മംഗളൂരു: ഉത്തര കന്നട ജില്ലയിൽ ഷിറൂർ അങ്കോളയിലെ ദേശീയപാത 66ൽ ചൊവ്വാഴ്ച ഇടിഞ്ഞ മണ്ണിനൊപ്പം ഗംഗാവാലി പുഴയിൽ വീണ പാചകവാതകം നിറച്ച ടാങ്കർ ലോറി ഒഴുകിപ്പോയത് ഏഴ് കിലോമീറ്റർ.
രക്ഷാപ്രവർത്തകർ സഗഡ്ഗേരി ഗ്രാമത്തിൽ കണ്ടെത്തിയ ടാങ്കർ കയറാൽ കരയിൽ ബന്ധിച്ച് വാതകം പുഴയിൽ കലരാതെ ഒഴിവാക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച വൈകിയും തുടർന്നു. ലോറിയിൽനിന്ന് വേർപെട്ട നിലയിലായിരുന്നു ടാങ്കർ. ഇതിലെ ഡ്രൈവർമാർ നീന്തി രക്ഷപ്പെട്ടെന്നായിരുന്നു സംഭവ ദിവസം പൊലീസും അധികൃതരും കരുതിയിരുന്നത്. എന്നാൽ, തമിഴ്നാട് സ്വദേശികളായ എം. മുരുഗൻ (45), കെ.സി. ചിന്ന (55) എന്നീ ഡ്രൈവർമാരുടെ മൃതദേഹങ്ങൾ പിറ്റേന്ന് കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് 40 കിലോമീറ്ററോളം അകലെ ഹൈന്ദവ തീർഥാടന കേന്ദ്രമായ ഗോകർണ മേഖലയിൽ ഗംഗാവാലി നദിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മണ്ണിനൊപ്പം പുഴയിൽ വീണ 15 പേരിൽ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുന്‍റെ പേര് കൂടി പുറത്തുവന്നതോടെ ആശങ്ക ഏറുകയാണ്. ഇരുദിശകളിലേക്കും കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നിരവധി വാഹനങ്ങൾ നിരന്തരം കടന്നുപോവുന്ന പാതയാണിത്. വ്യാഴാഴ്ച പുറത്തെടുത്ത മൂന്ന് ഉൾപ്പെടെ ഏഴ് മൃതദേഹങ്ങൾ മാത്രമാണ് ഇതിനകം കണ്ടെത്തിയത്. സംഭവശേഷം കാണാതായവർ മണ്ണിടിച്ചിലിൽ പെട്ടിരിക്കാമെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ടൺ കണക്കിന് മണ്ണ് ഒരുമിച്ച് ഒഴുകിയെത്തി ഗംഗാവാലി നദിയിൽ തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. സമാന ഉയരത്തിൽ കരയിലും കുന്നോളം മണ്ണുണ്ട്. ഏഴുപേരാണ് ചൊവ്വാഴ്ച അപകടത്തിൽ പെട്ടതെന്നായിരുന്നു ആദ്യ വിവരം.
പാതയോരം താമസിച്ച് ഹോട്ടൽ നടത്തി വന്ന കെ. ലക്ഷ്മണ നായ്ക (47), ഭാര്യ ശാന്തി നായ്ക (36), ഇവരുടെ മക്കളായ റോഷൻ (11), അവന്തിക (ആറ്), സഹായി സി. ജഗന്നാഥ് (55), എം. മുരുഗൻ (45), കെ.സി. ചിന്ന (55) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. കനത്ത മഴ തുടരുന്നത് എല്ലാതരം രക്ഷാപ്രവർത്തനങ്ങൾക്കും ഭീഷണിയാണെന്ന് കാർവാർ ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു. രക്ഷാപ്രവർത്തനം സുഗമമാക്കാൻ ഈ പാതയിലൂടെയുള്ള വാഹന ഗതാഗതം താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ലോക്കൽ പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമന സേന, മറ്റ് ഏജൻസികൾ നാലുദിവസമായി രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്ന് എസ്.പി പറഞ്ഞു.
മംഗളൂരു: ചരക്കുമായി പോകുന്നതിനിടെയാണ് അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അകപ്പെട്ടത്. അപകടത്തിന്‍റെ വാര്‍ത്തകള്‍ കേട്ടതിനു പിന്നാലെ ജി.പി.എസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്‍റെ KA15A 7427 എന്ന മരം കയറ്റി വരുകയായിരുന്ന ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുംബം അറിയുന്നത്. ബന്ധുക്കൾ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. അപകടശേഷം വിളിച്ചപ്പോൾ അർജുന്‍റെ ഫോൺ ഒരു തവണ റിങ് ചെയ്തിരുന്നതായി കുടുംബം പറയുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. ലോറി ഡ്രൈവർമാർ സ്ഥിരമായി വിശ്രമിക്കാൻ നിർത്താറുണ്ടായിരുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്.
നാവികസേന ഹെലികോപ്ടർ ഡ്രൈവർമാർ ഗംഗാവലി പുഴയിൽ മുങ്ങി പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായില്ല. പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്നാണ് സ്ഥിരീകരിച്ചത്. 40 ടൺ ഭാരമുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. നദിയിലേക്ക് വീണെങ്കിൽ അധികം ദൂരത്തേക്ക് ഒഴുകിപ്പോവില്ലെന്നാണ് വിദഗ്ധാഭിപ്രായം. നദിയുടെ 100 മീറ്റർ പരിസരത്ത് നാവികസേനാംഗങ്ങൾ പരിശോധന നടത്തിയിരുന്നു.
ജി.പി.എസ് ട്രാക്ക് ചെയ്ത സ്ഥലത്തെ മണ്ണ് മാറ്റി പരിശോധന ആരംഭിച്ചിട്ടുണ്ട്. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ചും പരിശോധന നടത്തും. ഇടക്കിടെ പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ലോറിയുടെ ജി.പി.എസ് ലൊക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നാണ് കുടുംബം പറയുന്നത്. നൂറംഗ എന്‍.ഡി.ആർ.എഫ് സംഘം മണ്ണ് നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം അനുസരിച്ച് കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫോണിൽ വിളിച്ച് കാര്യം അറിയിച്ചതിനെത്തുടർന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഗൗരവമായ ഇടപെടൽ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.