ബംഗളൂരു: ഈ മാസം 29ന് ആരംഭിക്കുന്ന ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരിക്കാൻ നാലു മലയാള സിനിമകൾ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ, ഗണേഷ് രാജിന്റെ പൂക്കാലം, അനീഷ് അൻവറിന്റെ രാസ്ത, ഫാസിൽ റസാക്കിന്റെ തടവ് എന്നിവയാണ് മത്സരത്തിനുള്ള മലയാള സിനിമകൾ.
800 രൂപയാണ് നിരക്ക്. വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് 400 രൂപയാണ് ഫീസ്. biffes.org എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. ചാവേർ, പൂക്കാലം, രാസ്ത എന്നിവ ‘ചിത്രഭാരതി സിനിമാമത്സര’ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.തടവ് ഏഷ്യൻ സിനിമാവിഭാഗത്തിൽ പ്രദർശിപ്പിക്കും. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെയുടെ പാരഡൈസ് സമകാലീന സിനിമാവിഭാഗത്തിലും പ്രദർശിപ്പിക്കുന്നുണ്ട്.
രാജാജിനഗർ ഒറിയോ മാളിലെ പി.വി.ആർ സിനിമാസിലെ 11 സ്ക്രീനുകളിലും ചാമരാജ്പേട്ട് ഡോ. രാജ്കുമാർ ഓഡിറ്റോറിയത്തിലും ബനശങ്കരി സെക്കൻഡ് സ്റ്റേജിലെ സുചിത്ര ഫിലിം സൊസൈറ്റിയിലുമാകും സിനിമകളുടെ പ്രദർശനം. ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.
കന്നട സിനിമാവിഭാഗത്തിൽ 12 സിനിമകളും ചിത്രഭാരതി സിനിമാവിഭാഗത്തിൽ 12 സിനിമകളും ഏഷ്യൻ സിനിമാവിഭാഗത്തിൽ 12 സിനിമകളും കന്നട സിനിമാ പോപുലർ എന്റർടെയ്ൻമെന്റ് വിഭാഗത്തിൽ ഒമ്പതു സിനിമകളും സമകാലീന ലോകസിനിമാ വിഭാഗത്തിൽ 72 സിനിമകളും മറ്റു വിഭാഗങ്ങളിലായി ഇരുപതിലേറെ സിനിമകളും മത്സരിക്കും.
50 രാജ്യങ്ങളിൽനിന്നുള്ള 150ഓളം സിനിമകൾ പ്രദർശിപ്പിക്കും. 29ന് വൈകീട്ട് വിധാൻസൗധക്കു മുന്നിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. മാർച്ച് ഒന്നുമുതൽ ഏഴു വരെയാണ് പ്രതിനിധികൾക്കായുള്ള പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.