ബംഗളൂരു: ചില പ്രവർത്തനങ്ങൾകൂടി പൂർത്തിയാകാത്തതിനാലും യാത്രക്കാരുടെ ഉപയോഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തിക്കഴിയാത്തതിനാലും കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിയെ ടെർമിനൽ രണ്ടിന്റെ പ്രവർത്തനം തുടങ്ങാൻ ൈവകും. ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഹരി മാരാർ അറിയിച്ചതാണിത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ടെർമിനൽ രണ്ടിന്റെ ബാക്കിയുള്ള നടപടികൾ പൂർത്തിയായി ഒന്നോ ഒന്നരയോ മാസത്തിനകം ഈ ടെർമിനലിന്റെ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം ടെർമിനലിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ യാത്രക്കാരിൽനിന്നും വിമാനക്കമ്പനികളിൽനിന്നും പരാതികളുയർന്നു തുടങ്ങിയതോടെയാണ് 2016ൽ പുതിയ ടെർമിനൽ എന്ന ആശയമുണ്ടാകുന്നത്. 2019ലാണ് രണ്ടാം ടെർമിനലിന്റെ രൂപരേഖ ഔദ്യോഗികമായി പുറത്തുവിട്ടത്. വർഷത്തിൽ രണ്ടരകോടി യാത്രക്കാർ ടെർമിനൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.
ബംഗളൂരു എന്ന പൂന്തോട്ടനഗരത്തിന്റെ പ്രതാപം പ്രതിഫലിപ്പിക്കുന്നതാണ് ടെർമിനൽ രണ്ട്. 2,55,645 ചതുരശ്രമീറ്ററിലായാണിത്. 22 കോണ്ടാക്റ്റ് ഗേറ്റുകൾ, 15 ബസ് ഗേറ്റുകൾ, 17 സുരക്ഷ പരിശോധന ലൈനുകൾ എന്നിവയുണ്ട്. ടെർമിനലിന്റെ പ്രവർത്തനം പൂർണമായും പാരമ്പര്യേതര ഊർജം ഉപയോഗിച്ചാണ്. കർണാടകയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാസൃഷ്ടികളാണ് ടെർമിനലിനുള്ളിലുള്ളത്. പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾക്കുള്ള ഗ്രീൻ ബിൽഡിങ് പ്ലാറ്റിനം റേറ്റിങ് ലഭിച്ച ലോകത്തെ ഏറ്റവും വലിയ ടെർമിനൽകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.