മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോളയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ, സുഹൃത്ത് സമീറുമായുള്ള ഫോൺ സംഭാഷണത്തിൽ പരാമർശിച്ച ‘ലക്ഷ്മണേട്ടൻ’ ഇനിയില്ല. ആ ഹോട്ടൽ നടത്തിവന്ന കെ. ലക്ഷ്മണ നായ്ക (47), ഭാര്യ ശാന്തി നായ്ക (36), ഇവരുടെ മക്കളായ റോഷൻ (11), അവന്തിക (ആറ്) എന്നിവർ ഇടിഞ്ഞുവീണ മണ്ണിനടിയിൽപെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങളാണ് സംഭവസ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തിയത്.ദേശീയപാതയിൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള വാഹന യാത്രക്കാരിൽ പലരും ഈ ഹോട്ടലിൽ കയറുമായിരുന്നു. പാതയോരത്ത് ലോറികൾ നിർത്തുന്ന ഡ്രൈവർമാരായിരുന്നു ഇതിൽ ഏറെ. താൻ ഗോകർണത്തെ ലക്ഷ്മണേട്ടന്റെ കടയുടെ അടുത്ത് ലോറി നിർത്തി ഉറങ്ങാൻ പോവുകയാണെന്ന് അർജുൻ അറിയിച്ചതായാണ് സമീർ പറഞ്ഞത്. മലയാളികളുമായി സ്ഥിരമായി ഇടപഴകിയിരുന്നതിനാൽ ലക്ഷ്മണ മലയാളം നന്നായി സംസാരിക്കും. വ്യാഴാഴ്ച പുറത്തെടുത്ത മൂന്നെണ്ണം ഉൾപ്പെടെ ഏഴ് മൃതദേഹങ്ങൾ മാത്രമാണ് ഇതിനകം കണ്ടെത്തിയത്. സംഭവശേഷം കാണാതായവർ മണ്ണിടിച്ചിലിൽ പെട്ടിരിക്കാമെന്നാണ് പ്രദേശവാസികൾ പൊലീസിനോട് പറയുന്നത്. ടൺ കണക്കിന് മണ്ണ് ഒരുമിച്ച് ഒഴുകിയെത്തി ഗംഗാവാലി നദിയിൽ തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. സമാന ഉയരത്തിൽ കരയിലും കുന്നോളം മണ്ണുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.