ബംഗളൂരു: അനധികൃതമായി 10 ദിവസം കസ്റ്റഡിയിൽ പീഡിപ്പിച്ച മോഷണക്കേസ് പ്രതിയെ കർണാടക മനുഷ്യാവകാശ കമീഷൻ ശനിയാഴ്ച പൊലീസ് സ്റ്റേഷൻ റെയ്ഡ് നടത്തി മോചിപ്പിച്ചു.
മുംബൈയിൽനിന്ന് പിടികൂടിയ യാസീൻ മുഹമ്മദ് ഖാനാണ് കമീഷൻ ഡിവൈ.എസ്.പി സുധീർ ഹെഗ്ഡെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അമൃതഹള്ളി പൊലീസ് സ്റ്റേഷനിൽ നിന്ന് മോചിതനായത്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ യാസീനെ ഈ മാസം ഒന്നിനാണ് പൊലീസ്, കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെത്തുടർന്ന് മുംബൈയിൽ നിന്ന് പിടികൂടിയത്. എന്നാൽ, ശനിയാഴ്ച വരെയുള്ള 10 ദിവസവും കസ്റ്റഡിയിൽ തന്നെയായിരുന്നു. ബന്ധുക്കളെ വിവരം അറിയിക്കുക, അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുക തുടങ്ങിയ നടപടിക്രമങ്ങളൊന്നും ഉണ്ടായില്ല. വിവരമറിഞ്ഞ് ബന്ധുക്കൾ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയായിരുന്നു. കമീഷൻ പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ കോടതിയിൽ ഹാജരാക്കാൻ നടപടി സ്വീകരിക്കുകയും സ്റ്റേഷൻ ഇൻസ്പെക്ടർ, സഹപ്രവർത്തകർ എന്നിവരുടെ മൊഴിയെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.