കന്നട നിർബന്ധമാക്കാൻ നിയമം -മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബംഗളൂരു: കർണാടകയിൽ 'ഹിന്ദി ദിവസ്' ആചരണത്തിനെതിരെ നിയമസഭയിലും പുറത്തും നേരിട്ട പ്രതിഷേധത്തെ തണുപ്പിക്കാൻ പുതിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയിൽ കന്നട നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഷകാല നിയമസഭ സമ്മേളനത്തിന്റെ മൂന്നാം ദിനത്തിൽ 'കന്നട ലാംഗ്വേജ് കോംപ്രിഹെൻസിവ് ഡെവലപ്മെന്റ് ബിൽ' സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഭാഷ മുഴുവനായും കന്നടയിലാക്കണമെന്നത് ഏറെക്കാലമായി കന്നട അനുകൂല സംഘടനകൾ ഉയർത്തുന്ന ആവശ്യമാണ്. പ്രസ്തുത ബിൽ നിയമസഭയിൽ വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കന്നട നിയമം മൂലം നിർബന്ധമാക്കുന്ന ആദ്യത്തെ ബില്ലാണിതെന്നും കന്നട ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുകയെന്നത് സർക്കാറിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദി ദിവസ് ആചരണത്തിനെതിരെ ജെ.ഡി-എസ് പ്രതിപക്ഷനേതാവ് സർക്കാറിനെ വിമർശിച്ചു. കന്നടിഗരിൽ ഹിന്ദി അടിച്ചേൽപിക്കുകയാണ് ഹിന്ദി ദിവസ് ആചരണത്തിലൂടെ സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ, ഇന്ത്യ വിവിധ ഭാഷകളും സംസ്കാരവും അടങ്ങിയതാണെന്നും ഏതെങ്കിലും ഭാഷ അടിച്ചേൽപിക്കുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും എല്ലാ മാതൃഭാഷയും പ്രാദേശിക ഭാഷയും ദേശീയ ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്നും ബൊമ്മൈ പ്രതികരിച്ചു. 

Tags:    
News Summary - Act to make Kannada compulsory - Chief Minister Basavaraj Bommai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.