മംഗളൂരു: തിരുവൈൽ, കാണ്ഡവാര ഗ്രാമങ്ങൾക്ക് സമീപമുള്ള ഫാൽഗുനി നദിയിൽ അനധികൃത മണൽ ഖനനം നടക്കുന്നതായി വിവരം ലഭിച്ചത് സ്ഥിരീകരിച്ച് മംഗളൂരു തഹസിൽദാരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. അനധികൃത മണൽ ഖനനം നടക്കുന്നതായി കണ്ടെത്തി. നദീതീരത്തുള്ള ചില കുടുംബങ്ങൾ അനധികൃത മണൽക്കടത്ത് സുഗമമാക്കുന്നതിനായി അവരുടെ ഭൂമിയിൽ റോഡുകൾ നിർമിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനത്തിന് പിന്തുണ നൽകുന്നതിനായി അവർ ഈ റോഡുകളിൽ ഗേറ്റുകൾ പോലും സ്ഥാപിച്ചിരുന്നു. റെയ്ഡിനിടെ നിരവധി ബോട്ടുകൾ പിടിച്ചെടുത്തു. ചില ഭൂമികളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മണൽ കണ്ടെത്തി. റെയ്ഡിനെത്തുടർന്ന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ശിപാർശ ചെയ്ത് തഹസിൽദാർ മംഗളൂരു അസിസ്റ്റന്റ് കമീഷണർക്ക് (എ.സി) റിപ്പോർട്ട് സമർപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ഗുരുപുര ഹോബ്ലിയിലെ മൂലൂർ, ഡോണിഞ്ചഗുട്ടുവിൽ സുബ്ബണ്ണ ഷെട്ടിയുടെയും സുമതി ഷെട്ടിയുടെയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് ഭൂമി കണ്ടുകെട്ടാനും നോട്ടീസ് പുറപ്പെടുവിച്ചു. തിരുവൈലു ഗ്രാമത്തിലെ പ്രേമ ബി. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള 27 സെന്റ് ഭൂമി 10 ലക്ഷം രൂപ പിഴയോടെയും അന്നപ്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള 55 സെന്റ് ഭൂമി 15 ലക്ഷം രൂപ പിഴയോടെയും, കെ. മഞ്ഞപ്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള 12 സെന്റ് ഭൂമി അഞ്ചു ലക്ഷം രൂപ പിഴയോടെയും കണ്ടുകെട്ടി.
അനധികൃത മണൽ ഖനനം നിർത്തിവെക്കാനും അനുസരണ രേഖാമൂലമുള്ള സ്ഥിരീകരണം നൽകാനും ഈ കുടുംബങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ട്. അങ്ങനെ ചെയ്യാത്തപക്ഷം അവരുടെ ഭൂമി കണ്ടുകെട്ടേണ്ടിവരും. അനധികൃത മണൽ ഖനനം നടത്തിയതിനും അനധികൃത മണൽ ഗതാഗതത്തിനായി ഭൂമി ഉപയോഗിച്ചതിനും ഗ്രീൻ ട്രൈബ്യൂണലിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പിഴ ചുമത്തിയത്. പിഴകൾ സംബന്ധിച്ച എതിർപ്പുകൾ 2025 ഏപ്രിൽ ഏഴിന് മുമ്പ് സമർപ്പിക്കാമെന്ന് അസിസ്റ്റന്റ് കമീഷണർ ഹർഷവർധൻ തന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.