കിയ മോക്ഡ്രിൽ ആണിതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതോടെ.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു തിരുവല്ലക്കാരെ അങ്കലാപ്പിലാക്കിയ സംഭവ പരമ്പരകൾ അരങ്ങേറിയത്. താലൂക്ക്തല റെസ്പോണ്സിബിള് ഓഫിസര്‍കൂടിയായ തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയലിെൻറ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.