മംഗളൂരു: നക്സൽ നേതാവ് വിക്രം ഗൗഡ പൊലീസ് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിന്റെ നിയമസാധുത പൊതുസമൂഹം ചോദ്യം ചെയ്യരുതെന്ന് ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ പറഞ്ഞു. അനിവാര്യഘട്ടത്തിൽ ഏറ്റവും ഉചിതമായ കാര്യമാണ് നക്സൽ വിരുദ്ധ സേന ചെയ്തത്.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ല. ഈ വിഷയത്തിൽ അത്യാവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായുംആഭ്യന്തര മന്ത്രിയുമായും ചർച്ചയാവാം. കൊല്ലപ്പെട്ട വിക്രം ഗൗഡ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതിനിടെ നക്സലുകളെ മുഖ്യധാരയിൽ കൊണ്ടുവരാനുള്ള ദൗത്യവുമായി ബന്ധപ്പെട്ട സമിതി അംഗങ്ങൾ ഏറ്റുമുട്ടൽ കൊല നടന്ന വനമേഖല സന്ദർശിച്ച് ജനങ്ങളുമായി സംവദിച്ചു. പീതബയിലിലെ ദലിത് കുടുംബങ്ങളുമായി നടത്തിയ ആശയവിനിമയത്തിന് അഡ്വ. കെ.പി. ശ്രീപാൽ നേതൃത്വം നൽകി.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഈ മേഖലയിൽ വസിക്കുന്നവരെ അലട്ടുന്ന വലിയ പ്രശ്നമാണെന്ന് അറിയാൻ കഴിഞ്ഞതായി ശ്രീപാൽ പറഞ്ഞു. ഇതു സംബന്ധിച്ച് സർവേ നടത്തും. ഉന്നത ഉദ്യോഗസ്ഥർക്ക് സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു.അതേസമയം, വിക്രം ഗൗഡ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഗൗഡയുടെ താവളത്തിൽ വെടിയുണ്ട കൊണ്ട ഭാഗങ്ങൾ പ്രത്യേകം അടയാളപ്പെടുത്തി. ഈ മേഖലയിൽ ഏർപ്പെടുത്തിയ കനത്ത കാവലിനെച്ചൊല്ലി ഗ്രാമവാസികളും നക്സൽ വിരുദ്ധ -വനപാലക സേനകളും തമ്മിൽ തർക്കങ്ങൾ പതിവായി.
പീതബയിലിൽ വിക്രം ഗൗഡയുടെ അകന്ന ബന്ധുക്കളായ ജയന്ത് ഗൗഡ, സുധാകർ ഗൗഡ, നാരായണ ഗൗഡ എന്നിവർ സേനയോട് ന്യായം പറഞ്ഞു. ജയന്ത് ഗൗഡയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വിക്രം വെടിയേറ്റ് മരിച്ചത്. ബന്ധു കുടുംബങ്ങൾ കൃഷിപ്പണിക്ക് പോയ വേളയിലാണ് ഏറ്റുമുട്ടൽ കൊല നടന്നത്.ഇതേത്തുടർന്ന് സ്വന്തം സ്ഥലത്തേക്ക് പ്രവേശം നിഷേധിച്ച് സേന കൈയടക്കിയതിനെയാണ് അവർ ചോദ്യം ചെയ്തത്. ജയന്ത് ഗൗഡയുടെ വീടിനകത്തും പരിസരത്തെ തെങ്ങിലും കവുങ്ങിലും വെടിയുണ്ടയേറ്റ പാടുകൾ അന്വേഷണ സംഘം അടയാളപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.