ലോക്നാഥ്, യശസ്വിനി
ബംഗളൂരു: റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ദുരൂഹമരണത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ലോക്നാഥ് സിങ്ങിനെ (33) കൊലപ്പെടുത്തിയ കേസിൽ ഭാര്യ യശസ്വിനി (18), ഭാര്യാമാതാവ് ഹേമാ ഭായി (37) എന്നിവരാണ് അറസ്റ്റിലായത്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്നാഥ് സിങ്ങിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച കർണാടക ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറിൽനിന്നാണ് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചതെന്ന് നോർത്ത് ബംഗളൂരു ഡി.സി.പി സൈദുൽ അദാവത് പറഞ്ഞു.
ഭക്ഷണത്തിൽ ഉറക്കഗുളികകൾ ചേർത്ത് ലോക്നാഥിനെ പ്രതികൾ മയക്കിക്കിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ലോക്നാഥിനുണ്ടായിരുന്ന വിവാഹേതര ബന്ധങ്ങള്‍ ഭാര്യയും ഭാര്യാമാതാവും കണ്ടെത്തിയിരുന്നതായി പറയുന്നു. വിവാഹത്തിന് പിന്നാലെ ഭാര്യയെ ലോക്നാഥ് അവരുടെ മാതാപിതാക്കളുടെ വീട്ടിലാക്കിയിരുന്നു.
വിവാഹേതര ബന്ധത്തെ ചൊല്ലി ദമ്പതികൾ നിരന്തരം വഴക്കിടുകയും വിവാഹമോചനം നേടാൻ ലോക്നാഥ് ആലോചിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇതിനിടെ ലോക്നാഥ് ഭാര്യയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകകൂടി ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതോടെയാണ് ഭാര്യയും മാതാവും ലോക്നാഥിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് അദാവത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.