ബംഗളൂരു: മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ഷിഗാവ് നിയമസഭ മണ്ഡലത്തിൽ യാസിർ അഹ്മദ് ഖാൻ പതാൻ വിജയിച്ചതോടെ ഹാവേരി ജില്ല കോൺഗ്രസ് പാർട്ടിയുടെ സമ്പൂർണ ആധിപത്യത്തിലായി. ജില്ലയിലെ ആറ് നിയമസഭ മണ്ഡലങ്ങളും പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസ് എം.എൽ.എമാരാണ്.
1994ൽ കുനൂർ മഞ്ചുനാഥ ചെന്നപ്പയാണ് ഷിഗാവ് മണ്ഡലത്തിൽ വിജയിച്ച അവസാന കോൺഗ്രസ് സ്ഥാനാർഥി. പിന്നീടു വന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ ജെ.ഡി.എസും സ്വതന്ത്രനും 2008 മുതൽ തുടർച്ചയായി ബി.ജെ.പിയുടെ ബസവരാജ് ബൊമ്മൈയും ജയിച്ചുകയറി. 2023ൽ ബൊമ്മൈ 1,00,016 വോട്ടുകൾ നേടി വിജയിച്ചായിരുന്നു കർണാടക മുഖ്യമന്ത്രിയായത്.
ബി.ജെ.പി ടിക്കറ്റിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. എന്നാൽ, കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പിൽ ബൊമ്മൈ പരാജയപ്പെടുത്തിയ യാസിർ അഹ്മദ് ഖാൻ പതാൻ, ഉപതെരഞ്ഞെടുപ്പിൽ ബൊമ്മൈയുടെ മകൻ ഭരതിനെ തറപറ്റിച്ചാണ് വിജയം കൊയ്തത്. ദലിത്-പിന്നാക്ക വോട്ടുകളുടെ ഏകോപനമാണ് ഈ വിജയത്തിന് പിന്നിലെന്നാണ് നിരീക്ഷണം.
മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ സെയ്ദ് അസീംപീർ ഖാദിരി പതാനുവേണ്ടി നടത്തിയ പ്രചാരണം മുസ്ലിം വോട്ടുകളുടെ ഏകോപനത്തിന് സഹായകമായി. രാജ്യത്തിന്റെ ഭരണഘടന ശിൽപി ഡോ.ബി.ആർ. അംബേദ്കർ ഇസ്ലാം മതം ആശ്ലേഷിക്കാൻ തീരുമാനിച്ചിരുന്നു എന്ന വിവാദ പ്രസ്താവനയിലൂടെ ശ്രദ്ധേയനായ ഖാദിരി മുസ്ലിം സമുദായത്തിൽ വലിയ സ്വാധീനമുള്ള പൊതു പ്രവർത്തകനാണ്. പട്ടികവർഗ വിഭാഗം വോട്ടുകൾ പതാന്‍ അനുകൂലമാക്കുന്നതിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർകിഹോളിയും നിർണായക പങ്കുവഹിച്ചു.
കുറുബ വിഭാഗത്തിന്റെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥിക്ക് ഉറപ്പിച്ചത് ആ സമുദായക്കാരനായ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. ജില്ല ചുമതലയുള്ള മന്ത്രി സമീർ അഹ്മദ് ഖാൻ ബൂത്തുതലം സജീവമാക്കുന്നതിലുള്ള തന്റെ മികവ് പ്രകടിപ്പിക്കുകയും ചെയ്തു. അമിത ആത്മവിശ്വാസമാണ് ബി.ജെ.പിക്ക് വിനയായതെന്ന് ആ പാർട്ടി നേതാക്കൾ പറയുന്നു. ബസവരാജ് ബൊമ്മൈയുടെ പ്രഭാവം വോട്ടാകും എന്നായിരുന്നു കണക്കുകൂട്ടൽ.
മകനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിയിലുണ്ടായിരുന്ന മുറുമുറുപ്പ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും നിരീക്ഷണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.