ബംഗളൂരു: കാമ്പസിൽ കയറി യുവാവ് വിദ്യാർഥിനിയെ കുത്തിക്കൊന്ന സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ രജനുകുണ്ടെക്ക് സമീപം ഇറ്റ്ഗളൂരിലെ പ്രസിഡൻസി കോളജിൽ തിങ്കളാഴ്ചയാണ് ഒന്നാംവർഷം ബിടെക് വിദ്യാർഥിനി ലയസ്മിത (19) കുത്തേറ്റ് മരിച്ചത്.
വിദ്യാർഥിനിയുടെ അകന്ന ബന്ധുവും നൃപതുംഗ യൂനിവേഴ്സിറ്റി ഒന്നാംവർഷ ബി.സി.എ വിദ്യാർഥിയുമായ പവൻ കല്യാണാണ് കോളജിൽ കയറി അക്രമം കാണിച്ചത്. ശേഷം സ്വയം കുത്തിപ്പരിക്കേൽപിച്ച പവൻ കല്യാൺ ബംഗളൂരു ബൗറിങ് ആൻഡ് ലേഡി കർസൻ ആശുപത്രിയിൽ ചികിത്സയിലാണ്.
തന്റെ പ്രണയം പെൺകുട്ടി നിഷേധിച്ച വൈരാഗ്യത്തിനാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ ലയ സ്മിതയുടെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പുറത്തുള്ളവരെ കോളജിൽ പ്രവേശിപ്പിച്ചെന്നും കാമ്പസിലെ വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കിയില്ലെന്നുമുള്ള കുറ്റത്തിന് പ്രസിഡൻസി കോളജ് അധികൃതർക്കെതിരെ രജനുകുണ്ടെ പൊലീസ് കേസെടുത്തത്.
പ്രതി പവൻ കല്യാണിന്റെ നില ഗുരുതരമല്ലെന്നും ഡോക്ടറുടെ സമ്മതം കിട്ടിയാലുടൻ ഇയാളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്നും 97 കി.മീ അകലെയുള്ള കോലാർ ജില്ലയിലെ മുൽബഗൽ സ്വദേശിയായ ലയസ്മിത ഒരു മാസം മുമ്പാണ് കോളജിൽ എൻജിനീയറിങ് കോഴ്സിന് ചേർന്നത്. കോളജിനടുത്തുള്ള പി.ജിയിലായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.