ബംഗളൂരു: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ വൊക്കലിഗ സ്വാമി കുമാര ചന്ദ്രശേഖരനാഥക്ക് ബംഗളൂരു പൊലീസ് സമൻസ് അയച്ചു. തിങ്കളാഴ്ച രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ബംഗളൂരു ഉപ്പാർപേട്ട് പൊലീസാണ് വിശ്വ വൊക്കലിഗ മഹാസമസ്താന മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമിക്ക് ശനിയാഴ്ച സമൻസ് അയച്ചത്.
വഖഫ് വിവാദവുമായി ബന്ധപ്പെട്ട് നവംബർ 26ന് ബംഗളൂരുവിൽ ആർ.എസ്.എസ് അനുകൂല സംഘടനയായ ഭാരതീയ കിസാൻ സംഘ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു സ്വാമിയുടെ വിവാദ പ്രസ്താവന. രാഷ്ട്രീയക്കാർ മുസ്ലിംകളെ പ്രീണിപ്പിക്കാൻ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച സ്വാമി, മുസ്ലിംകളുടെ വോട്ടവകാശം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മാത്രമേ, വോട്ടുബാങ്ക് രാഷ്ട്രീയം അവസാനിക്കുകയുള്ളൂവെന്നും രാജ്യം പുരോഗതി പ്രാപിക്കുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്താനിൽ മുസ്ലിംകളല്ലാത്തവർക്ക് വോട്ടവകാശമില്ലെന്ന തെറ്റായ വാദവും സ്വാമി ഉന്നയിച്ചു. സമാന രീതിയിൽ ഇന്ത്യയിൽ മുസ്ലിംകളുടെ വോട്ടവകാശവും എടുത്തുകളഞ്ഞാൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.വിവാദ പരാമർശത്തിൽ സ്വാമിക്കെതിരെ വെള്ളിയാഴ്ച ബംഗളൂരു ഉപ്പാർപേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സെയ്ദ് അബ്ബാസ് എന്നയാൾ നൽകിയ പരാതിയെത്തുടർന്നാണ് കേസ്. സ്വാമിയുടെ പ്രസ്താവന പ്രകോപനപരവും സാമുദായിക സൗഹാർദം തകർക്കുന്നതുമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായസംഹിതയിലെ 299ാം വകുപ്പ് പ്രകാരമാണ് കേസ്. പ്രസ്താവന വിവാദമായതോടെ സ്വാമി ഖേദ പ്രകടനം നടത്തിയിരുന്നു. തനിക്കു പറ്റിയ നാക്കു പിഴയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് അരാജകത്വമെന്ന് കുമാരസ്വാമി
ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന് കീഴിൽ അരാജകത്വമാണെന്ന രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രിയും ജെ.ഡി-എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. വൊക്കലിഗ സ്വാമിക്കെതിരായ കേസ് സംബന്ധിച്ച് പ്രതികരിക്കവെയാണ് വൊക്കലിഗ നേതാവുകൂടിയായ കുമാരസ്വാമിയുടെ പ്രതികരണം.
വൊക്കലിഗ സ്വാമിക്കെതിരെ മന്ത്രി സമീർ അഹമ്മദ് ഖാൻ നടത്തിയത് വംശീയ പരാമർശമാണെന്നും അതിനെതിരെ കേസെടുക്കാത്ത കോൺഗ്രസ് സർക്കാർ സ്വാമിക്കെതിരെ കേസെടുക്കാൻ ധിറുതി കാണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.