ബംഗളൂരു: ബെളഗാവിയിൽ ദലിത് വീട്ടമ്മയെ ഒരു സംഘം നഗ്നയാക്കി മർദിച്ച സംഭവം കോൺഗ്രസിനും കർണാടക സർക്കാറിനുമെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബി.ജെ.പി. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റശേഷം ഇടക്കിടെ ദലിതർക്കുനേരെ അതിക്രമങ്ങൾ അരങ്ങേറുന്നുവെന്ന പ്രചാരണമാണ് ബി.ജെ.പി നയിക്കുന്നത്. ദലിത് വീട്ടമ്മയെ നഗ്നയാക്കി മർദിച്ച സംഭവം ലജ്ജാകരമെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. ബി.ജെ.പിയുടെ വനിത എം.പിമാരടങ്ങുന്ന അഞ്ചംഗ വസ്തുതാന്വേഷണ സംഘത്തെ ബെളഗാവിയിൽ സംഭവസ്ഥലം സന്ദർശിക്കാനായി നിയോഗിച്ചു. എം.പിമാരായ അപരാജിത സാരംഗി, സുനിത ദുഗ്ഗൽ, ലോക്കറ്റ് ചാറ്റർജി, രഞ്ജിത കോലി, പാർട്ടി ദേശീയ സെക്രട്ടറി ആശ ലക്ര എന്നിവരെയാണ് നിയോഗിച്ചത്. ഇവർ അതിക്രമത്തിനിരയായ വീട്ടമ്മയെ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി നേതൃത്വത്തിന് കൈമാറും.
വെള്ളിയാഴ്ച പാർലമെന്റിന് പുറത്ത് കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.പിമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കർണാടകയിൽ ക്രമസമാധാന നില പൂർണമായും തകർന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പട്ടികജാതി-പട്ടിക വർഗക്കാരായ സ്ത്രീകൾക്ക് കോൺഗ്രസ് സർക്കാർ ഒരു സംരക്ഷണവും നൽകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. കർണാടക ബി.ജെ.പിയുടെ നേതൃത്വത്തിൽ ശനിയാഴ്ച സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. സംസ്ഥാന സർക്കാർ കേസിനെ ഗൗരവപൂർവം കാണുന്നില്ല. എട്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അതിജീവിതയെ ആശുപത്രിയിൽ സന്ദർശിക്കാൻപോലും മുഖ്യമന്ത്രി സിദ്ധരാമയ്യ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് ബെളഗാവി വന്ദാമുറിയിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടമ്മയുടെ മകൻ അശോക് (24), സുഹൃത്തായ പ്രിയങ്ക (18) എന്ന പെൺകുട്ടിയോടൊപ്പം ഒളിച്ചോടിപ്പോയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് മർദിക്കുകയും നഗ്നയാക്കി വൈദ്യുതി തൂണിൽ കെട്ടിയിടുകയുമായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പൊലീസ് വീട്ടമ്മയെ സ്വതന്ത്രയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത കക്കട്ടി പൊലീസ് കേസിൽ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തു. തീർത്തും മനുഷ്യത്വവിരുദ്ധമാണ് പ്രവൃത്തിയെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയെ ആഭ്യന്തരമന്ത്രി സന്ദർശിക്കുകയും ചെയ്തു.
ബെളഗാവി സംഭവം വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർണാടക ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. മഹാഭാരതത്തിൽ ദ്രൗപതിക്ക് നേരിട്ടതിനേക്കാൾ മോശമായാണ് ബെളഗാവിയിൽ വീട്ടമ്മക്ക് നേരിടേണ്ടിവന്നതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. കേസിൽ കർണാടക സർക്കാറിനെ വിമർശിച്ച കോടതി, തിങ്കളാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെട്ടിയോട് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുമ്പോൾ ബെളഗാവി പൊലീസ് കമീഷണർ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു. അതിജീവിതയുടെ അടുത്തേക്ക് മാധ്യമപ്രവർത്തകർ കാമറയുമായി ചെന്നതിനെ രൂക്ഷമായി വിമർശിച്ച കോടതി, അതിജീവിതയുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കി. അസാധാരണ കേസാണിത്. ഇതിന് തങ്ങളുടെ കൈയിൽ അസാധാരണ മരുന്നുണ്ട്. എല്ലാവർക്കും നാണക്കേടുണ്ടാക്കിയ സംഭവമാണിത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും ഇത്തരം സംഭവങ്ങൾ തുടരുകയാണ്. 21 ാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മൾ 17 ാം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണോ? അതിയായ വേദനകൊണ്ടാണ് ഇതു പറയേണ്ടിവരുന്നതെന്നും നിസ്സഹായതയാൽ വാക്കുകൾകൊണ്ട് തങ്ങൾ രോഷം പ്രകടിപ്പിക്കുകയാണെന്നും ഹൈകോടതി പറഞ്ഞു. സംഭവത്തിൽ പൊലീസിനെതിരെയും കോടതി വിമർശനമുന്നയിച്ചു.
രണ്ടര മണിക്കൂറോളം അക്രമികൾ വീട്ടമ്മയുടെ വീടിന്റെ പരിസരത്ത് അക്രമം നടത്തിയിട്ടും തടയാൻ പൊലീസിനായില്ല. പൊലീസിന് അന്വേഷണം മാത്രമല്ല; കുറ്റകൃത്യം തടയാനും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.
ബംഗളൂരു: ബെളഗാവിയിൽ അതിക്രമത്തിനിരയായ വീട്ടമ്മക്ക് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബെളഗാവി ജില്ല ചുമതലയുള്ള മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു. ജില്ല ലീഗൽ സർവിസ് അതോറിറ്റി അഞ്ചു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.