മാധ്യമങ്ങൾക്ക് നീതി ബോധം നഷ്ടമാവുന്നു -എ. സജീവൻ

ബംഗളൂരു: മാധ്യമങ്ങൾക്ക് നീതി ബോധം നഷ്ടമാവുന്നു​വെന്നും 85 ശതമാനം മാധ്യമങ്ങൾക്കും ശത്രു നിഗ്രഹം എന്ന ഒറ്റ അജണ്ടയാണുള്ളതെന്നും മാധ്യമപ്രവർത്തകൻ എ. സജീവൻ. ബാംഗ്ലൂർ സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച ‘മാധ്യമങ്ങളുടെ നൈതികതയും വർത്തമാനകാല മാധ്യമങ്ങളും’ എന്ന വിഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ താങ്ങി നിർത്തുന്ന നാലാം തൂണാണ് മാധ്യമങ്ങൾ എന്ന് മാധ്യമരംഗം അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ ബഹുഭൂരിപക്ഷം മാധ്യമങ്ങൾക്കും അങ്ങനെ അവകാശപ്പെടാനുള്ള ധാർമ്മികത ഇല്ല. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥയെയും മതേതരത്വത്തെയും അട്ടിമറിക്കുന്ന നിലപാടുകൾക്കെതിരെ സധൈര്യം നിൽക്കുമ്പോഴാണ് മാധ്യമങ്ങൾ പ്രസക്തമാകുന്നത്. ജനാധിപത്യത്തെയും മതേതരത്വത്തെയും നിലനിർത്തേണ്ട മാധ്യമങ്ങൾ ഇന്നില്ലാതായിരിക്കുന്നു. ഇന്ന് മതനിരപേക്ഷത ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോൾ മാധ്യമങ്ങൾ അത് ഗൗനിക്കുന്നില്ലെന്നും അപ്രസക്തമായ കാര്യങ്ങൾ വൈഭവീകരിച്ചു ജനശ്രദ്ധ തിരിക്കുന്നതിലാണ് അവർക്ക് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ശരിമലയിൽ കരയുന്ന കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച് വൻ നുണപ്രചരണം നടത്തുന്നതിൽ മാധ്യമങ്ങൾ മത്സരിക്കുകയായിരുന്നെന്ന് ജനശക്തി മാധ്യമ പ്രതിനിധി ഗുരുരാജ് ദേശായി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ലക്ഷ്യമാക്കി നടക്കുന്ന സുപ്രധാന സമരങ്ങൾ മാധ്യമങ്ങൾ അവഗണിക്കുന്നു. പാർലിമെന്റിലേക്ക് അതിക്രമിച്ചു കയറിയവർ മത ന്യൂനപക്ഷങ്ങളിൽ പെട്ടവരായിരുന്നുവെങ്കിൽ മാധ്യമങ്ങളും ഭരണകൂടവും അത് ഉത്സവമായി ആഘോഷിക്കുമായിരുന്നു. മാധ്യമ നൈതികത ഉയർത്തിപ്പിടിക്കുന്ന ന്യൂസ്‌ ക്ലിക്ക് പോലുള്ള മാധ്യമങ്ങൾക്ക് മേൽ കള്ള കേസുകൾ ഉണ്ടാക്കി നിഷ്‌ക്രിയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. പി. ഗീത, കെ.ആർ. കിഷോർ, അബി ഫിലിപ്പ്, പി.എച്ച്. സലാം, ഷൈജു കുന്നോത്ത് എന്നിവർ സംസാരിച്ചു. സഞ്ജയ് അലക്സ് സ്വാഗതവും പ്രമോദ് വി. നന്ദിയും പറഞ്ഞു.

Tags:    
News Summary - bangalore secular forum Google meet speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.