സിദ്ധരാമയ്യ
ബംഗളൂരു: പാൽ വില വർധിപ്പിക്കുന്ന കാര്യത്തിൽ മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കർണാടക കോഓപറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ലിമിറ്റഡ് (കെ.എം.എഫ്) ചെയർപേഴ്സന്മാരുമായും ജില്ല പാൽ യൂനിയനുകളുമായും മുഖ്യമന്ത്രി നടത്തിയ യോഗത്തിൽ പാലിനും തൈരിനും ലിറ്ററിന് മൂന്ന് രൂപ വർധന നിർദേശിച്ചിരുന്നു. ലാഭമുണ്ടാക്കുകയല്ല കർഷകർക്ക് നേട്ടമുണ്ടാക്കുക എന്നതാണ് യൂനിയനുകളുടെ പ്രാഥമിക ലക്ഷ്യമെന്ന് സിദ്ധരാമയ്യ ഊന്നിപ്പറഞ്ഞു.
കർണാടകയിൽ നിലവിൽ പാൽ വില താരതമ്യേന കുറവാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. വിലയിലെ ഏതൊരു വർധനവും കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യേണ്ടതുണ്ട്.
വർധിപ്പിക്കുന്ന വിലയുടെ ഒരു ഭാഗം യൂനിയനുകളുടെ അറ്റകുറ്റപ്പണികൾക്കായി നീക്കിവെക്കണമെന്ന യൂനിയനുകളുടെ അഭ്യർഥനയെ മുഖ്യമന്ത്രി പിന്തുണച്ചില്ല. യൂനിയൻ പ്രവർത്തനങ്ങളിൽ സുതാര്യതയുടെ പ്രാധാന്യമാണ് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞത്. അനാവശ്യ ചെലവുകൾ കുറക്കാനും അത്യാവശ്യമല്ലാതെ അധിക കരാർ ജീവനക്കാരെ നിയമിക്കുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
ഭരണപരമായ ചെലവുകൾ പരമാവധി രണ്ടു ശതമാനമായി പരിമിതപ്പെടുത്താനും അദ്ദേഹം ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.