കൽപറ്റ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവാത്തതിൽ മനംനൊന്ത് മലപ്പുറം വളാഞ്ചേരിയിൽ ദലിത് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് വയനാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മുഴുവൻ വിദ്യർഥികൾക്കും സൗകര്യമൊരുക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കുക എന്നാവശ്യപ്പെട്ട് സംഘടന ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം ലഭിക്കുകയെന്നത് ഓരോ വിദ്യാർഥിയുടെയും ഭരണഘടനാപരമായ മൗലികാവകാശമാണ്. സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കാണ് അതിന് സൗകര്യം ലഭിക്കാതെ പോയത്.
സമഗ്രശിക്ഷ കേരളയുടെ കണക്കു പ്രകാരം വയനാട് ജില്ലയിൽ മാത്രം ടി.വിയോ സ്മാർട്ട് ഫോണോ ലഭ്യമല്ലാത്ത 15 ശതമാനം സ്കൂൾ വിദ്യാർഥികളുണ്ട്. ഇത്തരം അസൗകര്യങ്ങളുടെ ഇരയായാണ് ദലിത് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. കൽപറ്റയിലെ പ്രകടനം ജില്ല പ്രസിഡൻറ് പി.എച്ച്. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ല സമിതി അംഗങ്ങളായ ദിൽബർ സമാൻ, അസ്ഹർ അലി, എ.സി. ഫർഹാൻ, എം.വി. റനീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.